മണ്ഡല-മകരവിളക്ക് കാലത്ത് വടക്കഞ്ചേരി മംഗലം പാലത്ത് തീർത്ഥാടകരുടെ പ്രവാഹമാണ്. വൃശ്ചികം ഒന്ന് തുടങ്ങി രണ്ടര മാസക്കാലം തീർത്ഥാടകരെക്കൊണ്ട് മംഗലം പാലവും പരിസരവും നിറയും. മംഗലം പുഴയും തീർത്ഥാടകരുടെ ഇഷ്ടപ്പെട്ട നേന്ത്രക്കായ ചിപ്സിന്റെ വിപണിയുമാണ് ശബരിമല തീർത്ഥാടകരുടെ ഇടത്താവളമായി മംഗലം പാലത്തെ മാറ്റുന്നത്. മംഗലം പുഴയിലെ കുളിയും വിശ്രമവുമെല്ലാം കാരണം മിനി പമ്പ എന്നു കൂടി സ്ഥലം അറിയപ്പെട്ടു തുടങ്ങി.
കടകളുടെ മിനുക്കുപണികൾ നടത്തിയും ദീപാലങ്കാരങ്ങൾ ഒരുക്കിയും തീർത്ഥാടകരെ ആകർഷിക്കാനുള്ള എല്ലാ വഴികളും തേടുന്നു കച്ചവടക്കാർ. മംഗലം-ഗോവിന്ദാപുരം സംസ്ഥാന പാതയോരത്തും തൃശൂർ-പാലക്കാട്-വാളയാർ ദേശീയ പാതയോരത്തുമായി അമ്പതിലേറെ ചിപ്സ് കടകൾ പ്രവർത്തിക്കുന്നു. ഹോട്ടലുകളും മറ്റു കടകളും വേറെ. സീസണിൽ മാത്രം തുറക്കുന്ന കടകളും ഇവിടെ നിറഞ്ഞിട്ടുണ്ട്. ചിപ്സ് ബിസിനസ് ചില്ലറക്കാര്യമല്ല. ഒരു കടയിൽ തന്നെ ലക്ഷങ്ങളുടെ കച്ചവടം നടക്കും. ഹലുവയും തീർത്ഥാടകരുടെ ഇഷ്ട ഇനമാണ്.
ഗുണമേന്മയാണ് ചിപ്സിന്റെ പ്രത്യേകതയായി ശബരിമല തീർത്ഥാടകർ കാണുന്നത്. ചിപ്സ് ഉണ്ടാക്കുന്നതിന് നാടൻ നേന്ത്രക്കായ കൂടാതെ വയനാട്ടിൽ നിന്ന് ലോഡ് കണക്കിന് നേന്ത്രക്കായ വരുത്തുന്നു. തമിഴ്നാട് കായയും എത്തും. 24 മണിക്കൂറും ഇവിടുത്തെ കടകൾ പ്രവർത്തിക്കും. ദീപാലങ്കാരങ്ങൾ കൊണ്ട് രാത്രികൾ പ്രകാശമാനമാകും. ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് കടകളിൽ ജീവനക്കാർ ജോലി ചെയ്യുന്നത്. മംഗലം പാലത്തെ ചിപ്സ് പെരുമയ്ക്ക് ആറ് പതിറ്റാണ്ടിനപ്പുറത്തെ പഴക്കമുണ്ട്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/Egc8ACcg23sLWDlwBl2Fcx