
ദേശീയപാത 544-ൽ അഞ്ചുമൂർത്തിമംഗലം കൊല്ലത്തറ ബസ്‌സ്റ്റോപ്പിൽ അപകടങ്ങൾ ആവർത്തിക്കുമ്പോഴും സുരക്ഷാ ക്രമീകരണങ്ങളൊരുക്കൽ കടലാസിലൊതുങ്ങുന്നു.തിങ്കളാഴ്ചരാത്രി റോഡ് കടക്കുന്നതിനിടെ കാറിടിച്ച് സുഹൃത്തുക്കളായ രണ്ടുയുവാക്കൾ മരിച്ചതാണ് ഒടുവിലത്തെ സംഭവം. ഫെയർസ്റ്റേജ് ബസ്‌സ്റ്റോപ്പാണെങ്കിലും ഒരു തെരുവുവിളക്കുപോലും ഇവിടെയില്ല.
2022-ൽ കൊല്ലത്തറ ബസ്‌സ്റ്റോപ്പിനുസമീപം ടൂറിസ്റ്റ് ബസ് കെഎസ്ആർടിസി ബസിനു പിന്നിലിടിച്ച് ഒൻതുപേർ മരിച്ചിരുന്നു. അപകടത്തിന് ഒരു കാരണം വെളിച്ചക്കുറവാണെന്ന്
മോട്ടോർവാഹനവകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം റിപ്പോർട്ട് ചെയ്തിരുന്നു. ജില്ലാ റോഡ് സുരക്ഷാ കൗൺസലിന്റെ യോഗങ്ങളിൽ കൊല്ലത്തറയിൽ മതിയായ വെളിച്ചം ഒരുക്കണമെന്ന് ദേശീയപാതാ അതോറിറ്റിയോട് ആവശ്യപ്പെട്ടെങ്കിലും ഒരുനടപടിയും ഉണ്ടായില്ല.
ബസ് സ്റ്റോപ്പാണെന്ന സൂചനയില്ല കൊല്ലത്തറ ബസ്‌സ്റ്റോപ്പ് ദേശീയപാതാ അതോറിറ്റിയുടെ പട്ടികയിലെ അംഗീകൃത ബസ് സ്റ്റോപ്പാണെങ്കിലും ഇതിനനുസരിച്ചുള്ള ഒരു ക്രമീകരണവും ഇവിടെയില്ല. ബസ് നിർത്തുന്നതിനായി പ്രത്യേകമായി സ്ഥലമൊരുക്കി (ബസ് ബേ) ബസ് കാത്തിരിപ്പ് കേന്ദ്രവും ദേശീയപാതാ അതോറിറ്റി നിർമിക്കേണ്ടതാണ്. ബസ് ബേയോ ബസ് കാത്തിരിപ്പുകേന്ദ്രമോ കൊല്ലത്തറയിലില്ല. ഒരു സീബ്ര ക്രോസിങ്പോലും ഇവിടെ വരച്ചിട്ടില്ല. സൂചനാബോർഡും ഇല്ല. സർവീസ് റോഡ് നിർമിക്കണമെന്ന ആവശ്യവും പരിഗണിക്കപ്പെട്ടിട്ടില്ല. പുതിയ ജോലികൾ ചെയ്യുന്നതിന് സാങ്കേതികമായ കാര്യങ്ങളേറെയുണ്ടെങ്കിലും പരിശോധിക്കാമെന്നും മാത്രമാണ് ദേശീയപാതാ അതോറിറ്റിയുടെ മറുപടി.
ബസ്‌സ്റ്റോപ്പിൽ നാലുവരിപ്പാതയ്ക്കിടയിലെ ഡിവൈഡറിലുള്ള ചെടികൾ റോഡുമുറിച്ച് കടക്കുന്നയാളുടെ കാഴ്ച മറയ്ക്കുന്നുണ്ട്. ചെടികൾ ഉയരത്തിൽ വളരാനനുവദിക്കാതെ വെട്ടി ഒതുക്കിനിർത്തേണ്ടതാണെങ്കിലും ചെയ്തിട്ടില്ല. ഇതിനുപുറമേ കൊല്ലത്തറയിൽ ഇരുദിശകളിലേക്കുമുള്ള ഭാഗങ്ങളിൽ വളവായതിനാൽ പെട്ടെന്ന് വാഹനം ശ്രദ്ധയിൽപ്പെടില്ല.
വടക്കഞ്ചേരി പോലീസ് സ്‌റ്റേഷൻ പരിധിയിൽ 2024-ൽ ഉണ്ടായ 26 അപകടങ്ങളിൽ 17 -ഉം ദേശീയപാതയിലാണ്. ഇതിൽ നാലെണ്ണം മംഗലംഭാഗത്താണുണ്ടായത്. നാല് അപകടങ്ങളിൽ നാലുപേർ മരിക്കുകയും ചെയ്തിരുന്നു.
വാർത്തകൾ അതിവേഗം whatsapp ചാനലിൽ ലഭിക്കുന്നതിന് follow ചെയ്യുക👇
https://whatsapp.com/channel/0029VagDclc9WtCB7Vgw9w3D
