
മംഗലം ഡാം കടപ്പാറയിൽ
ഉടമസ്ഥനില്ലാത്ത റോഡ് ; ദുരിതം നാട്ടുകാർക്ക്

ഉടമസ്ഥാവകാശത്തര്‍ക്കം വിനയായപ്പോൾ ദുരിതം നാട്ടുകാർക്ക്.
തകര്‍ന്ന വെറ്റിലതോട്- കടപ്പാറ റോഡിനാണ് ഈ ദുരവസ്ഥ.
റോഡ് തങ്ങളുടേതല്ലെന്നാണ് പഞ്ചായത്തും പൊതുമരാമത്ത് വകുപ്പും പറയുന്നത്. ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളും കൈമലർത്തുന്നു. എംപി, എംഎല്‍എ ഫണ്ടുമില്ല. പ്രധാനമന്ത്രിയുടെ റോഡ് വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിർമിച്ച റോഡാണ് ഇപ്പോള്‍ അനാഥാവസ്ഥയിലുള്ളത്.
മംഗലംഡാം- കടപ്പാറ റോഡില്‍ കടമപ്പുഴ വെറ്റിലതോട്ടില്‍നിന്നും കടപ്പാറയിലേക്കുള്ള ഒന്നര കിലോമീറ്റർ വരുന്ന റോഡിന്‍റെ ഉടമസ്ഥാവകാശം സംബന്ധിച്ച തർക്കം നീളുന്നത് വർഷങ്ങളായി യാത്രക്കാർക്കു ദുരിതമാണ്.
തകർന്ന റോഡ് നന്നാക്കാൻ ആരുമില്ലാത്ത സ്ഥിതിയാണിപ്പോള്‍. നടന്നുപോകാൻപോലും കഴിയാത്തവിധം റോഡ് പൊട്ടിപ്പൊളിഞ്ഞ നിലയിലായി. രണ്ടുവർഷത്തിലേറെയായുള്ള റോഡിന്‍റെ സ്ഥിതിയാണിത്.
പൊൻകണ്ടത്തുനിന്നും കടപ്പാറയിലേക്കുള്ള റോഡാണ് അന്ന് നിർമിച്ചത്. എന്നാല്‍മംഗലംഡാമില്‍നിന്നും റോഡ് അളന്നപ്പോള്‍ കടപ്പാറയ്ക്കുമുമ്പ് കടമപ്പുഴയിലെത്തിയപ്പോള്‍ തങ്ങളുടെ റോഡിന്‍റെ ദൂരമായെന്നുപറഞ്ഞ് പൊതുമരാമത്ത് വകുപ്പ് ശേഷിച്ച റോഡ് ഏറ്റെടുക്കാൻ തയാറാകാത്തതാണ് പ്രശ്നമായത്.
13 കിലോമീറ്റർ ദൂരം വരുന്ന റോഡ് മാത്രമേ തങ്ങളുടെതായുള്ളു എന്ന നിലപാടിലാണ് പൊതുമരാമത്ത് വകുപ്പ്. ഇതേ തുടർന്ന് റോഡിന്‍റെ അറ്റകുറ്റപ്പണികളും അവതാളത്തിലായി.
പ്രധാനമന്ത്രിയുടെ റോഡ് വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിർമിച്ച റോഡ് നിശ്ചിത കാലാവധി കഴിഞ്ഞാല്‍ പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് അറ്റകുറ്റപണികളും ആവശ്യമാണെങ്കില്‍ റീടാറിംഗ് വർക്കുകളും നടത്തണമെന്നാണ് വ്യവസ്ഥ.
ആദിവാസി ഉന്നതികളുള്ള കടപ്പാറ മൂർത്തിക്കുന്ന്, തളികക്കല്ല് മറ്റു ജനവാസ മേഖലകളായ പോത്തംതോട്, മേമല ,കുഞ്ചിയാർപ്പതി, കടപ്പാറ ദേവാലയം, ക്ഷേത്രം തുടങ്ങിയ പ്രദേശങ്ങളിലേക്കുള്ള ഏക യാത്രാമാർഗമാണിത്.
റോഡ് പൂർണമായും തകർന്ന നിലയിലാണ്. ഇതിനാല്‍ ബസ് ഓടിക്കാനും ഏറെ ബുദ്ധിമുട്ടാണെന്നു ജീവനക്കാരും പറയുന്നു.
റോഡ് ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പിന് കത്തുനല്‍കിയിട്ടുണ്ടെന്നും സാങ്കേതികത്വം പറഞ്ഞ് ജനങ്ങളെ ബുദ്ധിമുട്ടിക്കരുതെന്നും നിർദേശം നല്‍കിയിട്ടുണ്ടെന്ന് വണ്ടാഴി പഞ്ചായത്ത് പ്രസിഡന്‍റ് കെ.എല്‍. രമേഷ് പറഞ്ഞു.
എന്നാല്‍ റോഡ് ഗതാഗതോഗ്യമാക്കുന്ന കാര്യത്തില്‍ പഞ്ചായത്ത് മതിയായ താത്പര്യം കാണിക്കുന്നില്ല എന്ന പരാതി നാട്ടുകാർക്ക് ശക്തമായുണ്ട്. കാട്ടുപോത്തും കടുവയും ആനയും പുലിയുമൊക്കെ വരുന്ന പ്രദേശത്താണ് റോഡ് തകർന്നുകിടക്കുന്നത്.
ഏതെങ്കിലും വന്യമൃഗം മുന്നില്‍ വന്നുപെട്ടാല്‍ പെട്ടെന്ന് വാഹനം ഓടിച്ചുപോകാനും റോഡ് തകർച്ചമൂലം കഴിയാത്ത സ്ഥിതിയാണ്.
.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/HWVly5Khbnq54XR0r8m7Mp?mode=ac_t
