
കെഎഫ്ആർഐയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് പരിസമാപ്തി കുറിക്കുന്ന അഞ്ചു ദിവസം നീണ്ടുനിൽക്കുന്ന സമാപന പരിപാടികൾക്ക് ഇന്ന് തുടക്കമാകും.
കേരള വന ഗവേഷണ സ്ഥാപനത്തിൽ അഞ്ച് ദിവസത്തെ ട്രോപ്പിക്കൽ ഫോറസ്ട്രി കോൺക്ലേവിന് 2025 ഡിസംബർ 15 ന് തിങ്കളാഴ്ച തുടക്കമാകും, ഡിസംബർ 19 വെള്ളിയാഴ്ച യാണ് സമാപനം. പീച്ചിയിലെ സ്ഥാപനത്തിന്റെ പ്രധാന കാമ്പസിലാണ് ഉഷ്ണമേഖലാ വനപരിപാലനം എന്നവിഷയത്തിൽ അന്താരാഷ്ട്ര ഗവേഷകർ സംബന്ധിക്കുന്ന മൂന്നു ദിവസത്തെ പ്രബന്ധവാതരണവും ചർച്ചകളും സംഘടിപ്പിക്കുന്നത്. കൂടാതെ നൂറിലധികം ഗവേഷകർ തങ്ങളുടെ ഗവേഷണ ഫലങ്ങൾ അവതരിപ്പിക്കും. വാങ്ങവേഷണസംബന്ധിയായ ഉപകരണങ്ങൾ സാങ്കേതിക സംവിധാനങ്ങൾ എന്നിവയുടെ പ്രദര്ശനവും, തെന്നിന്ത്യയിലെ ഔഷധ സസ്യ കർഷകരുടെ കൂടിച്ചേരൽ, വന സംരക്ഷണ ഗവേഷണ സ്ഥാപനങ്ങളുടെ പ്രതിനിധികളുടെ യോഗം, പ്രസിദ്ധീകരങ്ങളുടെയും, പുതിയ ഗവേഷണ സംവിധാനങ്ങളുടെ ഉത്ഘാടനം എന്നിവയും വന ഗവേഷണത്തിലും സംരക്ഷണത്തിലുമുള്ള KFRI-യുടെ പ്രതിബദ്ധതയുടെ പ്രതീകമായി ആഘോഷങ്ങളുടെ ഭാഗമായി 50 വർഷത്തെ സുവർണ്ണ ജൂബിലി (1975-2025) ആഘോഷങ്ങൾക്ക് പരിസമാപ്തി കുറിച്ചുകൊണ്ട് നടക്കും.
അന്താരാഷ്ട്ര ഗവേഷകരും പ്രതിനിധികളും പങ്കെടുക്കുന്ന കോൺക്ലേവിൽ ഉൾക്കാഴ്ച നൽകുന്ന ചർച്ചകൾ, പാനൽ ഡിസ്കഷനുകൾ, ഔഷധ സസ്യ ബിസിനസ്സ് മീറ്റ്, പ്രദർശനങ്ങൾ എന്നിവ ഉണ്ടായിരിക്കുന്നതാണ്. രാജ്യത്തിനകത്തും പുറത്തുമുള്ള 70-ൽ അധികം സ്ഥാപനങ്ങളിൽ നിന്നായി 150-ൽ അധികം ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിക്കും.
മുൻ മുഖ്യമന്ത്രിയായിരുന്ന സി. അച്യുതമേനോന്റെയും കെ.കെ. നായർ IFS ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെയും ശ്രമഫലമായി 1975 ജനുവരിയിലാണ് KFRI സ്ഥാപിക്കാൻ സർക്കാർ അനുമതി നൽകിയത്. 1975 ജൂലൈ 3-ന് തിരുവനന്തപുരത്ത് പ്രവർത്തനം ആരംഭിച്ച സ്ഥാപനം 1970 കളുടെ അവസാനത്തോടെ പീച്ചി ആസ്ഥാനമായി പൂർണ്ണ സജ്ജമായി പ്രവർത്തനം ആരംഭിച്ചു.
ഉഷ്ണമേഖലാ വനശാസ്ത്രമേഖലയിൽ ഒരു മികവിന്റെ കേന്ദ്രമായി മാറുകയും വന ആവാസവ്യവസ്ഥയുടെ ഫലപ്രദമായ സംരക്ഷണത്തിനും പ്രകൃതി വിഭവങ്ങളുടെ സുസ്ഥിരമായ വിനിയോഗത്തിനും വേണ്ടി ശാസ്ത്രീയ പിന്തുണ നൽകുകയും ചെയ്യുക എന്നതാണ് KFRI-യുടെ ഉദ്ദേശലക്ഷ്യങ്ങൾ. സാമൂഹിക നേട്ടത്തിനായി വനങ്ങളുടെ ശാസ്ത്രീയ പരിപാലനത്തിനും വിനിയോഗത്തിനും സാങ്കേതിക പിന്തുണ നൽകുക എന്നതാണ് സ്ഥാപനത്തിന്റെ ദൗത്യം.
പ്രധാന പരിപാടികൾ -2025 ഡിസംബർ 15–19
KSCSTE-കേരള വന ഗവേഷണ സ്ഥാപനത്തിൽ (KFRI) 2025 ഡിസംബർ 15 മുതൽ 19 വരെ നടക്കുന്ന ട്രോപ്പിക്കൽ ഫോറസ്ട്രി കോൺക്ലേവിൽ അഞ്ച് ദിവസങ്ങളിലായി വിവിധ വിഷയങ്ങളിലുള്ള പരിപാടികളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്.
ഡിസംബർ 15, തിങ്കളാഴ്ച: ഉദ്ഘാടനം; ചർച്ചകൾ-വന ജൈവവൈവിധ്യം, ആവാസവ്യവസ്ഥാ സേവനങ്ങൾ
കോൺക്ലേവിന്റെ ആദ്യ ദിവസം, 2025 ഡിസംബർ 15-ന് രാവിലെ 9 മണിക്ക് KFRI-യുടെ മെയിൻ ഓഡിറ്റോറിയത്തിൽ വെച്ച് ഉദ്ഘാടന ചടങ്ങുകൾ നടക്കും. വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടന പ്രസംഗം നടത്തും. തുടർന്ന്, മുഖ്യ അതിഥിയായ രാജേഷ് രവീന്ദ്രൻ IFS (പി.സി.സി.എഫ്. & ഹെഡ് ഓഫ് ഫോറസ്റ്റ് ഫോഴ്സ്,) പ്രഭാഷണനടത്തും. KSCSTE-KFRI ഡയറക്ടർ ഡോ. കണ്ണൻ സി.എസ്. വാരിയർ അധ്യക്ഷ പ്രസംഗം നടത്തും.
തുടർന്ന് 11:30 AM മുതൽ 3:30 PM വരെ വന ജൈവവൈവിധ്യം & ആവാസവ്യവസ്ഥാ സേവനങ്ങൾ എന്ന വിഷയത്തെ അടിസ്ഥാനമാക്കിയുള്ള സെഷനുകൾ നടക്കും. ഡോ. ജെ.കെ. ശർമ്മ (മുൻ ഡയറക്ടർ, KSCSTE-KFRI), ഡോ. ജഗദീഷ് കൃഷ്ണസ്വാമി (ഡീൻ, സ്കൂൾ ഓഫ് എൻവയോൺമെന്റ് ആൻഡ് സസ്റ്റൈനബിലിറ്റി, IIHS) എന്നിവർ പ്രധാന പ്രഭാഷണങ്ങൾ നടത്തും.
വൈകുന്നേരം 3:30 PM മുതൽ 5:30 PM വരെ, പരിസ്ഥിതിയുടെ പുനഃസ്ഥാപന ശേഷിയും സാമ്പത്തിക യാഥാർത്ഥ്യവും: ഉഷ്ണമേഖലാ വനങ്ങൾ – കാലാവസ്ഥ, ജൈവവൈവിധ്യം, ഉപജീവനമാർഗ്ഗങ്ങൾ എന്ന വിഷയത്തിൽ പാനൽ ചർച്ച നടക്കും. ഈ ചർച്ചയിൽ ഡോ. എൻ. കൃഷ്ണകുമാർ IFS (റിട്ട.), ഡോ. മനോജ് പി. സാമുവൽ, ഡോ. ബാലകൃഷ്ണൻ വി. തുടങ്ങിയ വിദഗ്ദ്ധർ പങ്കെടുക്കും.
ഡിസംബർ 16, ചൊവ്വാഴ്ച: വന സംരക്ഷണവും പരിപാലനവും
രണ്ടാം ദിവസം രാവിലെ 9 മണി മുതൽ 10:30 വരെ വന സംരക്ഷണത്തിലും പരിപാലനത്തിലുമുള്ള കാഴ്ചപ്പാടുകൾ എന്ന വിഷയത്തിൽ സെഷൻ നടക്കും. ഡോ. പ്രമോദ് ജി. കൃഷ്ണൻ IFS (ചീഫ് വൈൽഡ് ലൈഫ് വാർഡൻ, കേരളം), ഡോ. എൻ. കൃഷ്ണകുമാർ IFS എന്നിവർ മുഖ്യ പ്രഭാഷകരാകും.
തുടർന്ന് 11 മണി മുതൽ 1 മണി വരെ ലാൻഡ്‌സ്‌കേപ്പ് തലത്തിലുള്ള സംരക്ഷണം: പാരിസ്ഥിതിക മാനങ്ങളെ മനുഷ്യ-വന്യജീവി ഇടപെടലുകളുമായി ബന്ധിപ്പിക്കൽ എന്ന വിഷയത്തിൽ സെഷനുകൾ ഉണ്ടാകും. ഡോ. പി.എസ്. ഈസ (മുൻ ഡയറക്ടർ, KSCSTE-KFRI & നാഷണൽ ബോർഡ് ഫോർ വൈൽഡ് ലൈഫ് അംഗം), ഡോ. പി.ഒ. നമീർ എന്നിവർ പ്രഭാഷണം നടത്തും.
ഉച്ചയ്ക്ക് 2 മണി മുതൽ 4 മണി വരെ വന സംരക്ഷണത്തിലും പരിപാലനത്തിലുമുള്ള ഉയർന്നുവരുന്ന ഭീഷണികളും സാധ്യതകളും ചർച്ച ചെയ്യും. ശ്രീ. രാജേഷ് കുമാർ IFS (ചീഫ് വൈൽഡ് ലൈഫ് വാർഡൻ, ലഡാക്ക്), ഡോ. കെ.വി. ശങ്കരൻ (മുൻ ഡയറക്ടർ, KFRI), ഡോ. ബി. വെങ്കിടേഷ് (സയന്റിസ്റ്റ് G, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈഡ്രോളജി) എന്നിവർ മുഖ്യ പ്രഭാഷകരായിരിക്കും.
ഡിസംബർ 17, ബുധനാഴ്ച: വന ഗവേഷണ പരിപാലനത്തിലെ നൂതന ഉപകരണങ്ങളും സാങ്കേതിക വിദ്യകളും
മൂന്നാം ദിവസം രാവിലെ 9 മണിക്ക് GIS & റിമോട്ട് സെൻസിംഗ്: പരിസ്ഥിതി, വന ഗവേഷണം മേഖലയിലെ സാങ്കേതികവിദ്യകൾ എന്ന വിഷയത്തിൽ ഡോ. സി. സുധാകർ റെഡ്ഡി (ഹെഡ് (ഫോറസ്ട്രി) & സയന്റിസ്റ്റ് G, NRSC), ഡോ. എൽ. ചന്ദ്രശേഖർ IFS (എ.പി.സി.സി.എഫ്. & നോഡൽ ഓഫീസർ F(C) ആക്റ്റ്, കേരളം) എന്നിവർ സംസാരിക്കും.
11 മണി മുതൽ 1 മണി വരെ വനശാസ്ത്രത്തിലെ വരുംതലമുറ ജീനോമിക് ടൂളുകൾ ചർച്ചാവിഷയമാകും. ഡോ. മാതിഷ് നമ്പ്യാർ വീട്ടിൽ, ഡോ. മോധുമിത ദാസ്‌ഗുപ്ത (ചീഫ് സയന്റിസ്റ്റുമാർ, ICFRE-IFGTB) എന്നിവർ നേതൃത്വം നൽകും.
ഉച്ചയ്ക്ക് 2 മണി മുതൽ 4 മണി വരെ ഡിജിറ്റൽ ഫോറസ്റ്റ്: AI/ML, IOT & റിമോട്ട് സെൻസിംഗ് ആപ്ലിക്കേഷനുകൾ എന്ന വിഷയത്തിൽ വിദഗ്ദ്ധർ സംസാരിക്കും. ഷഫീഖ് പി.എം. (ടെക്നിക്കൽ കോർഡിനേറ്റർ, ICFOSS), പ്രൊഫ. ഗിരീഷ് ഗോപിനാഥ് (ഡീൻ & ഹെഡ്, KUFOS), ഡോ. ആനി എ. ഏലിയാസ് (ഫൗണ്ടർ, ഹെലിക്സ്ഒമിക്സ് അനലിറ്റിക്സ്) എന്നിവർ ലീഡ് സ്പീക്കർമാരായിരിക്കും.
ഡിസംബർ 18, വ്യാഴാഴ്ച: ഔഷധ സസ്യ ബിസിനസ്സ് മീറ്റ്
നാലാം ദിവസം രാവിലെ 9 മണിക്ക് ഔഷധ സസ്യ ബിസിനസ്സ് മീറ്റ് ആരംഭിക്കും. കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് ഉദ്ഘാടന പ്രസംഗം നടത്തും. പി. പുഗഴേന്തി IFS മുഖ്യ അതിഥിയും പ്രഭാഷണവും, KFRI ഡയറക്ടർ ഡോ. കണ്ണൻ സി.എസ്. വാരിയർ അധ്യക്ഷ പ്രസംഗവും നടത്തും. ഈ ചടങ്ങിൽ ഗുണമേന്മയുള്ള നടീൽ വസ്തുക്കളുടെ (QPM) ഉൽപാദനത്തിനുള്ള സാമ്പത്തിക സഹായം വിതരണം ചെയ്യുകയും ‘അശ്വഗന്ധയെക്കുറിച്ചുള്ള ഒരു സമഗ്ര ഗ്രന്ഥം’ പ്രകാശനം ചെയ്യുകയും ചെയ്യും.
തുടർന്ന് 11:15 AM മുതൽ 1:30 PM വരെ ഔഷധ സസ്യ ബിസിനസ് ഇന്റർഫേസ് – കർഷകർ, വ്യാപാരികൾ, വ്യവസായങ്ങൾ എന്നിവരിൽ നിന്നുള്ള ഉൾക്കാഴ്ചകൾ എന്ന വിഷയത്തിൽ ടെക്നിക്കൽ സെഷനുകൾ നടക്കും.
ഡിസംബർ 19, വെള്ളിയാഴ്ച: പങ്കാളിത്ത മീറ്റിംഗ്, സമാപനം, ഇൻസെക്റ്റേറിയം ഉദ്ഘാടനം
അവസാന ദിവസം രാവിലെ 10 മണി മുതൽ 1 മണി വരെ KFRI പങ്കാളിത്ത മീറ്റിംഗ് നടക്കും. ഗവേഷകർ, നയരൂപീകരണ വിദഗ്ധർ, ഫീൽഡ് പ്രാക്ടീഷണർമാർ എന്നിവർ തമ്മിലുള്ള സഹകരണം വർദ്ധിപ്പിച്ച് കേരളത്തിലെ വന നയ ആവശ്യകതകളുമായി ശാസ്ത്രീയ ഗവേഷണങ്ങളെ സമന്വയിപ്പിക്കുന്നതിൽ ഈ യോഗം ശ്രദ്ധ കേന്ദ്രീകരിക്കും.
വൈകുന്നേരം 4 മണിക്ക് സമാപന സമ്മേളനം നടക്കും. ഈ ചടങ്ങിൽ നവീകരിച്ച ഷഡ്പദ ശേഖരത്തിന്റെ ഉദ്ഘാടനം ചെയ്യും. കൂടാതെ, 50 വർഷത്തെ ഗവേഷണങ്ങളുടെ ഒരു സംഗ്രഹ ഗ്രന്ഥം പ്രകാശനം ചെയ്യുകയും അവാർഡുകൾ വിതരണം ചെയ്യുകയും ചെയ്യും. ബഹു. റവന്യു ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ. കെ. രാജൻ സംബന്ധിച്ചു പ്രഭാഷണം നടത്തും. ഡോ. എം.സി. ദത്തൻ, മുഖ്യമന്ത്രിയുടെ ശാസ്ത്ര സാങ്കേതിക ഉപദേശകൻ മുഖ്യ അതിഥിയായിരിക്കും. KSCSTE-KFRI ഡയറക്ടർ ഡോ. കണ്ണൻ സി.എസ്. വാരിയർ അധ്യക്ഷ പ്രസംഗം നടത്തും.
വാർത്തകൾ അതിവേഗം whatsapp ചാനലിൽ ലഭിക്കുന്നതിന് follow ചെയ്യുക👇
https://whatsapp.com/channel/0029VagDclc9WtCB7Vgw9w3D
