പ്രകൃതിയുടെ കൗതുകമായി ഈന്തപ്പഴ കുലകള്‍പോലെ നാളികേരകുലകള്‍

Share this News

പ്രകൃതിയുടെ കൗതുകമായി ഈന്തപ്പഴ കുലകള്‍പോലെ നാളികേരകുലകള്‍

ആളെ പറ്റിക്കുന്ന പണിയാണ് ഈ തെങ്ങ് കാണിക്കുന്നത്. കുലകുലയായി നാളികേരം നിറയാൻ കൃഷിചെയ്ത തെങ്ങില്‍ ഉണ്ടാകുന്നത് കുഞ്ഞൻ നാളികേരങ്ങളുടെ കുലകള്‍. നാളികേരമാണെന്നുപോലും തോന്നുന്നില്ല. തെങ്ങില്‍ ഉണ്ടാകുന്ന കായകളായതിനാല്‍ അതിന് കുഞ്ഞുനാളികേരമെന്ന് പറയാമെന്നുമാത്രം. ഈന്തപ്പഴക്കുലകള്‍പ്പോലെ ഇടതൂർന്നാണ് കുലകളില്‍ കായ്കള്‍ ഉണ്ടാകുന്നത്. ഒരു കുലയില്‍തന്നെ ഇരുന്നൂറും ഇരുന്നൂറ്റമ്ബതുമൊക്കെ ചെറുനാളികേരങ്ങള്‍ ഉണ്ടാകും. അണക്കപ്പാറ വഴുവക്കോട് ചെറുതൊടുകയില്‍ രാജുവിന്‍റെ വീട്ടുമുറ്റത്തെ തെങ്ങാണ് ഇങ്ങനെ ആളെ പറ്റിക്കുന്നത്. തെങ്ങ് ചതിക്കില്ല എന്നൊക്കെയുള്ള പഴഞ്ചൊല്ലുകളും ഇവിടെ ശരിയാകുന്നില്ല.

ചെറുപ്രായത്തിലെ കുസൃതികളാണെന്ന് കരുതി തെങ്ങ് കായ്ച്ചു തുടങ്ങിയപ്പോള്‍ കുഞ്ഞൻ കായ്കള്‍ അത്ര ശ്രദ്ധിച്ചില്ല. പ്രായവും പക്വതയുമാകുമ്ബോള്‍ എല്ലാം ശരിയാകുമെന്ന് വീട്ടുകാരും കരുതി. എന്നാല്‍ തെങ്ങിനിപ്പോള്‍ 15 വയസായി. എന്നിട്ടും സ്വഭാവത്തില്‍ മാറ്റമില്ലെന്നാണ് രാജു പറയുന്നത്. എന്നാല്‍ മുൻവർഷങ്ങളിലേക്കാള്‍ ചെറിയ ഒരു വ്യത്യാസം കാണുന്നുണ്ടെന്ന് രാജുവിന്‍റെ ഭാര്യ ടെസി പറഞ്ഞു.

ഇടയ്ക്ക് ചില കുലകളില്‍ ഉണ്ടാകുന്നവ കുറച്ചു വലുപ്പമുള്ള നാളികേരമായി മാറുന്നുണ്ട്. കുറച്ചുകൂടി ഗൗരവമായ പരിചരണം നടത്തുന്നതോടെ നാളികേരാകൃതിയിലുള്ള ഈ ചെറുകായ്കള്‍ സാധാരണ നാളികേരമായി രൂപാന്തരപ്പെടും എന്ന പ്രതീക്ഷയിലാണ് വീട്ടുകാരുള്ളത്. ഈ തെങ്ങിൻ തൈ വന്ന വഴി ഇങ്ങനെയാണ്- പാലാ പൂവരണി പള്ളിമുറ്റത്ത് ഒരു തെങ്ങുണ്ട്.

ഇടതൂർന്ന് നാളികേര കുലകള്‍ തിങ്ങി നിറഞ്ഞുനില്‍ക്കുന്ന തെങ്ങ്. ആരും കണ്ടാല്‍ കൊതിക്കുന്ന തെങ്ങാണത്. പള്ളിയിലെ നാളികേര കുലകള്‍ മുപ്പെത്തിയപ്പോള്‍ കുറച്ചു നാളികേര കുലകള്‍ ലേലത്തിനു വച്ചു. അതിലെ ഒരു കുല രാജുവിന്‍റെ തറവാട്ടുവീട്ടുകാർ ലേലം ചെയ്ത് വാങ്ങി.

കുലയിലെ നാളികേരങ്ങളെല്ലാം മുളപ്പിച്ചു. രാജുവിന്‍റെ തറവാട്ട് വീട്ടിലും ഭാര്യവീടായ ഇടുക്കിയിലും ഈ തെങ്ങിൻതൈകള്‍ കൃഷിചെയ്തു. കായ്ക്കുന്ന പ്രായമായപ്പോള്‍ അവിടങ്ങളിലെയെല്ലാം തെങ്ങുകള്‍ കായ്ച്ച്‌ പള്ളിവളപ്പിലെ തെങ്ങുപോലെ നിറയെ നാളികേരം ഉണ്ടാകാൻ തുടങ്ങി. പക്ഷെ രാജുവിന്‍റെ വീട്ടുമുറ്റത്തെ തെങ്ങ് മാത്രമാണ് ഈ പണി പറ്റിച്ചത്.

പള്ളിത്തെങ്ങുപോലെ നിറയെ കുലകള്‍ ഇതിലും ഉണ്ടാകുന്നുണ്ട്. എന്നാല്‍ കായ്കള്‍ക്ക് വലിപ്പം വേണമെന്ന കാര്യം തെങ്ങ് മറന്നെന്നാണ് വീട്ടുകാർ തമാശയായി പറയുന്നത്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/HWVly5Khbnq54XR0r8m7Mp?mode=ac_t

Share this News
error: Content is protected !!