വെല്ലുവിളികൾക്കിടയിൽ കര്‍ഷകര്‍ ഒന്നാംവിളക്ക് വിത്തിറക്കി തുടങ്ങിരസവള വിലവർധനവും നെല്ലിന്റെ വില ലഭിക്കാത്തതും കർഷകർക്ക് ആശങ്ക

Share this News


✍️സന്തോഷ്‌ കുന്നത്ത്

പുത്തൻ പ്രതീക്ഷയുമായി ഒന്നാംവിളക്ക് വിത്തിറക്കിതുടങ്ങി കർഷകർ.
കുംഭം, മീനമാസങ്ങളില്‍ ലഭിച്ച ഇടമഴയോടൊപ്പം മേടത്തിലും ഇടക്കിടെ മഴ ലഭിച്ചതോടെയാണ് വിത്തിറക്കിതുടങ്ങിയത്.

പാടത്ത് പതിവ് പൊടിപ്പൂട്ടുകള്‍ക്ക് കര്‍ഷകര്‍ തുടക്കം കുറിച്ചുകഴിഞ്ഞു . വിത്ത് വിതച്ച്‌ പുതുനാമ്പ് മുളപ്പിക്കാനുള്ള ശ്രമമാണ്. ഇടവപ്പാതി കനിഞ്ഞാല്‍ ചിങ്ങക്കൊയ്ത്തിന് പാകമായി കൃഷിവിപണി ഉണരും. എന്നാല്‍, അപ്രതീക്ഷിത മഴ എവിടെയെത്തുമെന്ന ആശങ്കയും ഇല്ലാതില്ല. നെല്‍കൃഷിയിലെ ഒന്നാംവിള, വിരിപ്പിന് ഒരുങ്ങിക്കഴിഞ്ഞു.ആദ്യഘട്ടത്തില്‍ ട്രാക്ടർ കൊണ്ട് ഉഴുതുമറിച്ച പാടത്ത് വിത്ത് വിതയ്ക്കുന്ന ജോലികളാണ് നടക്കുന്നത്.

രസവള വിലവർധനവും  നെല്ലിന്റെ വില ലഭിക്കാത്തതും കർഷകരെ ആശങ്കയിലാക്കുന്നുണ്ട്.
പിആര്‍എസ്
സ്വീകരിക്കാന്‍ ബാങ്കുകള്‍ തയ്യാറാകാത്തതും അടിക്കടി ഉയരുന്ന രാസവള വില വർധനവുമാണ് കർഷകരെ ആശങ്കയിലാക്കുന്നത്.

ഇത്തവണയും ഒന്നാം വിള നെല്ലിന്റെ പണം ലഭിക്കാതെ കേരളത്തിലെ നെല്‍ കര്‍ഷകര്‍ വലയുകയാണ്. നെല്ല് കൊണ്ടു പോയിട്ട്  മാസങ്ങൾ കഴിഞ്ഞെങ്കിലും
പിആര്‍എസ്
സ്വീകരിക്കാന്‍ പോലും ബാങ്കുകള്‍ തയ്യാറാകുന്നില്ല.

നെല്ലു സംഭരണത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ പതിവ് പല്ലവി തന്നെ ആവര്‍ത്തിക്കുകയാണ്.
സപ്ലൈകോ അംഗീകരിച്ച സ്വകാര്യമില്ലുകള്‍ നെല്ല് സംഭരിച്ച്‌ കൊണ്ടു പോകുകയും ചെയ്തു.
കര്‍ഷകര്‍ക്ക് ബാങ്കില്‍ നിന്ന് പണം ലഭിക്കാനുള്ള പിആര്‍എസ് (പാഡ്ഡി റെസിപ്റ്റ് ഷീറ്റ് ) സപ്ലൈകോ നല്‍കിയിട്ടുണ്ടെങ്കിലും ഇത് സ്വീകരിക്കാന്‍ ബാങ്കുകള്‍ തയ്യാറാകുന്നില്ല.

ഇതിനിടെയാണ് കേന്ദ്രസർക്കാർ സബ്സിഡി വെട്ടിക്കുറച്ചതോടെ കർഷകരെ വലച്ച്‌ രാസവള വിലയും കുതിച്ചുയരുന്നത്.

ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന പൊട്ടാഷിന്റെ വില 50 കിലോയ്ക്ക് മൂന്നുമാസത്തിനിടെ 1000ല്‍ നിന്ന് 1600 രൂപയായി ഉയർന്നു. ഇറക്കുമതി കുറച്ചതോടെ പൊട്ടാഷിന് കടുത്ത ക്ഷാമവുമായി.

വെല്ലുവിളികൾ പലതുണ്ടെങ്കിലും കൃഷിയിറക്കാതിരിക്കാൻ കർഷകർക്കാവില്ല. കടം വാങ്ങിയും മറ്റുമാണ് പലരും പണികൾ ആരംഭിച്ചിരിക്കുന്നത്.

ഇതൊക്കെയാണെങ്കിലും മഴക്കൊപ്പം മിന്നലും ഇടിയും ആധികൂട്ടുന്നുണ്ടെങ്കിലും താല്‍ക്കാലികമായുള്ള ജലക്ഷാമത്തിന് പരിഹാരമാകുമെന്നതാണ് ആശ്വാസം. 
ഇടമഴ ലഭിച്ചതോടെ പൊടിവിതക്കുള്ള പ്രാരംഭനടപടികള്‍ കർഷകർ ആരംഭിച്ചിരിക്കുന്നത്.
മണ്ണില്‍ ആവശ്യത്തിനു നനവുണ്ടെങ്കിലേ പൊടിവിത ഫലപ്രദമാകൂ.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/HDI7U8yp7Ft7thm1bAOyxF

Share this News
error: Content is protected !!