അധികൃതർ കാണണം, ഈ മാതാപിതാക്കളുടെ നിസഹായാവസ്ഥ.

Share this News

വടക്കഞ്ചേരി അധികൃതർ കാണണം, ഈ മാതാപിതാക്കളുടെ നിസഹായാവസ്ഥ. പ്രായമായ മാതാപിതാക്കളെ സംരക്ഷിക്കേണ്ട മക്കളെ തോളിലേറ്റിയും, ചോറുവാരി കൊടുത്തും പരിചരിക്കുന്ന ഈ അച്ഛന്‍റെയും, അമ്മയുടെയും സല്‍പ്രവൃത്തി മറ്റു കാരുണ്യ പ്രവൃത്തികള്‍ക്കൊന്നും സമാനമാകില്ല.വള്ളിയോട് പടിഞ്ഞാറെക്കാട് മാരാക്കുന്നിലാണ് കരളലിയിപ്പിക്കുന്ന ഈ കാഴ്ചയുള്ളത്.

എഴുപത്തിയെട്ടു വയസുള്ള വാസുവിന്‍റെയും എഴുപതിനോടടുത്ത് വയസുള്ള ദേവകിയുടെയും മക്കളാണ് ഇവർ. മകള്‍ പ്രീജക്ക് 44 വയസുണ്ട്. മകൻ സുഭാഷിന് 41 വയസും. കുരുന്നുകളെ എങ്ങനെയൊക്കെ പരിചരിക്കണം അതേ രീതിയില്‍ ഇവർക്ക് എല്ലാ കാര്യങ്ങളും ചെയ്തു കൊടുക്കണം.

ഭക്ഷണം വായില്‍വച്ചു കൊടുക്കണം, കുളിപ്പിക്കണം, ഡ്രസുകള്‍ മാറ്റണം. മലമൂത്രമെല്ലാം ഇരിക്കുന്നിടത്തു തന്നെ പോകും. ഇടക്കിടെ ഇതെല്ലാം വൃത്തിയാക്കി ഡ്രസുകള്‍ മാറ്റി കൊടുക്കണം. മകന് രാത്രി ഉറക്കമില്ല. നിരങ്ങിനീങ്ങി പലയിടത്തേക്കും പോകും.

ഇതിനാല്‍ രാത്രി ഉറക്കം കളഞ്ഞ് അച്ഛനും അമ്മയും മാറിമാറി മകനു കാവലിരിക്കും. മകള്‍ക്കും ഉറക്കം കുറവാണെങ്കിലും കിടക്കുന്നിടത്തുതന്നെ കിടക്കും. ചിലപ്പോള്‍ ഞെങ്ങി ഞെരുങ്ങി മക്കള്‍ തുടർച്ചയായി കരയും. അപ്പോള്‍ എന്തെങ്കിലും മരുന്നുകൊടുക്കും. എന്തുകൊണ്ടുണ്ടാകുന്ന അസ്വസ്ഥതയാണെന്നു ഈ മക്കള്‍ക്കും പറയാനുമാകില്ല.

പല മരുന്നുകള്‍ കൊടുക്കുമ്ബോള്‍ ഏതെങ്കിലും മരുന്ന് ഫലിക്കും. മക്കളെ പരിചരിച്ചും തോളിലേറ്റി നടന്നും അച്ഛനും അമ്മയും ഇപ്പോള്‍ നന്നേ അവശരായി. മക്കള്‍ക്ക് ഇപ്പോഴും ആധാർ കാർഡ് ശരിയാക്കി തന്നിട്ടില്ലെന്ന് അച്ഛൻ വാസുവേട്ടൻ പറഞ്ഞു.

കാർഡ് എടുക്കാൻ പലതവണ ശ്രമം നടത്തിയിട്ടും നടന്നില്ല. കാർഡെടുക്കുന്നതിന് മുന്നോടിയായി മക്കളുടെ ഫോട്ടോ എടുക്കണം. എന്നാല്‍ ബുദ്ധിവളർച്ചയില്ലാത്ത മക്കള്‍ ഫോട്ടോ എടുക്കാനായി തലപൊക്കി പിടിക്കില്ല.

മക്കളുടെ ഈ സ്ഥിതി കണ്ട് ബന്ധപ്പെട്ടവർ ഇതിനു പരിഹാരം കാണണമെന്നാണ് ഈ മാതാപിതാക്കള്‍ ആവശ്യപ്പെടുന്നത്. ആധാർ കാർഡ് ഇല്ലാത്തതിനാല്‍ റേഷൻ ആനുകൂല്യങ്ങളും കിട്ടാത്ത സ്ഥിതിയുണ്ട്. കൂലിപ്പണികള്‍ക്ക് പോയാണ് മാതാപിതാക്കള്‍ മക്കളെ സംരക്ഷിച്ചിരുന്നത്.

എന്നാല്‍ പ്രായകൂടുതലില്‍ പണികള്‍ക്കൊന്നും പോകാനാവുന്നില്ല. മക്കള്‍ കൂടുതല്‍ വളർന്നതോടെ അവരെ തനിച്ചാക്കി പണിക്കു പോകാനും കഴിയാത്ത സ്ഥിതിയായി. നിരങ്ങി നീങ്ങുന്ന മകനെ നോക്കാൻ എപ്പോഴും ആളു വേണം.

തല കല്ലിലുംതറയിലും മുള്ളിലുമെല്ലാം ഇടിച്ച്‌ സ്വയം പരിക്കേല്‍പ്പിക്കും. 44 വയസുള്ള മകള്‍ പ്രീജക്ക് എന്തെങ്കിലും കളിക്കോപ്പുകള്‍ കൈയില്‍ കൊടുത്താല്‍ അതുമായി കിടക്കും. ഇടയ്ക്ക് മകൻ പ്രീജയെ മർദിക്കും. ഇതിനാല്‍ രണ്ടുപേരെയും രണ്ടിടത്തായി നോക്കണം. വാസുവിനും ഭാര്യ ദേവകിക്കും വീടുവിട്ട് എവിടേയും പോകാനാവില്ല.

മകള്‍ പ്രീജ ആറുമാസം പ്രായം വരെ സാധാരണ കുട്ടികളെ പോലെയായിരുന്നു. പിന്നീടാണ് മകളിലെ വൈകല്യം തിരിച്ചറിഞ്ഞ് പലയിടത്തായി ചികിത്സകള്‍ നടത്തിയത്. പരിശോധനകളിലെല്ലാം തലച്ചോറിന് വളർച്ച കുറവാണെന്ന കണ്ടെത്തലുകളായിരുന്നു.

ഒടുവില്‍ ജീവിത ചെലവുകളും ചികിത്സകളും കൂട്ടിമുട്ടാതായപ്പോള്‍ ചികിത്സകളെല്ലാം നിർത്തി. മക്കള്‍ക്കായി കാവലായി ഇപ്പോള്‍ ഏതു സമയവും വാസുവും ദേവകിയും വീട്ടിലുണ്ടാകും. മക്കള്‍ക്കുള്ള വികലാംഗ പെൻഷനും വാസുവിനുള്ള വാർധക്യകാല പെൻഷനുമാണ് കുടുംബത്തിന്‍റെ വരുമാനം.കഷ്ടപ്പാടുകളും വേദനകളും നിറഞ്ഞ ജീവിതയാത്ര ഇനി എത്രകാലം എന്നൊന്നും വാസുവും ദേവകിയും ചിന്തിക്കാറില്ല.

നാലുപതിറ്റാണ്ടിലേറെ കാലം കഷ്ടപ്പാടുകളി ലൂടെ കടന്നു പോകുമ്ബോഴും വാസുവേട്ടൻ പറയുന്നു, എല്ലാം അങ്ങനെ നടന്നു പോകുമെന്ന്.
അയല്‍വാസികളും ഇവരെക്കുറിച്ച്‌ അറിയുന്നവരുമെല്ലാം ഇടക്ക് എന്തെങ്കിലും ഹായങ്ങള്‍ ചെയ്യും.
പഞ്ചായത്ത് മെംബർ സുരേഷ് സംഘടനാ പ്രവർത്തകരെ കണ്ട് അവർക്ക് ചെയ്യാവുന്ന സഹായങ്ങള്‍ എത്തിച്ചു കൊടുക്കുന്നതും കുടുംബത്തിനു വലിയ സഹായമാണ്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/EIncIvk4T0iA18XHZbnAs4

Share this News
error: Content is protected !!