നെല്ലിയാമ്പതി ഗവ. ഓറഞ്ച് ഫാമില്‍ ശീതകാല പച്ചക്കറി വിളവെടുപ്പ് ആരംഭിച്ചു

Share this News

നെല്ലിയാമ്പതി ഗവ. ഓറഞ്ച് ഫാമില്‍ ശീതകാല പച്ചക്കറി വിളവെടുപ്പ് ആരംഭിച്ചു

നെല്ലിയാമ്പതിയിലെ ഗവ. ഓറഞ്ച് ആന്‍ഡ് വെജിറ്റബിള്‍ ഫാമില്‍ ഈ വര്‍ഷത്തെ ശീതകാല പച്ചക്കറി വിളവെടുപ്പിന് തുടക്കമായി. കെ. ബാബു എം.എല്‍.എ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. കൃഷി വകുപ്പിന് കീഴിലുള്ള സംസ്ഥാനത്തെ ഏറ്റവും വലിയ ഫാമുകളിലൊന്നായ ഇവിടെ പത്തോളം ഏക്കറിലാണ് ഇത്തവണ പച്ചക്കറി കൃഷി ഇറക്കിയിരിക്കുന്നത്. മികച്ച കൃഷി രീതികളും ഓപ്പണ്‍ പ്രിസിഷന്‍ ഫാമിങ് സാങ്കേതികവിദ്യയും ഉപയോഗിച്ചാണ് കഴിഞ്ഞ രണ്ട് വര്‍ഷമായി ഇവിടെ കൃഷി ചെയ്യുന്നത്.
ഫാമിലെ ഓറഞ്ച് തോട്ടങ്ങളില്‍ ഇടവിളയായാണ് പച്ചക്കറികള്‍ വളര്‍ത്തുന്നത്. കോളി ഫ്‌ലവര്‍, കാബേജ്, ബീറ്റ്റൂട്ട്, കാരറ്റ്, ബ്രോക്കോളി, ബീന്‍സ്, ഉരുളക്കിഴങ്ങ് തുടങ്ങി മുപ്പതോളം ഇനം പച്ചക്കറികളാണ് വിളവെടുപ്പിന് തയ്യാറായിരിക്കുന്നത്. ഏപ്രില്‍ മാസം വരെ വിളവെടുപ്പ് തുടരും. നൂതന കൃഷി രീതികള്‍ നടപ്പിലാക്കിയതോടെ തൊഴിലാളികളുടെ അധ്വാനം കുറയുകയും ഉല്‍പ്പാദനത്തിലും ഗുണമേന്മയിലും വലിയ വര്‍ധനവ് ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. ഇതിനുപുറമെ പോളിഹൗസുകളില്‍ സാലഡ് വെള്ളരി, സ്‌ട്രോബെറി എന്നിവയും കൃഷി ചെയ്യുന്നുണ്ട്.

നെല്ലിയാമ്പതി സന്ദര്‍ശിക്കുന്ന സഞ്ചാരികള്‍ക്കായി ഫാം ഗേറ്റിന് സമീപം പ്രത്യേക വിപണന കൗണ്ടറുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. അതതു ദിവസം വിളവെടുക്കുന്ന ഫ്രഷ് പച്ചക്കറികള്‍ മിതമായ നിരക്കില്‍ ഇവിടെ നിന്ന് ലഭിക്കും. കൂടാതെ ജാം, ജെല്ലി, അച്ചാര്‍ തുടങ്ങി ‘കേരള ഗ്രോ’ ബ്രാന്‍ഡിലുള്ള 60-ല്‍ അധികം മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളും നടീല്‍ വസ്തുക്കളും വില്‍പ്പനയ്ക്കായി ഒരുക്കിയിട്ടുണ്ട്. ഫാം സൂപ്രണ്ട് സാജിദലി, കൃഷി ഓഫീസര്‍ ദേവി കീര്‍ത്തന എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരും തൊഴിലാളികളും ചേര്‍ന്നാണ് ഫാമിനെ മികച്ചൊരു കൃഷി ഇടമായി നിലനിര്‍ത്തുന്നത്. വാര്‍ഡ് അംഗങ്ങളായ അബിത പ്രശാന്ത്, ദിലീപ് എന്നിവരും തൊഴിലാളി യൂണിയന്‍ പ്രതിനിധികളായ ഡി. രാജന്‍, ഹരിഹരന്‍, ജോസഫ്, ഫാം മാനേജര്‍ കുമാരി ദേവി കീര്‍ത്തന എന്നിവര്‍ പങ്കെടുത്തു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/EDw1S5eTwPYCIRpkFAtPjw?mode=hqrt1


Share this News
error: Content is protected !!