
പോത്തുണ്ടി ജലസേചന പദ്ധതിയുടെ കനാലുകൾ വൃത്തിയാക്കി തുടങ്ങി. വലതുകരക്കനാൽ മൂന്ന് മേഖലകളായി തിരിച്ച് മൂന്ന് കരാറുകാർക്ക് കീഴിലും ഇടതുകര കനാൽ ഒരു കരാറുകാരനുമാണ് വൃത്തിയാക്കൽ നടപടികൾ തുടങ്ങിയിരിക്കുന്നത്. ചെറിയ മണ്ണുമാന്തി യന്ത്രങ്ങളും പുല്ലുവെട്ടുന്ന യന്ത്രങ്ങളും ഉപയോഗിച്ച് അതിവേഗമാണ് പണി പുരോഗമിക്കുന്നത്. പ്രധാന കനാലുകളും ഉപകനാലുകളുമാണ് കരാറുകാരുടെ നേതൃത്വത്തിൽ വൃത്തിയാക്കുന്നത്. ഉപകനാലുകളിൽ നിന്ന് നെൽപ്പാടങ്ങളിലേക്ക് പോകുന്ന കാഡാ കനാലുകൾ വൃത്തിയാക്കുന്ന പണി പൊതുമരാമ ജലസേചന വകുപ്പ് നടത്താറില്ല. ഇത്തരം ഫീൽഡ് ചാലുകൾ കർഷകസമിതികൾ തന്നെ സ്വന്തം ഫണ്ട് ഉപയോഗിച്ച് വൃത്തിയാക്കുകയാണ് പതിവ്. രണ്ടാം വിള നെൽകൃഷിക്കായി ജലവിതരണത്തിന് കഴിഞ്ഞയാഴ്ച ചേർന്ന ഡാം ഉപദേശക സമിതി യോഗം തീരുമാനപ്രകാരം നവംബർ അഞ്ചിന് വലതുകര കനാലും 15ന് ഇടതുക്കര കനാലും തുറക്കാനാണ് തീരുമാനം.
കഴിഞ്ഞവർഷവും കരാറുകാരെ ഉപയോഗിച്ചാണ് കനാലുകൾ വൃത്തിയാക്കിയിരുന്നത്. മുൻ വർഷങ്ങളിൽ കനാൽ വൃത്തിയാക്കാനുള്ള തുക പഞ്ചായത്തുകളെ ഏൽപ്പിച്ച് തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ചാണ് പണി പൂർത്തിയാക്കിയിരുന്നത്. ഇതുപ്രകാരം സമയബന്ധിതമായി പണിതീരാത്തതിനാലും കനാലിൽ അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്യാൻ കാലതാമസം വരുന്നതിനാലും ജലസേചന വകുപ്പ് തന്നെ നേരിട്ട് കരാർ നൽകി വൃത്തിയാക്കുകയാണ്.
മഴ വീണ്ടും ശക്തമായതോടെ രണ്ടാം വിളയ്ക്ക് വെള്ളം വിടുന്ന തീയതികൾ പുനർ നിശ്ചയിക്കാനാണ് സാധ്യത. ഇതിന്റെ ഭാഗമായി നവംബർ ഒന്നിന് തെരഞ്ഞെടുക്കപ്പെട്ട ഡാം ഉപദേശക സമിതി അംഗങ്ങളുടെയും മലമ്പുഴ, മംഗലം, പോത്തുണ്ടി പദ്ധതികളുടെയും ചേരാമംഗലം സ്കീമിന്റെയും ജലസേചന വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗം ജില്ലാ കളക്ടർ വിളിച്ചിട്ടുണ്ട്. ഇതനുസരിച്ചാണ് വെള്ളം തുറക്കുന്ന പുതിയ തീയതി പ്രഖ്യാപിക്കുക.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/HWVly5Khbnq54XR0r8m7Mp?mode=ac_t
