
✍️സന്തോഷ് കുന്നത്ത്
അന്താരാഷ്ട്ര കായിക മത്സരങ്ങളിൽ പങ്കെടുത്ത് ഇന്ത്യക്കായി സുവർണ്ണ മെഡലുകൾ വാരിക്കൂട്ടിയ താരങ്ങളെ കാത്തിരിക്കുന്നത് വലിയ നേട്ടങ്ങളാണ്. ലോകത്ത് ഏത് രാജ്യത്ത് നടക്കുന്ന മത്സരങ്ങളിലും പങ്കെടുക്കാനുള്ള യാത്രയേക്കുറിച്ചും താരങ്ങൾക്ക് ഒരു വേവലാതിയും ആവശ്യമില്ല.
എന്നാൽ മാസ്റ്റേഴ്സ് ഗെയിംസിൽ പങ്കെടുക്കുന്നവർക്ക് രാജ്യത്തിന് വേണ്ടി എത്ര മെഡൽ നേടിയാലും ഒരു പ്രത്യേക പരിഗണയും ലഭിക്കുന്നില്ല. 35 വയസിനു മുകളിൽ പ്രായമായവരുടെ ഗെയിംസിനാണ് ഈ ദുർഗതി. ഇവർക്കുള്ള നേട്ടം ഈ പ്രായത്തിലും സൂക്ഷിക്കുന്ന കായിക ലഹരിയുടെ തീ അണഞ്ഞിട്ടില്ല എന്ന് ലോകത്തിന് മുന്നിലും സ്വന്തം മനസ്സാക്ഷിക്ക് മുന്നിലും തെളിയിച്ചു എന്ന ആത്മനിർവൃതി മാത്രം.
മാസ്റ്റേഴ്സ് ഗെയിംസിൽ പങ്കെടുത്ത് സ്വർണ്ണ മെഡലുകൾ വാരിക്കൂട്ടിയ മുടപ്പല്ലൂർ മണലിപ്പാടം വസന്തക്ക് മെയ് 17 മുതൽ 30 വരെ തായ്വാനിലെ തായ്പെയ് സിറ്റിയിൽ നടക്കുന്ന 190 രാജ്യങ്ങൾ പങ്കെടുക്കുന്ന വേൾഡ് ഗെയിംസ് ആൻഡ് അതിറ്റിക്സ് മീറ്റിൽ മത്സരിക്കാനുള്ള അവസരമുണ്ട്. എന്നാൽ അതിനുള്ള ചിലവിനായി വേണ്ട രണ്ടു ലക്ഷത്തിനായി നെട്ടോട്ടത്തിലാണ് വസന്ത. വിവിധ ഇനങ്ങളിലായി കേരളത്തിൽ നിന്ന് മാത്രം 81 പേർ മത്സരരംഗത്തുണ്ട് എന്നറിയുമ്പോഴാണ് മാസ്റ്റേഴ്സ് മീറ്റ് ഗൗരവത്തിലെടുക്കുന്ന വലിയൊരു വിഭാഗം സ്പോർസ് പ്രേമികൾ ഇവിടെയുണ്ട് എന്നറിയുക.
ഹാൻഡ് ബോൾ, 80 മീറ്റർ ഹഡിൽസ്, 400 മീറ്റർ ഹഡിൽസ്, 400 മീറ്റർ റണ്ണിങ്, ട്രിപ്പിൾ ജമ്പ്, 110 മീറ്റർ റണ്ണിങ് എന്നിങ്ങനെ 6 ഇനങ്ങളിലാണ് വസന്തക്ക് സെലക്ഷനുള്ളത്.
2023 ൽ സൗത്ത് കൊറിയയിൽ വച്ചു നടന്ന വേൾഡ് മാസ്റ്റേഴ്സ് ഗെയിംസിൽ ലോങ്ങ് ജമ്പ്, ട്രിപ്പിൾ ജമ്പ്, 4×400 റിലെ എന്നിവയിൽ സ്വർണ്ണം നേടിയ വസന്ത ദുബായിൽ നടന്ന
ഏഷ്യൻ ഫസഫിക് മാസ്റ്റേഴ്സ് ഗെയിംസിൽ 200,400, ട്രിപ്പിൾ ജമ്പ് എന്നിവയിൽ സ്വർണ്ണ മെഡലും ലോങ്ങ് ജമ്പിൽ വെള്ളിമെഡലും നേടിയിട്ടുണ്ട്. ദേശീയ മത്സരങ്ങളിൽ നിന്ന് നേടിയ എണ്ണമറ്റ മെഡലുകളാൽ ഷോക്കേസ് നിറഞ്ഞു കവിഞ്ഞു.
കടം വാങ്ങിയും ലോണെടുത്തുമാണ് ഇതുവരെ എല്ലാ മത്സരങ്ങളിലും പങ്കെടുത്തത്. വിവിധ ബാങ്കുകളിൽ നിന്നും അയൽക്കൂട്ടം, മുറ്റത്തെ മുല്ല എന്നിങ്ങനെ നിലവിലുള്ള ലോൺ അടവുകൾക്കായി തന്നെ മാസം അര ലക്ഷം രൂപ വേണം. അടുത്ത കാലത്ത് ദുബായിൽ വർക്ക് ഷോപ്പ് മെക്കാനിക്കായി പോയ ഭർത്താവ് ശിവദാസിന്റെ വരുമാനവും, ഫിസിക്കൽ ഇൻസ്ട്രക്ടറായി ഒരു വർഷമായി മാലിയിൽ ജോലി ചെയ്യുന്ന വസന്തയുടെ വരുമാനവും ലോൺ അടവിനും കുട്ടികളുടെ പഠന ചിലവിനും തന്നെ തികയാത്ത അവസ്ഥയാണ്. മൂന്നു കുട്ടികളാണിവർക്ക്. മൂന്നു പേരും അമ്മയുടെ വഴിയിൽ തന്നെയാണ്. 9 ൽ പഠിക്കുന്ന തേജസ്, 8 ൽ പഠിക്കുന്ന ദിൽഹ, 2 ൽ പഠിക്കുന്ന ദിൽഷ യും ഗെയിംസിലും, സ്പോർട്സിലും നിരവധി നേട്ടങ്ങൾ സ്വന്തമാക്കികഴിഞ്ഞു. തേജസ് ത്രോ ബോളിൽ സ്റ്റേറ്റ് താരവും, ദിൽഹ തായ്കോണ്ടയിൽ ദേശീയ താരവുമാണ്.
ഡിഗ്രിക്ക് ശേഷം ഫിസിക്കൽ എഡ്യൂക്കേഷനിൽ ഉപരിപഠനവും പൂർത്തിയാക്കിയ വസന്ത പഠന കാലത്ത് തന്നെ ഗെയിംസിലും അത്‌ലറ്റിക്സിലും മികവ് തെളിയിച്ചിരുന്നു. വിവാഹ ശേഷം 10 വർഷം നീണ്ട ഇടവേള വന്നു. പിന്നീട് 2020 ലും 2021 ലും നടന്ന ദേശീയ മാസ്റ്റേഴ്സ് ഗെയിംസിൽ 200 മീറ്റർ റണ്ണിങ്, ലോങ്ങ് ജമ്പ്, ട്രിപ്പിൾ ജമ്പ് എന്നിവയിൽ സ്വർണ്ണം നേടിയതോടെയാണ് ഉള്ളിലെ താരത്തിന്റെ തീ അണഞ്ഞില്ല എന്ന് ബോധ്യപ്പെട്ടത്. തുടർന്നങ്ങോട്ട് ഗെയിംസിന് വേണ്ടി മാത്രമായി ജോലി എന്ന നിലയായി. ആ യാത്ര ഇവിടെയെത്തി നിൽക്കുന്നു. സമ്മാന തുക നേടാനോ ജോലി ലഭിക്കാനോ അല്ല, ഇന്ത്യൻ പതാക പുതച്ച് മെഡൽ വാങ്ങുക എന്നത് മാത്രമാണ് വസന്തയുടെ ലക്ഷ്യം. അതിനായാണ് ഇപ്പോൾ ഗെയിംസിനെ സ്നേഹിക്കുന്നവരുടെ സഹായം തേടുന്നത്. രണ്ടു ലക്ഷം ഇല്ലെങ്കിൽ യാത്ര മുടങ്ങുമെന്ന ആശങ്കയിലും പ്രതീക്ഷയോടെ കാത്തിരിക്കുകയാണീ യുവതി. ഒരു കൈ സഹായത്തിനായി.
സന്മനസ്സ് ഉള്ളവർക്ക് വസന്തയെ സഹായിക്കാനുള്ള ബാങ്ക് അക്കൗണ്ട് നമ്പറും ഡീറ്റെയിൽസും :
Vasantha. M
A/c no: 50100602970381
IFSE: HDFC 0001534
Branch :VADAKKANCHERRY
G. Pay: 9946943977
.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/KnJdNEU5a7kDUL6sShYkJS
