റസിഡൻസ് സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് കൈക്കൂലി വാങ്ങിയ പാലക്കാട് പുതുശ്ശേരി ഗ്രാമ പഞ്ചായത്ത് ക്ലർക്ക്  വിജിലൻസ് പിടിയിൽ

Share this News

പാലക്കാട് കഞ്ചിക്കോട് സ്വദേശിയായ പരാതിക്കാരന്റെ സുഹൃത്തിന് ലോൺ ലഭിക്കുന്ന ആവശ്യത്തിനായി റസിഡൻസ് സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് 2,500/- രൂപ കൈക്കൂലി വാങ്ങിയ പാലക്കാട് അകത്തേത്തറ സ്വദേശിയും, പാലക്കാട് പുതുശ്ശേരി ഗ്രാമ പഞ്ചായത്ത് ക്ലർക്കുമായ  ശ്രീജിത്ത് ഗോപിനാഥിനെ (വയസ് 39) വിജിലൻസ് പിടികൂടി.
പാലക്കാട് കഞ്ചിക്കോട് സ്വദേശിയായ പരാതിക്കാരന്റെ സുഹൃത്തും പരാതിക്കാരന്റെ ഉടമസ്ഥതയിലുള്ള  വീട്ടിൽ വാടകയ്ക്ക് താമസിക്കുകയും ചെയ്യുന്ന തിരുവനന്തപുരം സ്വദേശിയ്ക്ക് ടിപ്പർ ലോറി വാങ്ങാൻ  ലോൺ ലഭിക്കുന്നതിന് റസിഡൻസ് സർട്ടിഫിക്കറ്റ് ആവശ്യമായി വന്നു. റസിഡൻസ് സർട്ടിഫിക്കറ്റിനായി പരാതിക്കാരന്റെ സുഹൃത്ത് പുതുശ്ശേരി ഗ്രാമ പഞ്ചായത്തിൽ അക്ഷയ സെന്റർ മുഖേന അപേക്ഷ സമർപ്പിച്ചിരുന്നു. തുടർന്ന് പരാതിക്കാരൻ പുതുശ്ശേരി ഗ്രാമപഞ്ചായത്ത് ഓഫീസിൽ എത്തി അപേക്ഷയെക്കുറിച്ച് അന്വേഷിച്ചതിനെ തുടർന്ന് പഞ്ചായത്തിലെ ക്ലാർക്കായ ശ്രീജിത്ത് ഗോപിനാഥ് വീട്ടിൽ നേരിട്ട് വന്ന് പരിശോധന നടത്തുകയും, വീട് പരാതിക്കാരന്റെ അച്ഛന്റെ പേരിലായതിനാൽ കുറച്ച് കോംപ്ലിക്കേഷനുകൾ ഉണ്ടെന്നും, അച്ഛന്റെ മരണ സർട്ടിഫിക്കറ്റുമായി ഓഫീസിൽ വന്ന് കാണുവാനും പറഞ്ഞ് തിരികെ പോയി. തുടർന്ന് അച്ഛന്റെ മരണ സർട്ടിഫിക്കറ്റുമായി പഞ്ചായത്ത് ഓഫീസിൽ എത്തിയ പരാതിക്കാരൻ ക്ലർക്കായ ശ്രീജിത്ത് ഗോപിനാഥിനെ നേരിൽ കണ്ടപ്പോൾ, റസിഡൻസ് സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് 2,500/- രൂപ കൈക്കൂലിയായി നൽകണമെന്നും, പണം അക്കൗണ്ടിലൂടെ അയച്ച് നൽകണ്ടായെന്നും, നേരിട്ട് ക്യാഷായി നൽകിയാൽ മതിയെന്നും പരാതിക്കാരനോട് ആവശ്യപ്പെട്ടു. എന്നാൽ  കൈക്കൂലി നൽകി കാര്യം സാധിക്കാൻ  താല്പര്യമില്ലാതിരുന്ന പരാതിക്കാരൻ ഈ വിവരം വിജിലൻസ്   പാലക്കാട്  യൂണിറ്റ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനെ അറിയിക്കുകയും, അദ്ദേഹത്തിന്റെ നിർദ്ദേശാനുസരണം വിജിലൻസ് സംഘം കെണിയൊരുക്കി നിരീക്ഷിച്ചു വരവേ ഇന്നലെ (12.03.2026) ഉച്ചക്ക് 01.10 ന് പുതുശ്ശേരി പഞ്ചായത്ത് ഓഫീസിന് സമീപമുള്ള ചുള്ളിമട എന്ന സ്ഥലത്ത് വച്ച് പരാതിക്കാരനിൽ നിന്നും  2,500/- രൂപ കൈക്കൂലി വാങ്ങവേ പാലക്കാട് അകത്തേത്തറ സ്വദേശിയും പാലക്കാട് പുതുശ്ശേരി ഗ്രാമ പഞ്ചായത്ത് ക്ലർക്കുമായ  ശ്രീജിത്ത് ഗോപിനാഥിനെ വിജിലൻസ് സംഘം കൈയ്യോടെ പിടികൂടുകയാണുണ്ടായത്. അറസ്റ്റ് ചെയ്ത പ്രതിയെ തൃശ്ശൂർ വിജിലൻസ് കോടതിയിൽ ഹാജരാക്കും.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/CWun4SHjrMO8d8GFpTte3V


Share this News
error: Content is protected !!