മലിനജലത്തെ ഫലപ്രദമായി സംസ്ക്കരിക്കാന്‍ തൃത്താല മണ്ഡലത്തിൽ ഒരുക്കിയ സോക്ക് പിറ്റ് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു

Share this News

പൊതുയിടങ്ങളെ ശുചിത്വ പൂർണ്ണമാക്കുന്ന കാര്യത്തിൽ വീട്ടുവീഴ്ചയില്ലാത്ത സമീപനമാണ് സർക്കാരിൻ്റെതെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ്, പാർലമെൻ്ററികാര്യ വകുപ്പ് മന്ത്രി എം ബി രാജേഷ്. മലിനജലത്തെ ഫലപ്രദമായി സംസ്ക്കരിക്കാന്‍ തൃത്താല മണ്ഡലത്തിൽ ഒരുക്കിയ സോക്ക് പിറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. സമൂഹത്തിൽ മാലിന്യം ഗുരുതമായ ആരോഗ്യ പ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്. അതിനാൽ വൃത്തിഹീന സാഹചര്യങ്ങളെ സൃഷ്ടിക്കുന്നത് നോക്കി നിൽക്കാൻ സർക്കാരിനാകില്ലെന്നും മന്ത്രി പറഞ്ഞു.

കച്ചവട സ്ഥാപനങ്ങളിലെ മാലിന്യങ്ങൾ വേയ്സ്റ്റ് ബിന്നിൽ ശേഖരിച്ച് ഹരിത കർമ്മസേനാംഗങ്ങൾക്ക് കൈമാറുന്നത് ഉറപ്പാക്കും. ഇത് നിരീക്ഷിക്കുന്നതിന് പ്രത്യേക സ്ക്വാഡ് രൂപീകരിക്കുമെന്നും മന്ത്രി അറിയിച്ചു. അജൈവ മാലിന്യ ശേഖരണത്തിന് ഒരുക്കിയ ബിന്നുകളിൽ മറ്റു മാലിന്യങ്ങൾ നിക്ഷേപിക്കുന്നവർക്ക് കടുത്ത പിഴ ഈടാക്കുമെന്നും മന്ത്രി പറഞ്ഞു.

മാലിന്യമുക്ത നവകേരളം പദ്ധതിയുടെ തുടർച്ചയായി തൃത്താല
മണ്ഡലത്തിലെ പൊതുസ്ഥലങ്ങളിൽ അജൈവ മാലിന്യ ശേഖരണത്തിനായി സ്ഥാപിക്കുന്ന ബിന്നുകളുടെ വിതരണോദ്ഘാടനവും മന്ത്രി നിർവഹിച്ചു. മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലായി തെരഞ്ഞെടുത്ത 75 കേന്ദ്രങ്ങളിലാണ് ബിന്നുകൾ സ്ഥാപിക്കുന്നത്

സുസ്ഥിര തൃത്താലയുടെ ഭാഗമായാണ് ദ്രവമാലിന്യ സംസ്കരണത്തിനായി കമ്മ്യൂണിറ്റി സോക്ക് പിറ്റ് പദ്ധതി ഒരുക്കിയത്. തൃത്താല ചാലിശ്ശേരി, നാഗലശ്ശേരി പഞ്ചായത്തുകളിൽ കമ്മ്യൂണിറ്റി സോക്ക് പിറ്റ് സംവിധാനം പൂർത്തീകരിച്ചു. ഓരോ വീടുകളിൽ സ്ഥലപരിമിതി ഉള്ളതിനാൽ അവിടെ സോക്ക് പിറ്റ് നിർമാണം വെല്ലുവിളിയായിരുന്നു. അതിനുള്ള പരിഹാരമാണ് കമ്മ്യൂണിറ്റി സോക്ക് പിറ്റ് നിർമാണം.

ഓരോ വ്യക്തികളുടെ വീടുകളിൽ നിന്നും മലിന ജലം ശേഖരിക്കുന്നതിനായി വീടുകളിൽ കൊട്ടത്തളം  നിർമ്മിക്കുകയും, ഖരമാലിന്യങ്ങളോ മറ്റ് തടസ്സങ്ങളോ നീക്കം ചെയ്യുന്നതിന് വേണ്ടി ഇൻസ്പെക്ഷൻ ചേമ്പറും അതാത് കൊട്ടത്തളങ്ങളോട് ചേർന്ന് നിർമ്മിക്കുകയും ചെയ്തു. തുടർന്ന് എല്ലാ വീടുകളിൽ നിന്നും പൈപ്പ് ലൈൻ മുഖാന്തിരം കണക്റ്റ് ചെയ്‌ത്‌ കോമൺ സോക്ക്പിറ്റിലേയ്ക്ക് ഗ്രേവാട്ടർ ശുദ്ധീകരിക്കുന്നതിനായി കടത്തിവിടുകയും ചെയ്യുന്നു. കോമൺ സോക്ക്‌പിറ്റിനോട് ചേർന്ന് ഒരു ഇൻസ്പെക്ഷൻ ചേമ്പറും നിർമ്മിച്ചുനൽകിയിട്ടുണ്ട്. പ്രദേശത്തെ നിശ്ചിത വീടുകളെ കമ്മ്യൂണിറ്റിയായി തിരിച്ച് അടുക്കള, കുളിമുറി എന്നിവിടങ്ങളിൽ നിന്നുള്ള മലിന ജലം കമ്മ്യൂണിറ്റി സോക്ക് പിറ്റിൽ സംസ്കരിക്കും.

സോക്ക് പിറ്റിലേക്ക് മലിനജലം ഒഴുക്കിവിടുന്നതിലൂടെ, മാലിന്യങ്ങൾ മണ്ണിലൂടെ സ്വാഭാവികമായി ഫിൽട്ടർ ചെയ്യപ്പെടും. പരിസ്ഥിതി മലിനീകരണം കുറയ്ക്കുകയും ചുറ്റുമുള്ള ശുചിത്വം നിലനിർത്തുന്നതിനും പദ്ധതി ഉപകാരപ്രദമാണ്.കൂടാതെ, മലിനജല ശേഖരണവുമായി ബന്ധപ്പെട്ട ദുർഗന്ധം ലഘൂകരിക്കാൻ സോക്ക് പിറ്റുകൾ മുഖേന കഴിയും.

മേഴത്തൂർ റീജൻസി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വി പി റെജീന അധ്യക്ഷയായി. ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ ജി വരുൺ റിപ്പോർട്ട് അവതരിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റുമാരായ പി കെ ജയ, വി വി ബാലചന്ദ്രൻ, ഷറഫുദ്ദീൻ കളത്തിൽ, ടി സുഹറ, വിജേഷ് കുട്ടൻ, പാലക്കാട് തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിൻ്റ് ഡയറക്ടർ കെ ഗോപിനാഥൻ, നവകേരളം ജില്ലാ കോർഡിനേറ്റർ പി സെയ്തലവി, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ കെ ചന്ദ്രദാസൻ തൃത്താല ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എം അമ്പിളി, ത്രിതല പഞ്ചായത്ത് അംഗങ്ങൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ, ഹരിതകർമ്മസേനാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/HWVly5Khbnq54XR0r8m7Mp?mode=ac_t


Share this News
error: Content is protected !!