
സാമൂഹിക പരിഷ്‌കർത്താവ് മന്നത്ത് പത്മനാഭന്റെ ജന്മവാർഷിക ദിനമാണ് ഇന്ന്. കേരളത്തിന്റെ നവോത്ഥാന നായകരിൽ പ്രമുഖ സാന്നിധ്യമായിരുന്നു മന്നത്ത് പത്മനാഭൻ. നായർ സർവീസ് സൊസെറ്റിയുടെ സ്ഥാപകനായ മന്നത്ത് പത്മനാഭൻ അനാചാരങ്ങൾക്കും ഉച്ചനീചത്വങ്ങൾക്കും എതിരെ അതിശക്തമായി പോരാടി.
ഹിന്ദു ധര്‍മത്തിന്റെ പരിഷ്‌കര്‍ത്താവായി ഹൈന്ദവരാകെ നെഞ്ചോടു ചേര്‍ത്തു. അസ്ഥിരതയുടെയും അനീതിയുടെയും നാളുകളില്‍ കേരള സമൂഹത്തിന്റെ വഴികാട്ടിയായി ജനലക്ഷങ്ങള്‍ അദ്ദേഹത്തെ വാഴ്‌ത്തി.
നാശോന്മുഖമായ തന്റെ സമുദായത്തെ ഉദ്ധരിക്കുകയായിരുന്നു മന്നത്തു പദ്മനാഭന്റെ മുഖ്യ ലക്ഷ്യം. അവരുടെ മനസില്‍ അദ്ദേഹം കരുത്തിന്റെയും, പരിശ്രമത്തിന്റെയും സ്വപ്‌നങ്ങള്‍ വിതച്ചു. അതു നൂറുമേനിയായി കൊയ്‌തെടുക്കാന്‍ അവരെ പ്രാപ്തരാക്കുകയും ചെയ്തു.
നായര്‍ സമുദായത്തിന്റെ ആചാര്യന്‍ മാത്രമായിരുന്നില്ല, മലയാളനാടിന്റെ മാര്‍ഗദര്‍ശിയും നവോത്ഥാന നായകനുമായിരുന്നു മന്നത്ത് ആചാര്യന്‍. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അനീതിയും കെട്ടുപിണഞ്ഞ കേരളസമൂഹത്തിന്റെ ഇടവഴികളില്‍ സ്വതന്ത്ര ചിന്തയുടെ അഗ്‌നി ജ്വലിപ്പിച്ച വ്യക്തിയായിരുന്നു അദ്ദേഹം. അവശര്‍ക്കും ആര്‍ത്തര്‍ക്കും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും വേണ്ടിയായിരുന്നു മന്നത്തിന്റെ ശബ്ദം മുഴങ്ങിയത്. അതിന് ജാതിമതഭേദമുണ്ടായിരുന്നില്ല. നായര്‍ സര്‍വ്വീസ് സൊസൈറ്റി വിദ്യാലയങ്ങള്‍ ആരംഭിച്ചതു വിദ്യയില്‍നിന്ന് അകറ്റിനിര്‍ത്തപ്പെട്ട സമസ്ത ജനവിഭാഗങ്ങള്‍ക്കും വേണ്ടിയായിരുന്നു.
നായര്‍ സര്‍വീസ് സൊസൈറ്റിയുടെ തുടക്കത്തിനു കാരണവും ഇങ്ങനെ തന്നെ. അധീശ ശക്തികളുടെ അഹങ്കാരത്തിനുള്ള മറുപടി എന്ന നിലയ്‌ക്കായിരുന്നു എന്‍എസ്എസിന്റെ ആദിരൂപമായ നായര്‍ ഭൃത്യജനസംഘത്തിന്റെ തുടക്കം. 1913-ല്‍ ചങ്ങനാശേരിയില്‍ നടന്ന ശ്രീമൂലം തിരുനാള്‍ ആഘോഷത്തില്‍ ഒരു വിഭാഗം പ്രകടിപ്പിച്ച തന്നിഷ്ടവും സ്വേച്ഛയും അതിനു നിമിത്തമായെന്നു മാത്രം. ശ്രീമൂലം പ്രജാസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിലെ വംശീയമായ ചേരിതിരിവുകള്‍ അതിന് ഊര്‍ജ്ജം പകര്‍ന്നുവെന്നത് മറ്റൊരു ചരിത്രം.
1914 ഒക്ടോബര്‍ 31 ലെ സായം സന്ധ്യയില്‍ ആണ് നായര്‍ സര്‍വീസ് സൊസൈറ്റിയുടെ ആദി രൂപമായ നായര്‍ ഭൃത്യ ജനസംഘത്തിന് മന്നം തുടക്കമിട്ടത്. മന്നത്ത് വീടിന്റെ പൂമുഖത്ത് അമ്മ കൊളുത്തിവച്ച വിളക്കിന് ചുറ്റും നിന്ന് മന്നവും കൂട്ടരും പ്രാര്‍ത്ഥിച്ച് എടുത്ത പ്രതിജ്ഞ ഇതായിരുന്നു.- ‘ ഞാന്‍ നായര്‍ സമുദായോന്നതിക്കായി നിരന്തരം ആലോചിക്കുകയും പരിശ്രമിക്കുകയും ചെയ്യും. അങ്ങനെയുള്ള ശ്രമങ്ങളില്‍ ഇതര സമുദായക്കാര്‍ക്ക് ക്ഷോഭകരമായി യാതൊരു പ്രവര്‍ത്തിയും ചെയ്യുന്നതല്ല .” ആ സത്യവാചകം പൂര്‍ണമായി അദ്ദേഹം പാലിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/K1Mq5jm72NwKFrHq7S0aOt?mode=hqrt1
