

പതിനാലാം തീയതി മുതൽ ബംഗളൂരുവിൽ ആരംഭിക്കുന്ന അണ്ടർ–15 ഐ ലീഗ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ മുത്തൂറ്റ് ഫുട്ബോൾ അക്കാദമിയുടെ ഭാഗമായി ഗോൾവല കാക്കാൻ കണ്ണമ്പ്ര സ്വദേശി വിശ്വലിന് അവസരം ലഭിച്ചു. ഇതോടെ കണ്ണമ്പ്ര വിസാർഡ് ഫുട്ബോൾ അക്കാദമിക്ക് കൂടി അഭിമാന നിമിഷമായി.
ചെറുപ്രായം മുതൽ തന്നെ കണ്ണമ്പ്ര വിസാർഡ് ഫുട്ബോൾ അക്കാദമിയിൽ പരിശീലനം ആരംഭിച്ച വിശ്വൽ, പിന്നീട് അക്കാദമിയുടെ നേതൃത്വത്തിൽ എഫ്‌സി കേരളയുടെ സെലക്ഷൻ ട്രയൽസിൽ പങ്കെടുത്തു. മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ എഫ്‌സി കേരള ഫുട്ബോൾ അക്കാദമിയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും അക്കാദമിക്ക് വേണ്ടി നിരവധി പ്രധാന മത്സരങ്ങളിൽ ഗോൾകീപ്പറായി കളിക്കുകയും ചെയ്തു.
തുടർന്ന് വീണ്ടും വിസാർഡ് ഫുട്ബോൾ അക്കാദമിയിൽ പരിശീലനം തുടരുകയും, അക്കാദമിയുടെ പരിശീലകൻ പി. എച്ച്. നിഷാദിന്റെ കീഴിൽ നടത്തിയ പരിശീലനത്തിനുശേഷം പാലക്കാട് ജില്ലാ സബ് ജൂനിയർ ഫുട്ബോൾ ടീമിന്റെ സെലക്ഷൻ ട്രയൽസിൽ പങ്കെടുത്ത് ജില്ലാ ടീമിൽ ഇടംനേടുകയും ചെയ്തു.
ജില്ലാ ടീമിനായി നടത്തിയ മികച്ച പ്രകടനമാണ് മുത്തൂറ്റ് ഫുട്ബോൾ അക്കാദമിയുടെ ശ്രദ്ധയിൽപ്പെട്ടത്. ഇതിന്റെ ഫലമായി അണ്ടർ–15 ഐ ലീഗ് ടീമിലേക്ക് വിശ്വലിന് സെലക്ഷൻ ലഭിച്ചു.
ചെറുപ്പം മുതൽ തന്നെ ഒരു പ്രൊഫഷണൽ ഫുട്ബോളർ ആകണമെന്ന സ്വപ്നത്തോടെ കഠിനാധ്വാനം ചെയ്ത് മുന്നേറിയ വിശ്വലിന്റെ ഈ നേട്ടം വലിയ അഭിമാനമാണെന്ന് കണ്ണമ്പ്ര വിസാർഡ് ഫുട്ബോൾ അക്കാദമിയുടെ മാനേജിംഗ് ഡയറക്ടറും പരിശീലകനുമായ പി. എച്ച്. നിഷാദ് പറഞ്ഞു. ഐ ലീഗിൽ മികച്ച പ്രകടനം പുറത്തെടുത്ത് ഇനിയും വലിയ ഉയരങ്ങൾ കീഴടക്കാൻ വിശ്വലിന് കഴിയട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/EDw1S5eTwPYCIRpkFAtPjw?mode=hqrt1
