
✍️സന്തോഷ് കുന്നത്ത്
കാട്ടാന, പുലി, കടുവ, കാട്ടുപന്നി എന്നീ വന്യമൃഗങ്ങളെ കൂടാതെ കുരങ്ങ്, മയിൽ എന്നിവയെല്ലമായി കർഷകർക്ക് മലയോര മേഖലയിൽ ജീവിക്കാൻ കഴിയാത്ത അവസ്ഥയിലാണ്. ജീവൻ വേണോ, കൃഷി വേണോ…? എന്ന ആശങ്കയിൽ തൃശങ്കുവിലാണ് മലയോര ജനത.
കൃഷി തന്നെ ഉപേക്ഷിച്ചു നാട്ടിൽ നിന്ന് തന്നെ പടിയിറങ്ങേണ്ട അവസ്ഥയിലാണ് ജനങ്ങൾ.മലയോര മേഖലയിൽ കർഷക – വന്യജീവി സംഘർഷം അയവില്ലാതെ തുടരുമ്പോഴും സർക്കാർ വക കോടികളുടെ പദ്ധതികൾ ഫലം കാണുന്നില്ല.
വന്യജീവികൾ മനുഷ്യജീവിതത്തിൽ അപകടകാരമാം വിധം ഇടപെടൽ നടത്തുന്നതുമൂലമുള്ള സംഘർഷത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഗ്രാമങ്ങളിൽ മാത്രമല്ല നഗരങ്ങളിൽ പോലും വന്യ മൃഗങ്ങളുടെ അക്രമം എത്തിനിൽക്കുമ്പോൾ മനുഷ്യ ജീവനു സുരക്ഷയില്ലാതാവുകയും വന്യജീവികളുടെ ജീവന് അതീവ പ്രാധാന്യം ലഭിക്കുകയും ചെയ്യുന്നു എന്നത് കൈപ്പേറിയ യാഥാർഥ്യമാണ്.
വനാന്തരങ്ങളില്‍ സ്വൈര വിഹാരം നടത്തിയിരുന്ന പുള്ളിപ്പുലികള്‍ ഇന്ന് ജനവാസ കേന്ദ്രങ്ങളില്‍ വിലസുകയാണ്. മലയോര മേഖലകളായ മംഗലം ഡാം, കടപ്പാറ, മൂർത്തികുന്ന്,പനംകുറ്റി, കൽച്ചാടി പ്രദേശങ്ങളിൽ ഇടയ്ക്കിടെ പുലി സാന്നിധ്യം ഉണ്ടാവുന്നുണ്ട്. മംഗലം ഡാം രണ്ടാം പുഴയിൽ കടുവ പിടിച്ചതെന്ന് സംശയിക്കുന്ന നിലയിൽ മാനിന്റെ ജഡം കണ്ടതിനേതുടർന്ന് നിരീക്ഷണ കാമറ സ്ഥാപിച്ചിട്ടുണ്ട്.
കാട്ടാനകളുടെ ശല്യം വനമേഖലയില്‍ താമസിക്കുന്നവരുടെ ഉറക്കം കെടുത്തുന്നു. ശനിയാഴ്ചയും, ഇന്നലെയും കിഴക്കഞ്ചേരി
പനംകുറ്റിയില്‍ കാട്ടാന വ്യാപകമായി കൃഷി നശിപ്പിച്ചു
വാഴ, കുരുമുളക് കൊടികള്‍, റബർ തുടങ്ങിയ വിളകളാണ് കൂടുതലും നശിപ്പിച്ചത്.
കുന്നേല്‍ എസ്റ്റേറ്റിലും കൃഷിനാശമുണ്ട്. കുലച്ചവാഴ തള്ളിയിട്ട് അതിലെ പിണ്ടി മാത്രമാണ് മുമ്പൊക്കെ ആന തിന്നിരുന്നത്. എന്നാല്‍ വാഴക്കുലകളും ആന തിന്നിട്ടുണ്ടെന്ന് കർഷകർ പറയുന്നു. ഒറ്റയാനാണ് കൃഷിയിടങ്ങളില്‍ കറങ്ങുന്നത്. വിവരമറിഞ്ഞ് വനപാലകർ സ്ഥലത്ത് എത്തിയെങ്കിലും ആനയെ കാടുകയറ്റാൻ നടപടിയൊന്നും എടുത്തിട്ടില്ലെന്നാണ് കർഷകരുടെ പരാതി.ചക്ക തേടി ആനയെത്തും
ചക്ക പഴുക്കുന്നതോടെ ഇവ ഭക്ഷിക്കാൻ മണം പിടിച്ച് കാട്ടാനകള്‍ ജനവാസ മേഖലയില്‍ എത്തുന്നതാണ് ആക്രമണം കൂടുന്നതിന്റെ പ്രധാന കാരണമെന്നാണു വനംവകുപ്പിന്റെ വിലയിരുത്തല്‍. വനത്തിനോടു ചേർന്ന കൃഷി ഭൂമികളിലെ ചക്ക പഴുക്കും മുൻപ് പ്ലാവില്‍ നിന്നു നീക്കം ചെയ്യുന്നതിനുള്ള തദ്ദേശ സ്ഥാപനങ്ങള്‍ മുൻകൈ എടുക്കണമെന്നാണ് ആവശ്യം. ചക്ക പഴക്കുന്നതിനു മുൻപേ മൂല്യവർധിത ഉല്‍പന്നങ്ങള്‍ നിർമ്മിക്കുന്നതു പ്രോല്‍സാഹിപ്പിക്കണമെന്നും നിർദേശമുണ്ട്
പൈനാപ്പിള്‍, മാങ്ങ എന്നിവയുടെയും മണം പിടിച്ച് കാട്ടാനകളെത്താറുണ്ട്.
വീടുകള്‍ക്ക് അടുത്തെത്തിയാണ് ആനകളുടെ ഈ വിളയാട്ടം. ഇതുമൂലം ആനയെ പേടിച്ച് രാത്രികാലങ്ങളില്‍ വീടുകള്‍ക്ക് കാവലിരിക്കുകയാണ് നാട്ടുകാർ. പരസ്പരം പഴിപറഞ്ഞ് വനപാലകർ നടപടിയെടുക്കാതെ ഒളിച്ചുകളി നടത്തുകയാണെന്നും കർഷകർ ആരോപിക്കുന്നു.
.