
നാലര പതിറ്റാണ്ടിന് ശേഷം തലശ്ശേരി ഗവ. ബ്രണ്ണൻ ട്രെയിനിംഗ് കോളേജ് വിദ്യാർത്ഥികൾ ഒത്തുചേർന്നു
തലശ്ശേരി ഗവ. ബ്രണ്ണൻ ട്രെയിനിംഗ് കോളേജിലെ 1979–80 ബാച്ചിൽ ബി.എഡ്. വിദ്യാർത്ഥികളായിരുന്നവർ നാലര പതിറ്റാണ്ടിന് ശേഷം വീണ്ടും കലാലയത്തെ തേടിയെത്തി.
അദ്ധ്യാപനത്തിന്റെ വിവിധ മേഖലകളിൽ ഉന്നത സ്ഥാനം അലങ്കരിച്ചവരും അധ്യാപക പരിശീലനം നേടിയ ശേഷം മറ്റു മേഖലകളിലേക്ക് ചേക്കേറി വിജയം കൈവരിച്ചവരുമായ സഹപാഠികളാണ് കോളേജ് അങ്കണതിൽ “സ്മൃതി മധുരം” എന്ന പേരിൽ ഒത്തുചേർന്നത്.
കോഴ്സ് കഴിഞ്ഞ ശേഷം ആദ്യമായി കണ്ടുമുട്ടുന്നവരും ഉണ്ടായിരുന്നു കൂട്ടത്തിൽ. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അൻപതിലധികം പേർ സംഗമത്തിൽ പങ്കെടുത്തു.
കോളേജ് പ്രിൻസിപ്പൽ ഡോ.ഐസക് പോൾ ഉദ്ഘാടനം ചെയ്തു.പൂർവ്വ വിദ്യാർത്ഥി അസോസിയേഷൻ ട്രഷറർ ഡോ.ബിനീഷ് ജോൺ ആധ്യക്ഷത വഹിച്ചു.കോളേജ് ലൈബ്രറി വികസനത്തിനായി വിദ്യാർഥികൾ സമാഹരിച്ച 20,000 രൂപ പ്രിൻസിപ്പലിനെ ഏല്പിച്ചു.
അകാലത്തിൽ വിട്ടുപിരിഞ്ഞ തൃശ്ശൂർ ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറായിരുന്ന മണ്ണുത്തി സ്വദേശി പി.കെ.വള്ളിയമ്മ ടീച്ചർ ഉൾപ്പെടെയുള്ള വിദ്യാർത്ഥികളെ അനുസ്മരിച്ചു.
നിലവിലെ ബി.എഡ് വിദ്യാർത്ഥികളുമായുള്ള സെമിനാറിൽ ചൊക്ലി രാമവിലാസം സ്കൂൾ റിട്ട. പ്രിൻസിപ്പലും അദ്ധ്യാപക അവാർഡ് ജേതാവുമായ എം.ഹരീന്ദ്രൻ,പ്രൊഫ. സവിത,കെ.പി.ശിവദാസൻ എന്നിവർ പങ്കെടുത്തു.

സംഗമത്തിനോടനുബന്ധിച്ച് ഡയറക്ടറി പ്രകാശനം ചെയ്തു.
മണ്ണുത്തി സ്വദേശിയും പട്ടിക്കാട് ഗവ.ഹൈസ്കൂൾ അദ്ധ്യാപകനായിരുന്ന റിട്ട. ഹെഡ്മാസ്റ്റർ എ.വി.ചാത്തുകുട്ടി മാസ്റ്റർ, റിട്ട.ഡെപ്യൂട്ടി ഡയറക്ടർ സി.പി. അലിയാർ,റിട്ട.ഡി.ഇ.ഒ. കെ വേലായുധൻ,എ.പി. ഇബ്രാഹിം,കോളേജ് യൂണിയൻ ചെയർമാൻ എൻ.അഭിജിത്ത്,പ്രൊ. പി.ആർ.രമണി എന്നിവർ സംബന്ധിച്ചു.
വാർത്തകൾ അതിവേഗം whatsapp ചാനലിൽ ലഭിക്കുന്നതിന് follow ചെയ്യുക👇
https://whatsapp.com/channel/0029VagDclc9WtCB7Vgw9w3D
