

മംഗലം ഡാം കടപ്പാറ മൂര്‍ത്തിക്കുന്നിലെ
ആദിവാസികള്‍ക്ക് ഇക്കുറിയും
ഓണം സമരപ്പന്തലില്‍.
വീടിനും കൃഷിഭൂമിക്കുമായി കടപ്പാറ മൂർത്തിക്കുന്നില്‍ സമരം തുടരുന്ന ആദിവാസിമൂപ്പനും കുടുംബവുമാണ് പത്താം വർഷവും ഓണം സമരപന്തലില്‍ തന്നെയാക്കിയത്.
മൂപ്പൻ വാസു, ചിന്നു, വസന്ത, ശാന്ത, മോഹൻദാസ്, ദേവനന്ദ, ദില്‍ജിത്ത്, മിഥുൻ, മിഥുല തുടങ്ങിയവർ ഒരുക്കങ്ങള്‍ക്ക് നേതൃത്വം നല്‍കി.
പഴകി ദ്രവിച്ച മേല്‍ക്കൂരയ്ക്കു താഴെ ചാണകം മെഴുകിയ സമരപന്തലില്‍ ചന്തത്തിലുളള പൂക്കളം തീർത്ത് അതിനുചുറ്റും ഇരുന്നായിരുന്നു തിരുവോണനാളില്‍ സദ്യയുണ്ടത്.
സദ്യവട്ടങ്ങളുടെ വലിയ ധാരാളിത്തമില്ലെങ്കിലും അത്യാവശ്യം വേണ്ട കറിക്കൂട്ടുകളോടെയായിരുന്നു ഓണസദ്യ.
2016 ജനുവരി 15നാണ് മൂർത്തിക്കുന്നിലെ 14.67 ഏക്കർ വരുന്ന വനഭൂമി കൈയേറി കുടിലുകളും സമരപന്തലുകളും കെട്ടി ആദിവാസി കുടുംബങ്ങള്‍ സമരം ആരംഭിച്ചത്.
കൈയേറിയ ഭൂമി സമരത്തിലുണ്ടായിരുന്ന 22 കുടുംബങ്ങള്‍ക്ക് തന്നെ പതിച്ചുനല്‍കാൻ 2017 ജൂലൈ 15ന് അന്നത്തെ ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ നടന്ന അധികാരികളുടെ യോഗം തീരുമാനമെടുത്തിരുന്നെങ്കിലും പിന്നീടതെല്ലാം മരവിപ്പിച്ചു. ഇതിനിടെ സമരത്തിലുള്ള ആദിവാസികളെ മൂർത്തിക്കുന്നില്‍ നിന്നും 30 കിലോമീറ്റർ ദൂരെ മാറി മേലാർകോട് പഞ്ചായത്തിലെ പഴുതറ കല്ലങ്കാട് സ്ഥലം കണ്ടെത്തി അവിടേക്ക് പുനഃരധിവസിപ്പിക്കാൻ പട്ടികവർഗ വികസന വകുപ്പിന്‍റെ നേതൃത്വത്തില്‍ നടപടി നടന്നു.
എന്നാല്‍ വനപ്രദേശത്തുനിന്നും ഇത്രയും ദൂരത്തേക്ക് താമസംമാറി പോകാൻ സമരത്തില്‍ ഉണ്ടായിരുന്ന മുഴുവൻ കുടുംബങ്ങളും തയ്യാറായില്ല. സമരഭൂമിയില്‍ തന്നെ 11 കുടുംബങ്ങള്‍ തുടർന്നു. ഈ കുടംബങ്ങളാണ് മൂപ്പൻ വാസുവിന്‍റെ നേതൃത്വത്തില്‍ ഭൂസമരം മുന്നോട്ട് കൊണ്ടുപോകുന്നത്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/HWVly5Khbnq54XR0r8m7Mp?mode=ac_t
