
കുരങ്ങുകള്‍ കൂട്ടത്തോടെ വീട്ടുവളപ്പിലായതോടെ ദുരിതത്തിലായി വീട്ടുകാർ. അയിലൂർ പഞ്ചായത്തിലെ കരിങ്കുളം, പട്ടുകാട്, പാളിയമംഗലം, നൂറം, കൈതച്ചിറ, മാങ്കുറിശ്ശി, കാന്തളം തുടങ്ങിയ പ്രദേശങ്ങളിലാണ് കുരങ്ങുശല്യം രൂക്ഷമായത്.
അയിലൂർ പഞ്ചായത്തിലെ അയിലമുടി വനമേഖലകളില്‍ നിന്നാണ് കുരങ്ങുകള്‍ കൂട്ടത്തോടെ ജനവാസ മേഖലയിലെത്തുന്നത്.
വർഷങ്ങള്‍ മുൻപ് ഒരു സംഘം മാത്രം ഉണ്ടായിരുന്നത് ഇപ്പോള്‍ ഇരുപതും മുപ്പതും എണ്ണം വീതമുള്ള നിരവധി സംഘമായി വിവിധ മേഖലകളില്‍ ഒരേസമയം എത്തിത്തുടങ്ങി. ജനവാസ മേഖലയില്‍ കൂട്ടത്തോടെ എത്തുന്ന വാനര സംഘം വിളകള്‍ പറിച്ചു കളഞ്ഞും തിന്നും നശിപ്പിക്കുന്നു.
വീട്ടുമുറ്റത്ത് നിർത്തിയിടുന്ന വാഹനങ്ങളുടെ സീറ്റ്, കണ്ണാടി കവറുകള്‍ എന്നിവ കടിച്ചും മാന്തിയും നാശം ഉണ്ടാക്കുന്നു. വാഹനങ്ങള്‍ മൂടിയിടുന്ന കവറുകള്‍ വരെ കടിച്ചുകീറി നശിപ്പിക്കുന്നുണ്ട്.
വീടുകളുടെ ജനല്‍ വാതില്‍ എന്നിവ തുറന്നിട്ടാല്‍ അകത്തു കയറി ഗൃഹോപകരണങ്ങള്‍ മുതല്‍ സകലതും വലിച്ചിട്ടും വലിച്ചുവാരിയും നശിപ്പിക്കും. ഓടുമേഞ്ഞ വീടുകളുടെ ഓടിളക്കി അകത്തു കടന്നാല്‍ വീട്ടിനകം ഭക്ഷണ സാധനങ്ങളും വസ്ത്രങ്ങളും ഉള്‍പ്പെടെ വലിച്ചുവാരി യുദ്ധക്കളം ആക്കി മാറ്റുന്നു. ഉണങ്ങാൻ ഇടുന്ന വസ്ത്രങ്ങള്‍ കടിച്ചുകീറിയും വലിച്ചുവാരി അഴുക്കാക്കുകയും മരത്തിനു മുകളില്‍ കൊണ്ട് വയ്ക്കുക തുടങ്ങിയ വികൃതികളും ഒപ്പിക്കുന്നു. പകല്‍ ഏത് സമയത്തും വാനര സംഘം വീട്ടുമുറ്റത്തും പറമ്ബിലും വീടിനു മുകളിലും പ്രത്യക്ഷപ്പെടും.
മിനിറ്റുകള്‍ക്കകം വീടും പരിസരവും നാശംവരുത്തി സ്ഥലംവിടും. കൂട്ടില്‍ അടച്ച പട്ടികളെ വരെ വാനരസംഘം ഉപദ്രവിച്ചുതുടങ്ങിയതായി കരിങ്കുളത്തെ വീട്ടമ്മമാർ പരാതി പറഞ്ഞു.
വീട്ടില്‍ പട്ടിവളർത്തിയാലും കുരങ്ങുകളെ പ്രതിരോധിക്കാൻ കഴിയുന്നില്ല.
മരത്തിനു മുകളിലൂടെ വരുന്ന ജീവികളായതിനാല്‍ വേലികെട്ടി സംരക്ഷിക്കാനും കഴിയാത്ത സ്ഥിതിയാണ്.
കുരങ്ങുകള്‍ എല്ലാ ദിവസവും എത്താറില്ലെങ്കിലും വീട്ടില്‍ കുരങ്ങിനായി കാവല്‍ നില്‍ക്കേണ്ട സ്ഥിതിയാണ്. ഒന്നു രണ്ടു വർഷം മുമ്പുവരെ പടക്കം പൊട്ടിച്ചാല്‍ കുരങ്ങുകള്‍ ഓടിമറയുമായിരുന്നു.
ഇപ്പോള്‍ പടക്കവും നായകളെയും കുരങ്ങിന് പേടിയില്ലാതായി. കുരങ്ങുകളുടെ ശല്യം രൂക്ഷമായ തിരുവഴിയാട് കരിങ്കുളം മേഖലയില്‍ വീടു നിർമാണത്തിന് പ്ലോട്ടുകള്‍ തിരിച്ച ഭൂമിയും വാങ്ങാൻ ആളുകള്‍ മടിക്കുന്നതായി ഭൂ ഉടമകള്‍ പരാതി പറഞ്ഞു. വനം ഓഫീസുകളില്‍ പരാതിപ്പെട്ടാലും ഇരുപതും മുപ്പതുമുള്ള കുരങ്ങു സംഘത്തെ എങ്ങനെ നിയന്ത്രിക്കും എന്നാണ് അവരുടെ മറുചോദ്യം.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/GnVlg7PT8egFHJa8gjaWmx
