

തകർന്നു കിടക്കുന്ന പുതുക്കോട് പഞ്ചായത്തിലെ അഞ്ചുമുറി-തച്ചനടി റോഡിന്റെ നിർമാണം ശനിയാഴ്ച തുടങ്ങുമെന്ന പ്രഖ്യാപനം നടന്നില്ല. സർവകക്ഷി യോഗ തീരുമാനം പഞ്ചായത്ത് അധികൃതർ അട്ടിമറിച്ചതായി വ്യാപാരികളും കോൺഗ്രസ് പ്രവർത്തകരും ആരോപിച്ചു. ശനിയാഴ്ച മുതൽ റോഡ് ബ്ലോക്ക് ചെയ്ത് നിർമാണം നടത്തുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ കരാറുകാരൻ അസുഖമായതിനാൽ ആശുപത്രിയിലാണെന്നും വന്നാലുടൻ പണി തുടങ്ങുമെന്നുമാണ് ബന്ധപ്പെട്ടവർ പറയുന്നത്. നാല് വർഷമായിട്ടും റോഡ് നന്നാക്കിയിട്ടില്ലെന്നും പൊടിശല്യം രൂക്ഷമാണെന്നും റോഡിൻ്റെ തകർച്ച മൂലം മിക്ക ബസുകളും വൈകുന്നേരങ്ങളിൽ അഞ്ചുമുറിയിലേക്ക് വരാതെ തച്ചനടിയിൽ നിന്നും തിരിച്ചു പോകുകയാണെന്നും നാട്ടുകാർ പറഞ്ഞു.
തകർന്നു തരിപ്പണമായ അഞ്ചുമുറി തച്ചനടി റോഡിന്റെയും, പഞ്ചായത്തിലെ മറ്റു റോഡുകളുടെയും ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പുതുക്കോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തച്ചനടി മുതൽ അഞ്ചുമുറി വരെ നടത്തിയ മനുഷ്യച്ചങ്ങലയിൽ മുസ്ലിം ലീഗ്, വെൽഫെയർ പാർട്ടി, തൃണമുൽ കോൺഗ്രസ്, വ്യാപാരികൾ, കർഷകർ, യുവാക്കൾ, വിദ്യാർഥികൾ തുടങ്ങിയവർ അണിചേർന്നിരുന്നു. തുടർന്ന് പഞ്ചായത്തിൽ കഴിഞ്ഞ ദിവസം സർവകക്ഷി യോഗം വിളിച്ചു. 20 മുതൽ പണികൾ തുടങ്ങുമെന്നും അറിയിച്ചു. എന്നാൽ നിർമാണം തുടങ്ങിയില്ല. മാർച്ച് മാസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കുമെന്നാണ് ഇപ്പോൾ അധികൃതർ പറയുന്നത്.
റോഡിലൂടെ നടന്നു പോകാൻ പോലും കഴിയാത്ത അവസ്‌ഥയാണെന്ന് പ്രദേശവാസികൾ പറഞ്ഞു. വീശിയടിക്കുന്ന പൊടി മൂലം ടൗണിലെ കടകളിലുള്ളവർ ദുരിതം പേറുന്നു. ഒരു കോടി രൂപയാണ് തച്ചനടി മുതൽ തോട്ടുപാലം വരെയുള്ള റോഡിന് അനുവദിച്ചിട്ടുള്ളതെന്നും നിർമാണം ഉടൻ തുടങ്ങിയില്ലെങ്കിൽ സമരം ശക്തമാക്കും എന്നും മുന്നറിയിപ്പ് വ്യാപാരികളും നൽകി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/F6BWj8HGzZL4wnx2Rd23Wt
