
സംരംഭകര്‍ക്ക് വിവിധ പദ്ധതികള്‍ പരിചയപ്പെടുത്തി വടക്കഞ്ചേരിയില്‍ സംരംഭകത്വ ശില്‍പശാല
വ്യവസായ വാണിജ്യ വകുപ്പിന്റെയും വടക്കഞ്ചേരി ഗ്രാമപഞ്ചായത്തിന്റെയും ആഭിമുഖ്യത്തില്‍ സംരംഭകര്‍ക്ക് വിവിധ പദ്ധതികള്‍ പരിചയപ്പെടുത്തി സംരംഭകത്വ ബോധവത്ക്കരണ ശില്‍പശാല സംഘടിപ്പിച്ചു. തൊഴിലും വരുമാനവും ഉറപ്പാക്കാന്‍ സംരംഭങ്ങള്‍ക്ക് നല്‍കിവരുന്ന പി.എം.ഇ.ജി.പി പദ്ധതി പ്രകാരം ഉത്പാദന മേഖലയില്‍ 50 ലക്ഷം വരെയും സേവന മേഖലയില്‍ 20 ലക്ഷം വരെയും വായ്പാബന്ധിതമായി സബ്‌സിഡി നല്‍കുന്നു. വ്യക്തികള്‍ക്ക് പുറമെ സ്വയം സഹായസംഘങ്ങള്‍, സഹകരണ സംഘങ്ങള്‍, ചാരിറ്റബിള്‍ ട്രസ്റ്റുകള്‍, സംഘടനകള്‍ എന്നിവയ്ക്കും അപേക്ഷിക്കാം. ഭക്ഷ്യസംസ്‌കരണ മേഖലയിലെ സംരംഭകര്‍ക്ക് പദ്ധതി ചെലവിന്റെ 35 ശതമാനം നിരക്കില്‍ ഒരു യൂണിറ്റിന് പരമാവധി 10 ലക്ഷം രൂപ വരെ വായ്പാബന്ധിത മൂലധന സബ്സിഡി നല്‍കുന്ന പദ്ധതിയാണ് പ്രധാനമന്ത്രി എഫ്.എം.ഇ പദ്ധതി. ഇത്തരത്തില്‍ സംരംഭകര്‍ക്ക് ഉപകാരപ്രദമായ വിവിധ പദ്ധതികള്‍ സംബന്ധിച്ച് ബോധവത്ക്കരണ ശില്‍പശാലയില്‍ വിശദീകരിച്ചു.
സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്കുള്ള സംരംഭകത്വ സഹായ പദ്ധതി, ഒരു കുടുംബം ഒരു സംരംഭം പദ്ധതി, നാനോ യൂണിറ്റുകള്‍ക്കുള്ള മാര്‍ജിന്‍ മണി ഗ്രാന്‍ഡ്, ആശ തുടങ്ങിയ പദ്ധതികളും സംരംഭകര്‍ക്ക് പരിചയപ്പെടുത്തി. ഇത് കൂടാതെ സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എങ്ങനെ ആരംഭിക്കാം, ഇതുമായി ബന്ധപ്പെട്ട നടപടികള്‍, ലോണ്‍, ലൈസന്‍സ് തുടങ്ങിയവ സംബന്ധിച്ച സംശയ നിവാരണവും ബോധവത്ക്കരണ ക്ലാസില്‍ നടന്നു.
വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസി സുരേഷ് ശില്‍പശാല ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വി.ജെ ഹുസനാര്‍ അധ്യക്ഷനായി. ആലത്തൂര്‍ ബ്ലോക്ക് വ്യവസായ വികസന ഓഫീസര്‍ എ. സബാന, ആലത്തൂര്‍ ബ്ലോക്ക് എഫ്.എല്‍.സി രമേഷ് വേണുഗോപാല്‍, വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് ഇ.ഡി.ഇ അബിന്‍ദാസ് എന്നിവര്‍ സംരംഭകര്‍ക്ക് ക്ലാസുകള്‍ നല്‍കി. വികസനകാര്യ ചെയര്‍പേഴ്സണ്‍ കെ.പി ശ്രീകല, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ രശ്മി ഷാജി, പഞ്ചായത്തംഗങ്ങളായ സുമിത ഷഹീര്‍, മോഹന്‍ദാസ്, ഉഷാ കുമാരി, സുമിത ജയന്‍, മനു, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സംരംഭകര്‍ ഉള്‍പ്പെടെ 75 ഓളം പേര്‍ പങ്കെടുത്തു.

പ്രാദേശീക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/Fol3oLDp5EWEojcOdychnW
