

നീണ്ട 47വർഷത്തിനുശേഷം വീട്ടുകാർ മരിച്ചെന്നു കരുതിയ കൂമട യൂസഫ് തിരിച്ചെത്തി. ഒരു ഉൾവിളിപോലെ. 39-ാം വയസിൽ ആയിലൂർ കയറാടി ആലമ്പള്ളത്തെ വീട്ടിൽ നിന്ന് നാടുവിട്ടുപോയ കുമട യൂസഫ് (86)ആണ് ഗൃഹാതുരത്വ സ്മരണ പേറി നാട്ടിൽ തിരിച്ചെത്തിയത്. വീട്ടുകാരെ കാണാനുള്ള ദീർഘകാലത്തെ അലട്ടലിനൊടുവിൽ കഴിഞ്ഞ ദിവസമാണ് യൂസഫ് നാട്ടിലെത്തിയത്. 47 വർഷത്തെ ഇടവേളയും നാട്ടിൽ ഉണ്ടായ മാറ്റവും യൂസഫിന് ആദ്യം തിരിച്ചറിയാൻ ബുദ്ധിമുട്ടായി. നെന്മാറയിൽ എത്തിയ യൂസഫ് ബസ്റ്റാന്റും കെട്ടിടങ്ങളും കണ്ട് സ്ഥലം മാറിയതായി ആദ്യം സംശയിച്ചെങ്കിലും, ആശുപത്രി, പോലീസ് സ്റ്റേഷൻ പരിസരങ്ങളിലൂടെ നടന്നതോടെ പഴയ നാട് തിരിച്ചറിഞ്ഞു. നെന്മാറയിൽ നിന്ന് അടിപ്പെരണ്ട പൂവച്ചോട് ബസ് ഇറങ്ങി ആലംപള്ളത്തേക്ക് നടന്നെങ്കിലും റോഡിന് ഇരുവശവും വീടുകളും വർഷങ്ങൾ മുമ്പ് വീടുനിന്ന സ്ഥലത്ത് പുതിയ വീടുകളും വന്നതോടെ വീട് നിന്നിരുന്ന സ്ഥലവും കടന്ന് ഏറെ ദൂരം മുന്നോട്ടുപോയി. പരിചിത മുഖങ്ങളും പരിചയക്കാരെയും കാണാതായതോടെ പരിസരത്ത് അന്വേഷിച്ചപ്പോൾ ഇദ്ദേഹം പറയുന്ന ആൾക്കാരെ ആരെയും അവർക്ക് തിരിച്ചറിയുന്നില്ല. തിരിച്ച് ബസ്റ്റോപ്പിലേക്ക് നടക്കുന്നതിനിടെ ഒരാളോട് ചോദിച്ചപ്പോഴാണ് തൊട്ടടുത്തുള്ളത് മകളുടെ വീടാണെന്ന് മനസ്സിലായത്. താടി വളർത്തിയ യൂസഫിനെ പഴയ സുഹൃത്തുക്കൾക്കും ആദ്യം തിരിച്ചറിയാനായില്ല. മൂത്ത മകളുടെ ഭർത്താവ് സി. എം യൂസഫ് ആണ് ശബ്ദം കൊണ്ട് ആളെ തിരിച്ചറിഞ്ഞത്. വടക്കഞ്ചേരി സ്വദേശിയായ വീരാസ്വാമിയുടെ കാക്രാംകോട്ടുള്ള തോട്ടത്തിന്റെ മേൽ നോട്ടക്കാരനായിരുന്നു കൂമട യൂസഫ്. തോട്ടം ഉടമ വഴക്ക് പറഞ്ഞതിനുള്ള വിഷമത്തിലാണ് യൂസഫ് വീട് വിട്ടിറങ്ങി പോയത്. അന്ന് ഒപ്പം തോട്ടത്തിൽ ജോലി ചെയ്തിരുന്ന ചാമിയും മരണമടഞ്ഞു. ആദ്യം കോയമ്പത്തൂർ മൂന്നുദിവസം ജോലി ചെയ്തെങ്കിലും പിന്നീട് തടാകം വഴി അട്ടപ്പാടി ആനക്കട്ടിയിലും കുറച്ചുനാൾ ജോലി ചെയ്തു. പിന്നീട് അട്ടപ്പാടി മുക്കാലിയിൽ തടയണയുടെ നിർമ്മാണ ജോലിയുമായി മൂന്നുവർഷം കഴിച്ചുകൂട്ടിയ ശേഷമാണ് ഇപ്പോൾ താമസിക്കുന്ന മുക്കം, അരീക്കോട്, എത്തുന്നത്. ഇതിനിടെ വീട്ടുകാരുമായി ബന്ധപ്പെടുന്നതിനോ മറ്റോ യൂസഫ് ശ്രമിച്ചില്ല. ആദ്യം വീട് വിട്ടിറങ്ങിയ സമയത്ത് മക്കളും ബന്ധുക്കളും നാട്ടിൽ മുഴുവൻ അന്വേഷിച്ചെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ദിവസങ്ങൾക്ക് ശേഷം മരുമകൻ സി. എം. യൂസഫ് കോയമ്പത്തൂരിൽ വച്ച് കണ്ടെത്തിയെങ്കിലും വീട്ടിലേക്ക് വരാമെന്ന് സമ്മതിക്കുകയും എന്നാൽ വീട്ടിൽ എത്തുകയും ഉണ്ടായില്ല. തുടർന്നാണ് അദ്ദേഹം അട്ടപ്പാടിയിലേക്ക് ജോലി തേടി പോയത്. അട്ടപ്പാടിയിൽ നിന്ന് പോയശേഷമുള്ള 44 വർഷം യൂസഫ് നാടുമായി ബന്ധം പുലർത്താൻ തയ്യാറായില്ല. ഇതിനിടെ 27 വർഷം മുമ്പ് യൂസഫിന്റെ ഭാര്യ പാത്തുമുത്ത് മരണപ്പെട്ടു. വർഷങ്ങളായുള്ള ബന്ധുക്കളുടെ അന്വേഷണത്തിൽ ഫലം കണ്ടെത്താതായതോടെ യൂസഫ് മരണപ്പെട്ടതായി ബന്ധുക്കൾ കണക്കാക്കുകയായിരുന്നു. മൂന്നു മക്കളുള്ള യൂസഫ് നാടുവിടുന്നതിനു മുമ്പ് മൂത്ത മകളുടെ വിവാഹം കഴിഞ്ഞ ആറുമാസം മാത്രമേ ആയിട്ടുണ്ടായിരുന്നുള്ളൂ. ഇപ്പോൾ ആലംബള്ളത്തുള്ള മൂത്തമകൾ സൈനബയുടെയും മരുമകൻ സി എം യൂസഫിന്റെയും വീട്ടിലാണ് യൂസഫ് എത്തിയത്. യൂസഫ് നാട്ടിലെത്തിയ വിവരമറിഞ്ഞ് പൊള്ളാച്ചി അമരാവതിയിലുള്ള രണ്ടാമത്തെ മകൾ ബൾക്കീസും തൃശ്ശൂർ മുടിക്കോട് താമസമാക്കിയ മകൻ ഇസ്മയിലും മക്കളും പേരമക്കളും പിതാവിനെ കാണാൻ എത്തി. 86 വയസ്സുള്ള യൂസഫിന് വാർദ്ധക്യസഹജമായ ചെറിയ അസുഖങ്ങൾ മാറ്റിനിർത്തിയാൽ ആരോഗ്യവാനാണ്. കൂലിപ്പണികളും മറ്റും ചെയ്ത് മലപ്പുറം അരീക്കോട് താമസമാക്കിയ യൂസഫ് പുനർ വിവാഹവും നടത്തി ഈ വിവാഹത്തിലുള്ള രണ്ട് പെൺമക്കളെയും മലപ്പുറത്ത് തന്നെ വിവാഹം കഴിച്ചയച്ചു. ജന്മനാട്ടിൽ തിരിച്ചെത്തിയ യൂസഫ് മലപ്പുറത്തുള്ള ഭാര്യയും മക്കളുമായി ബന്ധപ്പെട്ട ഇവിടെയുള്ള ബന്ധുക്കളുമായി സൗഹൃദം പങ്കുവെച്ചു. മരിച്ചെന്നു കരുതിയ യൂസഫിനെ തിരിച്ചു കിട്ടിയ സന്തോഷത്തിലാണ് മക്കളും മരുമക്കളും ബന്ധുക്കളും. ഉറ്റവരെയും കുടുംബത്തെയും കാണണം. പിതാവും മാതാവും ഭാര്യയും അന്ത്യവിശ്രമം കൊള്ളു ന്ന പള്ളിയിലെത്തി പ്രാർത്ഥിച്ച് തിരിച്ച് അരീക്കോട് പോകാനുള്ള തയ്യാറെടുപ്പിലാണ് യൂസഫ്. ഇവിടെനിന്ന് മക്കളും ബന്ധുക്കളും ചേർന്ന് രണ്ടു ദിവസത്തിനകം തിരിച്ച് മലപ്പുറത്ത് പോകാനാണ് പരിപാടി. കയറാടി ആലംപള്ളത്തുള്ള നാട്ടുകാർക്കും യൂസഫിന്റെ 47 വർഷങ്ങൾക്ക് ശേഷമുള്ള തിരിച്ചുവരവ് കൗതുകമുണർത്തി. പലരും യൂസഫിനെ കണ്ട് പഴയ സ്മരണകളും മറ്റും പുതുക്കി. ആദ്യകാലത്ത് യൂസഫിനെ പലയിടങ്ങളിലും അന്വേഷിച്ച നാട്ടുകാർക്കും ബന്ധുക്കൾക്കും ആളെ തിരിച്ചറിഞ്ഞ് ചോദിക്കാനായി ഒരു ഫോട്ടോ പോലും കയ്യിൽ ഉണ്ടായിരുന്നില്ല. നാട്ടുകാർക്കും

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/Gdg4S38vBNb9pOmUM1trwq
