
വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാത 544-ൽ തുടരുന്ന രൂക്ഷമായ ഗതാഗതക്കുരുക്കും റോഡിന്റെ ശോച്യാവസ്ഥയും കാരണം പന്നിയങ്കര ടോൾ പ്ലാസയിലെ ടോൾ പിരിവ് നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് വോയിസ് ഓഫ് വടക്കഞ്ചേരി കലാകായിക സാംസ്കാരിക കൂട്ടായ്മ കേരള ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി സമർപ്പിച്ചു. ഹൈക്കോടതി ഈ ഹർജി ഫയലിൽ സ്വീകരിച്ചു.
ദേശീയപാതയിൽ നടക്കുന്ന മേൽപ്പാലങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് നിലവിലെ ഗതാഗതക്കുരുക്കിന് പ്രധാന കാരണം. ഇത് വാഹനങ്ങൾക്ക് കേടുപാടുകളും യാത്രക്കാർക്ക് ദുരിതങ്ങളും ഉണ്ടാക്കുന്നു. ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളായ മേൽപ്പാലങ്ങൾ, സർവീസ് റോഡുകൾ, ബസ് ബേകൾ, അഴുക്കുചാലുകൾ, വഴിവിളക്കുകൾ എന്നിവ പൂർത്തിയാക്കാതെയാണ് 2022 മാർച്ചിൽ ടോൾ പിരിവ് ആരംഭിച്ചത്. റോഡ് നിർമ്മാണം പൂർത്തിയാകാതെ ടോൾ പിരിവ് തുടങ്ങിയതിൽ നേരത്തെയും വ്യാപക പ്രതിഷേധങ്ങൾ ഉയർന്നിരുന്നു.
പദ്ധതിയുടെ ആസൂത്രണത്തിലെ പാളിച്ചകളും കെടുകാര്യസ്ഥതയും അഴിമതിയും കാരണമാണ് നിലവിലെ പ്രശ്നങ്ങളെന്ന് വോയിസ് ഓഫ് വടക്കഞ്ചേരി ആരോപിക്കുന്നു. നിരന്തരം തകരാറിലാകുന്ന വടക്കഞ്ചേരി മേൽപ്പാലം ഇതിന് ഉദാഹരണമാണ്. റോഡിലെ കുഴികളും ഗതാഗതക്കുരുക്കും കാരണം ടോൾ പ്ലാസ ജീവനക്കാരും വാഹനയാത്രക്കാരും തമ്മിലുള്ള സംഘർഷങ്ങളും പതിവാണ്. സുരക്ഷിതവും സുഖകരവുമായ യാത്രയ്ക്കാണ് ടോൾ ഈടാക്കുന്നതെങ്കിലും, നിലവിലെ അവസ്ഥയിൽ ടോൾ ഈടാക്കുന്നത് അന്യായവും ജനദ്രോഹവുമാണെന്ന് സംഘടന ചൂണ്ടിക്കാട്ടുന്നു.
റോഡ് പണി പൂർത്തിയാകുന്നത് വരെ പന്നിയങ്കരയിലെ ടോൾ പിരിവ് നിർത്തിവയ്ക്കണമെന്നാണ് സംഘടനയുടെ പ്രധാന ആവശ്യം. സംഘടനയുടെ പ്രസിഡന്റ് പി. ഗംഗാധരൻ, അഭിഭാഷകൻ അഡ്വ. പി.ആർ. വെങ്കിടേഷ് മുഖേനയാണ് ഹർജി സമർപ്പിച്ചത്. പത്രസമ്മേളനത്തിൽ പി. ഗംഗാധരൻ, കെ.പി. സണ്ണി, കെ.ബാലൻ, സുരേഷ് വേലായുധൻ എന്നിവർ പങ്കെടുത്തു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക 👇https://chat.whatsapp.com/F7An5xCcR1M2nINxPmNSd2
