മംഗലം പുഴയുടെ കാവലാൾ; പച്ചതുരുത്തുകളുടെ സംരക്ഷണം ജീവിത വൃതമാക്കി കൈതവളപ്പിൽ രാജു

Share this News

മംഗലം പുഴയുടെ കാവലാൾ; പച്ചതുരുത്തുകളുടെ സംരക്ഷണം ജീവിത വൃതമാക്കി കൈതവളപ്പിൽ രാജു

ഹരിത കേരള മിഷന്‍റെ പ്രവർത്തനങ്ങൾ തുടങ്ങുന്നതിന് മുൻപ് തന്നെ കൈതവളപ്പില്‍ രാജു പച്ചതുരുത്തുകളുടെ സംരക്ഷണം ജീവിത വൃതമാക്കിയ ആളാണ്.
മംഗലം പുഴയുടെ കാവലാളായ രാജുവാണ് പുഴയിൽ ഇന്ന് കാണുന്ന പച്ചപ്പിന് പിന്നിൽ.

പ്രകൃതിയെ പച്ചപ്പിലാക്കാൻ ഓടിനടക്കുന്ന രാജുവിന്റെ നേട്ടമാണ്
കേരളത്തില്‍ നാല് പച്ചത്തുരുത്തുകളുള്ള ഏക പഞ്ചായത്ത് എന്ന പദവി വടക്കഞ്ചേരിക്ക് ലഭിച്ചത്.പഞ്ചായത്തിനുള്ള ഈ പദവിക്കു പിന്നില്‍ പ്രവർത്തിച്ചത് രാജുവാണെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് ലിസി സുരേഷും സാക്ഷ്യപ്പെടുത്തുന്നു.

മഴക്കാലമായാല്‍ മംഗലത്തെ കൈതവളപ്പില്‍ രാജുവിന് പിന്നെ വിശ്രമമില്ല. പ്രകൃതിയെ പച്ചപ്പിലാക്കാൻ തൈ‌നടീലും പച്ചത്തുരുത്തുകളുടെ സംരക്ഷണവുമായി പകലിലെ കൂടുതല്‍ സമയവും മംഗലംപുഴയോരത്തുണ്ടാകും.

മംഗലംപുഴയുടെ തീരത്ത് മൂച്ചിത്തൊടിയില്‍ ഹരിതഗ്രാമം പദ്ധതിക്കുകൂടി അനുമതി ലഭിച്ചതോടെ അതിന്‍റെ തിരക്കുകള്‍ കൂടിയുണ്ട് രാജുവിന്.

2018ല്‍ പ്രളയമുണ്ടായപ്പോഴാണ് പുഴകളുടെ പ്രാധാന്യവും പുഴസംരക്ഷണത്തിന്‍റെ ആവശ്യകതയും ഭരണതലത്തില്‍ ഏറെ ചർച്ച ചെയ്യപ്പെട്ടത്. പുഴകളുടെ പൂർവകാല വിസ്തൃതി വീണ്ടെടുക്കണമെന്ന ചിന്തകള്‍ക്കും പിന്തുണയേറി. ഇതിന്‍റെ ഭാഗമായാണ് ഭാരതപ്പുഴ പുനർജീവന പദ്ധതി ആരംഭിച്ചത്.

ഇതോടനുബന്ധിച്ച്‌ ഭാരതപ്പുഴയുടെ കൈവഴിയായ മംഗലംപുഴ സംരക്ഷണവും പുഴയോരത്ത് മൂച്ചിതൊടിയില്‍ 35 സെന്‍റ് സ്ഥലത്ത് ആദ്യ പച്ചത്തുരുത്തിനുംതുടക്കം കുറിച്ചു. ഇല്ലി നട്ടുവളർത്തിയായിരുന്നു പുഴയോര സംരക്ഷണം ആരംഭിച്ചത്. തുടർന്നുള്ള വർഷങ്ങളില്‍ തന്നെ അതിന്‍റെ പ്രയോജനം കാണാൻ തുടങ്ങി. കാലവർഷങ്ങളില്‍ പുഴ കുത്തിയൊഴുകിയപ്പോഴും പുഴയോരത്തെ മണ്ണൊലിപ്പ് തടഞ്ഞ് ഇല്ലിക്കാടുകള്‍ സംരക്ഷണം വലയംതീർത്തു.

പിന്നെ ജില്ലാ പഞ്ചായത്ത് സാധിക്കാവുന്ന പഞ്ചായത്ത് പ്രദേശങ്ങളിലെല്ലാംപച്ചത്തുരുത്തുകള്‍ തുടങ്ങുന്നതിനുള്ള ശ്രമങ്ങള്‍ നടത്തി. മറ്റു പലയിടത്തും തുടക്കത്തിലെ ആരംഭശൂരത്വം പിന്നീടുണ്ടായില്ലെങ്കിലും വടക്കഞ്ചേരിയില്‍ രാജുവിന്‍റെ നേതൃത്വത്തില്‍ ഇന്നും ഇത്തരം പ്രവർത്തനം വളരെ സജീവമാണ്.

ജനകീയാസൂത്രണത്തിന്‍റെ പഞ്ചായത്ത് ലെവല്‍ വൈസ് ചെയർമാനും ആരോഗ്യ വകുപ്പിലെ റിട്ട. ഉദ്യോഗസ്ഥനുമായ മംഗലത്തെ അപ്പുണ്ണിനായരാണ് രാജുവിന്‍റെ കൂട്ട്. പരിസ്ഥിതി -സാമൂഹ്യരംഗത്ത് സജീവമാണ് തൊണ്ണൂറാം വയസിലും അപ്പുണ്ണിനായർ. ജൂണ്‍ അഞ്ചിന് ലോക പരിസ്ഥിതി ദിനത്തോടെയാണ് പ്രദേശങ്ങളെ പച്ചപ്പണിയിക്കുന്ന പ്രവൃത്തികളുമായി രാജു രംഗത്തുവരിക. വടക്കഞ്ചേരി പഞ്ചായത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന പരിസ്ഥിതിദിന പരിപാടികളിലെല്ലാം രാജു ഓടിയെത്തും. ഒരു കവറില്‍ ചെടികളുടെയും വൃക്ഷങ്ങളുടെയും തൈകളും വിത്തുകളും കൂടെ കരുതും.

പരിപാടികള്‍ നടക്കുന്നിടത്ത് സ്ഥലം കണ്ടെത്തി അവിടെയെല്ലാം ഫലവൃക്ഷ തൈകളും ആയുർവേദ മരുന്നു തൈകളും നടും. ഉങ്ങ്, നെല്ലി, ആര്യവേപ്പ്, പേര, ഇല്ലി തുടങ്ങി 20 ഇനം വൃക്ഷത്തൈകളാണ് പച്ചത്തുരുത്തുകളില്‍ നിറയുന്നത്. മഴക്കാലത്ത് നടുന്ന ചെടികളെ വേനലില്‍ നനയ്ക്കാനും സംരക്ഷിക്കാനും പ്രാദേശികമായുള്ള സംവിധാനങ്ങളും ഒരുക്കും.

‌ ഹരിത കേരള മിഷന്‍റെ ജില്ലാ പഞ്ചായത്ത് കിഴക്കഞ്ചേരി ഡിവിഷൻ റിസോഴ്സ് പേഴ്സണ്‍, ജൈവവൈവിധ്യ പരിപാലന സമിതി കോ -ഓർഡിനേറ്റർ എന്നിങ്ങനെ സ്ഥാനങ്ങള്‍ കൂടിയുള്ളതിനാല്‍ പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളിലെല്ലാം കെ.എം. രാജുവിന്‍റെ സാന്നിധ്യമുണ്ട്.

രാജുവിന്‍റെ വീട് നില്‍ക്കുന്ന മംഗലംപുഴയുടെ മൂച്ചിതൊടി പുഴയോരം ഇന്ന് വിവിധയിനം ചെടികളുടെ പച്ചത്തുരുത്താണ്. ഹരിതകാർഷിക ക്ലബ്ബും രാജുവിന്‍റെ നേതൃത്വത്തിലുണ്ട്. പഞ്ചായത്തിന്‍റെ ജൈവവൈവിധ്യ രജിസ്റ്ററിന്‍റെ രണ്ടാംഘട്ടം തയാറാക്കിയതും രാജു ഉള്‍പ്പെടുന്ന കമ്മിറ്റിയുടെ മേല്‍നോട്ടത്തിലായിരുന്നു.

സംസ്ഥാനത്തുതന്നെ ഹരിതകേരള മിഷന്‍റെ ശ്രദ്ധേയമായ മൂന്ന് പച്ചതുരുത്തുകളില്‍ ഒരെണ്ണമാണ് മംഗലംപുഴയോരത്തെ മൂച്ചിതൊടി. ഹരിത കേരള മിഷന്‍റെ അവാർഡ് നിർണയ സമിതി കഴിഞ്ഞ ദിവസം ഈ പച്ചത്തുരുത്തുകളില്‍ സന്ദർശനം നടത്തിയിരുന്നു. പഞ്ചായത്തിലെ മൂന്നാംവാർഡായ കണ്ണംകുളം, പത്താംവാർഡായ വള്ളിയോട് പൂക്കാട്, പതിനൊന്നാം വാർഡായ മംഗലം ആര്യൻകടവ്, പന്ത്രണ്ടാം വാർഡായ കോമാട്ടിക്കുളം എന്നിവിടങ്ങളില്‍കൂടി പുതിയ പച്ചത്തുരുത്തുകള്‍ ഉണ്ടാക്കുമെന്ന് രാജു പറഞ്ഞു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/HWVly5Khbnq54XR0r8m7Mp?mode=ac_t

Share this News
error: Content is protected !!