ഉറങ്ങിക്കിടന്ന നാല് വയസ്സുകാരന്റെ മുഖത്തേക്ക് പാമ്പ് വീണു; കടിയേറ്റ് മരണം

Share this News

മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടക്കവേ വീടിന്റെ മേൽ‍ക്കൂരയിൽനിന്നു മുഖത്തേക്കു വീണ പാമ്പിന്റെ കടിയേറ്റു 4 വയസ്സുകാരൻ മരിച്ചു. അകമലവാരം വലിയകാട് എം.രവി–ബബിത ദമ്പതികളുടെ ഇളയ മകൻ അദ്വിഷ് കൃഷ്ണയാണു മരിച്ചത്.ഇന്നലെ പുലർച്ചെ മൂന്നോടെ മലമ്പുഴ കുനുപ്പുള്ളിയിലെ ബബിതയുടെ വീട്ടിലാണ് അദ്വിഷിനു പാമ്പുകടിയേറ്റത്. ഷീറ്റിട്ട വീടിന്റെ മേൽക്കൂരയിൽ നിന്നാണു പാമ്പു മുഖത്തു വീണത്. കുട്ടിയുടെ നിലവിളി കേട്ട് ഉണർന്ന അമ്മ പരിശോധിച്ചപ്പോഴാണ് അദ്വിഷിന്റെ മൂക്കിൽ ചോരപ്പാടുകൾ കണ്ടത്.

കട്ടിലിനടിയിൽ പാമ്പിനെ കണ്ടെത്തി. വെള്ളിക്കെട്ടൻ ഇനത്തിൽപെട്ട പാമ്പാണു കടിച്ചത്. കുട്ടിയെ പുലർച്ചെ ജില്ലാ ആശുപത്രിയിലെത്തിച്ചു. വിദഗ്ധ ചികിത്സയ്ക്കായി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകാൻ യഥാസമയം ആംബുലൻസ് ലഭിച്ചില്ലെന്നു കുട്ടിയുടെ പിതാവ് രവി പറഞ്ഞു. ഒരു മണിക്കൂറോളം ആംബുലൻസ് തേടി അലഞ്ഞെങ്കിലും ലഭിച്ചില്ല. പിന്നീട്, ടാക്സിയിൽ കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. കൊട്ടേക്കാട് കാളിപ്പാറ വികെഎൻ എൽപി സ്കൂളിൽ യുകെജി വിദ്യാർഥിയാണ്. ഇതേ സ്കൂളിൽ മൂന്നാം ക്ലാസ് വിദ്യാർഥിയായ അദ്വൈദാണു സഹോദരൻ. ജില്ലാ ആശുപത്രിയിൽ എല്ലാ ചികിത്സയും ലഭ്യമാക്കിയെങ്കിലും കുട്ടി അതീവ ഗുരുതരാവസ്ഥയിലായിരുന്നെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

https://chat.whatsapp.com/LGKm6uPJVIt8nYhyoTCBEG


Share this News
error: Content is protected !!