

ദേശീയ പാതയിൽ വടക്കഞ്ചേരി മംഗലം പാലം മുതൽ റോയൽ ജങ്ഷൻ വരേയുള്ള തൃശ്ശൂർ ഭാഗത്തേക്കുള്ള റോഡിൽ സ്ഥിരമായി പശുക്കളെ മേയാൻ വിടുന്നത് വലിയ അപകടം ക്ഷണിച്ചു വരുത്തുമെന്ന ആശങ്ക ശക്തമാകുന്നു. മംഗലം ഭാഗത്തുള്ള ഒരു സ്വകാര്യ വ്യക്തിയുടെ രണ്ടു പശുക്കളേയാണ് സ്ഥിരമായി ദേശീയ പാതയിലേക്ക് അഴിച്ചു വിടുന്നത്.
രാവിലെ തന്നെ മംഗലം പാലം ഭാഗത്തുനിന്നും ദേശീയ പാതയിലേക്ക് പശുക്കളെ അഴിച്ചു വിടുകയാണ് പതിവ്. പാതയുടെ മധ്യ ഭാഗത്ത് പൂ ചെടികൾക്കിടയിൽ വളർന്നുനിൽക്കുന്ന പുല്ല് തിന്നാനാണ് ഇവറ്റയെ ദേശീയ പാതയിലേക്ക് കയറ്റി വിടുന്നത്.
നാൽക്കാലികളാണ്, ഇവറ്റകൾക്ക് വൺ വേയോ, സ്പീഡ് ട്രാക്കോ തിരിച്ചറിയില്ല. ദേശീയ പാതയിൽ ഇരു വശങ്ങളിലും ഡിവൈഡറുകളും ഇരുമ്പ് ബാരിക്കെഡുകളും ഉള്ളതിനാൽ പശുക്കൾക്ക് മംഗലത്തു നിന്ന് ദേശീയ പാതയിൽ കയറിയാൽ റോഡിൽ നിന്ന് പുറത്തു കടക്കാൻ കഴിയില്ല. അതിനാൽ തന്നെ റോഡിൽ മൃഗ സഹജമായ രീതിയിൽ ഇവ തലങ്ങും വിലങ്ങും നടക്കുന്നത് വലിയ വേഗത്തിൽ വരുന്ന വാഹനങ്ങളെ അപകടത്തിൽ പെടുത്തും.
ഇവിടെ ദേശീയ പാത നാലുവരിയാണ്. ഒരു ഭാഗത്തേക്ക് രണ്ടു വരിയും. അവിചാരിതമായി മുന്നിൽ പശുക്കളെ കാണുമ്പോൾ വലിയ വാഹനങ്ങൾ പെട്ടെന്ന് ട്രാക്ക് മാറുമ്പോൾ പിന്നിൽ വരുന്ന വാഹനം മുന്നിലെ വാഹനത്തിൽ ഇടിച്ച് അപകടം ഉണ്ടാവാം. ഇരുചക്ര വാഹനങ്ങൾ ദേശീയ പാതയിൽ പെട്ടന്ന് ബ്രെക്ക് ചെയ്യുന്നതും വലിയ അപകടം ഉണ്ടാക്കും.
നാൽക്കാലികളെ ഇടിച്ചു അപകടം സംഭവിച്ചാൽ ഇവയുടെ ഉടമയ്ക്കെതിരെ കേസെടുക്കാമെന്നാണ് നിയമം. മാത്രമല്ല, നക്ഷ്ടപരിഹാരം നൽകേണ്ടതും നാൽക്കാലികളുടെ ഉടമയാണ്.
ദേശീയ പാത അഥോരിറ്റിക്ക് സ്വമേധയാ കേസെടുക്കാമെന്നിരിക്കെ ഉദ്യോഗസ്ഥർ ഇത് കണ്ടില്ലെന്ന് നടിക്കുകയാണ്. പൊലീസിനും ഉടമയ്ക്കെതിരെ കേസെടുക്കാവുന്നതാണ്.
എന്നാൽ ആരും ഇക്കാര്യം ശ്രദ്ധിക്കുന്നില്ലെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. ഒരു അപകടം ഉണ്ടാവുന്നതിന് മുൻപ് അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് ജനങ്ങൾ പറയുന്നത്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/HWVly5Khbnq54XR0r8m7Mp?mode=ac_t
