

കഴിഞ്ഞ ദിവസങ്ങളിൽ തുടരുന്ന കനത്ത മഴയിലും കാറ്റിലും മലയോര മേഖലയിൽ മഴക്കെടുതി രൂക്ഷം.
തെങ്ങ് കടപുഴകി വീണ് വീടിൻ്റെ മുൻഭാഗം തകർന്നു.വണ്ടാഴിയിൽ ശക്തമായ കാറ്റിൽ
തെങ്ങു കടപുഴകി വീണു വീടിൻ്റെ മുൻഭാഗം തകർന്നു. വണ്ടാഴി പാലമൊക്ക് ബാലകൃഷ്ണന്റെ വീടാണു ഭാഗികമായി തകർന്നത്. തിങ്കളാഴ്ച്ച രാത്രി എട്ടരയോടെ വീശിയടിച്ച കാറ്റിൽ വീടിനുസമീപത്തുണ്ടായിരുന്ന തെങ്ങ് കടപുഴകി വീഴുകയായിരുന്നു. വീടിൻ്റെ മുൻഭാഗത്തു ഷീറ്റ് ഇട്ട ഭാഗം പൂർണമായും തകർന്നു. അപകടം നടക്കുന്നതിന്റെ തൊട്ടുമുൻപു വരെ വീട്ടുകാർ മുൻഭാഗത്തു ണ്ടായിരുന്നു. കാറ്റു വീശുന്നതു കണ്ട് അകത്തേക്കു കയറിയതു കൊണ്ട് ആളപായം ഉണ്ടായില്ല.
കിഴക്കഞ്ചേരി മമ്പാട് റോഡരികിലെ മരം വീട്ടിലേക്ക് പൊട്ടിവീണു. ആളപായമില്ല. മമ്പാട് പൊന്മലയുടെ വീടിന്റ മുകളിലേക്കാണ് മരം പൊട്ടി വീണത്.
ബുധനാഴ്ച കാലത്ത് 7 മണിയോടെയാണ് സംഭവം. ഈ സമയത്ത് ശക്തമായ കാറ്റും മഴയും ഉണ്ടായിരുന്നു.
മുകൾ നിലയിൽ താമസവും താഴത്തെ നിലയിൽ ചായക്കച്ചവടം നടത്തുന്നയാളാണ് പൊന്മല.
ചായക്കടയിൽ ആളുകളുണ്ടായിരുന്നെങ്കിലും ആർക്കും പരിക്കില്ല.
മുൻവശത്തെ ഷീറ്റിമുകളിലായി മരം ഒടിഞ്ഞു വീഴുകയായിരുന്നു.
ചിറ്റിലഞ്ചേരിയിൽ കനത്ത കാറ്റിലും മഴയിലും മുടപ്പല്ലൂർ ഇലക്ട്രിക്കൽ സെക്‌ഷനു കീഴിൽ കനത്ത നാശം. നാല് ദിവസങ്ങളിലായി 15 എൽടി പോസ്‌റ്റുകളും രണ്ട് എച്ച്‌ടി പോസ്‌റ്റുകളുമാണ് മരങ്ങൾ വീണ് പൊട്ടിയത്. കൂടാതെ നൂറോളം ഭാഗങ്ങളിൽ മരം വീണ് വൈദ്യുത ലൈനുകളും തകർന്നിട്ടുണ്ട്. സെക്ഷനു കീഴിൽ മംഗലംഡാം മലയോര മേഖലയിലാണ് നാശം കൂടുതൽ. കീഴാല ഭാഗത്താണ് ഇന്നലെ എച്ച്‌ടി പോസ്റ്റുകൾ പൊട്ടിയത്. പോസ്റ്റുകൾ പൊട്ടിയത് പുനഃസ്ഥാപിക്കേണ്ടത് മൂലം മണിക്കൂറുകൾ പലയിടത്തും വൈദ്യുതി മുടങ്ങി.
വൈദ്യുതി വകുപ്പ് ജീവനക്കാ രുടെ കഠിനമായ പരിശ്രമത്തിൻ്റെ ഫലമായാണ് കൂടുതൽ സ്ഥല ങ്ങളിൽ വൈദ്യുതി എത്തിക്കാൻ സാധിച്ചത്. ഫീഡറുകൾ മാറ്റി കൊടുത്തും പരമാവധി വൈദ്യുതി വിതരണം മുടങ്ങാതിരിക്കാനുള്ള ശ്രമത്തിലായിരുന്നു അവർ. 6 ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
കാളാംകുളത്ത് കനത്ത കാറ്റിൽ നൂറോളം നേന്ത്രവാഴകൾ ഒടിഞ്ഞു നശിച്ചു
ശക്‌തമായ കാറ്റിൽ നൂറോളം നേന്ത്രവാഴകൾ ഒടിഞ്ഞു നശിച്ചു. വടക്കഞ്ചേരി കാളാംകുളം പുത്തൻപുര പി.ഐ.പൗലോസിൻ്റെ വാഴത്തോട്ടത്തിലെ കുല വന്ന വാഴകളാണ് ഒടിഞ്ഞു വീണത്.
അടുത്ത മാസം വിൽപനയ്ക്ക് പാകമാകുന്ന വാഴക്കുലകൾ നശിച്ചതോടെ പൗലോസും കുടുംബവും പ്രതിസന്ധിയിലായി. ചൊവ്വാഴ്ച രാവിലെ വീശിയടിച്ച ശക്‌തമായ കാറ്റിൽ ഊന്ന് നൽ കിയിരുന്ന വാഴകൾ കടപുഴകി വീഴുകയായിരുന്നു. വാഴകൾ കയർ ഉപയോഗിച്ച് വലിച്ച് കെട്ടിയിരുന്നു.
ഇതടക്കമാണ് മറിഞ്ഞുവീണത്. ലോണെടുത്താണ് പൗലോസ് വാഴ കൃഷി ചെയ്തിരുന്നത്. പകുതി സ്‌ഥലം പാട്ടത്തിന് എടുത്തിട്ടുമുണ്ട്. വടക്കഞ്ചേരി കൃഷി ഭവൻ അധികൃതരും വിഎഫ്‌പിസികെ അധികൃതരും സ്‌ഥലത്തെത്തി പരിശോധന നടത്തി.
നഷ്ടപരിഹാരം ലഭിക്കാൻ അർഹതയുണ്ടെന്നും റിപ്പോർട്ട് നൽകിയതായും കൃഷിഭവൻ അധികൃതർ പറഞ്ഞു. കാറ്റും മഴയും ശക്തമായതോടെ പ്രദേശത്തെ കർഷകർ വിളനാശം സംഭവിക്കുമോ എന്ന ഭീതിയിലാണ്.
കിഴക്കഞ്ചേരി ഒടുകിൻചോട്ടിൽ പ്ലാവ് കടപുഴകി റോഡിലേക്ക് വീണു.
ഒടുകിൻചോട്ടിൽ അനിലിന്റെ വീട്ടുമുറ്റത്തെ പ്ലാവാണ് കനത്ത മഴയിൽ ചൊവ്വാഴ്ച രാത്രിയിൽ റോഡിലേക്ക് മറിഞ്ഞു വീണത്. നാശനഷ്ടങ്ങളൊന്നും ഉണ്ടായില്ല.
സന്നദ്ധ പ്രവർത്തകരെത്തി റോഡിലെ തടസ്സം നീക്കി ഗതാഗതം പുനസ്ഥാപിച്ചു.
മഴയിൽ വീടിനുള്ളിൽ മലമ്പാമ്പും.
ഒടുകിൻചോട് മൊന്തയിൽ ജോണിയുടെ ടാർപായി കെട്ടി മറച്ച ഷെഡ്‌ഡിനുള്ളിലാണ് രാത്രിയിൽ മലമ്പാമ്പിനെ കണ്ടത്. ശബ്ദം കേട്ട് പുലർച്ചെ രണ്ട് മണിക്ക് ഉറക്കം തെളിഞ്ഞ ജോണി ടോർച്ചു തെളിച്ചപ്പോഴാണ് കാട്ടിലിനു താഴെ പാമ്പിനെ കണ്ടത്. പുറത്തിറങ്ങി ആൾക്കാരെ വിളിച്ചു കൂട്ടി പാമ്പിനെ പിടികൂടി ചക്കിലാക്കി. വിവരം അറിയിച്ചതിനെതുടർന്ന് രാവിലെ വനം വകുപ്പ് അധികൃതർ എത്തി 6 കിലോയോളം തൂക്കം വരുന്ന മലമ്പാമ്പിനെ വാർഡ് അംഗം റോയ് മാസ്റ്ററുടെ സാന്നിധ്യത്തിൽ ഏറ്റെടുത്തു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക 👇https://chat.whatsapp.com/KZzdHLiHYe8HaReDEYpc9D
