

നിർമ്മാണ പ്രവർത്തനത്തിന്റെ ഭാഗമായി റോഡിൽ കൂട്ടിയിട്ട മണ്ണ് ഗതാഗതത്തിന് തടസ്സമാകുന്നു. നെന്മാറ പൂവച്ചോട് റോഡിൽ ആലംബള്ളം ഭാഗത്താണ് റോഡിന്റെ പകുതിയോളം വരുന്ന സ്ഥലത്ത് മണ്ണ് കൂട്ടിയിട്ടത് ഗതാഗതത്തിന് തടസ്സമായത്. തളിപ്പാടം മുതൽ പൂവച്ചോട് വരെ 4 കിലോമീറ്റർ ദൂരത്താണ് നിർമ്മാണ പ്രവർത്തനം നടത്തുന്നത്. റോഡിന്റെ ഒരു വശത്ത് കുടിവെള്ള പൈപ്പ് സ്ഥാപിച്ച ഭാഗത്തെ മണ്ണു നീക്കി മെറ്റൽ പാകലും ഡ്രൈ കോൺക്രീറ്റും നടത്തുന്നതിനായി മാറ്റിയ മണ്ണാണ് ആലംബള്ളം ഭാഗത്ത് റോഡരികിൽ സംഭരിക്കുന്നത്. ഈ റോഡിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നീക്കുന്ന മണ്ണ് ഒരു സ്ഥലത്ത് സംഭരിച്ചതാണ് റോഡിന്റെ മധ്യഭാഗം വരെ ഉയരത്തിൽ മണ്ണ്കൊണ്ടുവന്നിട്ടത്. ഇതുമൂലം 100 മീറ്ററോളം ദൂരത്ത് ഒരു വാഹനം മാത്രം കടന്നു പോകാൻ കഴിയുന്ന സ്ഥിതിയായി. സ്കൂൾ ബസുകൾ , സർവീസ് ബസ്സും ഉൾപ്പെടെ നിരവധി വാഹനങ്ങൾ കടന്നുപോകുന്ന റൂട്ട് ആയതിനാൽ ഒരു വാഹനം കടന്നു പോകുന്നതുവരെ മറ്റു വാഹനങ്ങൾ മറുവശത്ത് കാത്തുനിൽക്കേണ്ട സ്ഥിതിയാകുന്നു. റോഡിന്റെ ശേഷിക്കുന്ന ഭാഗത്ത് പണിക്കായി മണ്ണു മാറ്റിയതിനാൽ മറുഭാഗത്ത് വാഹനം ഇറക്കി പോകാനുംകഴിയാത്ത സ്ഥിതിയായി. ടാർ പണി നടക്കുന്നതിന് മുമ്പായി റോഡിലേക്ക് ഇറക്കിയിട്ട് സംഭവിച്ച മണ്ണ് നീക്കി ഗതാഗത സൗകര്യം ഏർപ്പെടുത്തണമെന്ന് പ്രദേശവാസികൾ പരാതിപ്പെട്ടിട്ടും പൊതുമരാമത്തും കരാറുകാരനും നടപടി സ്വീകരിച്ചില്ല. മഴ പെയ്യുന്നതോടെ മണ്ണും ചളിയും റോഡിലേക്ക് ഒലിച്ചിറങ്ങി ഇരുചക്രവാഹന യാത്രക്കാർ ഉൾപ്പെടെ ഏറെ ബുദ്ധിമുട്ടുന്നു.


