ദേശീയപാതയോരത്ത് അലങ്കാരപ്പനകളുടെ കൗതുകക്കാഴ്ചയൊരുക്കി ചെറുനിലം വീട്ടുകാർ. പന്തലാംപാടം മേരിഗിരിയിലാണ് ചെറുനിലം സയോ, ചെറുനിലം സില്‍വിൻ എന്നീ വീട്ടുകാർ ചേർന്ന് വാഹന യാത്രികർക്കായി മനോഹരകാഴ്ചയൊരുക്കിയിട്ടുള്ളത്. ഫോക്സ് ടെയില്‍ ഇനത്തില്‍പ്പെട്ട 30 പനകളാണ് ഇതെല്ലാം. പനകള്‍ക്കു നാലുവർഷം പ്രായവും 15 അടിയിലേറെ ഉയരവുമുണ്ട്.
പത്തടി അകലം ക്രമപ്പെടുത്തിയാണ് പന നട്ടിട്ടുള്ളത്. മറ്റു മരങ്ങളോ തടസങ്ങളോ ഇല്ലാത്തതിനാല്‍ ഇവിടെ നല്ല വെയിലും ലഭിക്കും. അതിനാല്‍ വളർച്ചയും നല്ല കരുത്തോടെയാണ്.
താഴെ മുന്തിയ ഇനം പുല്ലിനങ്ങളും നട്ടുപിടിപ്പിച്ച് പരിപാലിക്കുന്നുണ്ട്. തൈ ഒന്നിന് 500 രൂപ നിരക്കിലാണ് വാങ്ങി നട്ടതെന്നു സയോ പറഞ്ഞു. കേടുപിടിച്ച് ഒരു തൈ വളർച്ച മുരടിച്ചപ്പോള്‍ അതു മാറ്റി. മറ്റുള്ള തൈകളുടെ വലിപ്പമുള്ള തൈ 3000 രൂപയ്ക്ക് വാങ്ങി നട്ടാണ് നിരതെറ്റാതെ അകലം പാലിച്ചിട്ടുള്ളത്. പാതയോരത്ത് വീട്ടുകാരുടെ മേല്‍നോട്ടത്തില്‍ ഇത്രയും ചന്തത്തോടെ അലങ്കാരപ്പന വളർത്തല്‍ അപൂർവമാകും. ഇതിനാല്‍തന്നെയാണ് കഴിഞ്ഞ ദിവസം ഇതിന്‍റെ സംരക്ഷകരായ സയോയെയും മകൻ അബേറ്റോയേയും സില്‍വിനേയും എംഎല്‍എ പി.പി. സുമോദ് എത്തി അനുമോദിച്ചത്.
പൊന്തക്കാടു കയറി വാഹന യാത്രക്കാർ മാലിന്യം തള്ളിയിരുന്ന പ്രദേശമായിരുന്നു ഇവിടെ. ഇതിന് എങ്ങനെ പരിഹാരം കാണും എന്ന ഇവരുടെ ചിന്തകളാണ് ഈ സുന്ദരക്കാഴ്ചയിലേക്ക് പ്രദേശത്തെ മാറ്റിയെടുക്കാൻ കഴിഞ്ഞത്.
ആറുവരി ദേശീയപാതയിലൂടെ കടന്നുപോകുന്ന വാഹനയാത്രികർ ഈ മനോഹരകാഴ്ച കാണാതെ പോകില്ല. വേനല്‍ച്ചൂടില്‍ എവിടെയും ഉണക്കമായതിനാല്‍ യാത്രയ്ക്കിടെയുള്ള ഈ അപൂർവകാഴ്ച കുളിർമയേകുന്നതാണ്. സയോയുടെ മകൻ ഏഴാംക്ലാസുകാരൻ അബേറ്റോയ്ക്കാണ് ജലസേചന ചുമതല. രാവിലെയും വൈകുന്നേരവും ഈ ജോലി അബേറ്റോ കൃത്യമായി നിർവഹിക്കുന്നുണ്ട്. പനകളുടെ ഈ തണല്‍ കണ്ട് ഇപ്പോള്‍ വാഹനയാത്രികർ വിശ്രമിക്കാനെത്തുന്നുണ്ട്. ഇവർ വലിച്ചെറിയുന്ന മാലിന്യങ്ങള്‍ ദിവസവും നീക്കം ചെയ്ത് പ്രദേശം ക്ലീനാക്കുന്നതും അബേറ്റോയുടെ നേതൃത്വത്തിലുള്ള കുട്ടിക്കൂട്ടമാണ്. വീട്ടുകാരുടെ ഈ നന്മപ്രവൃത്തിക്കു നാട്ടുകാരുടെ പ്രോത്സാഹനവും പിന്തുണയുമുണ്ട്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/FVdWBsThL3C1b0rAU59Sge