മംഗലംഡാം കടപ്പാറ ആദിവാസി ഭൂസമരം പത്താം വർഷത്തിലേക്ക്

Share this News


മംഗലംഡാം കടപ്പാറ ആദിവാസി ഭൂസമരത്തിന്റെ പത്താം വാർഷിക സമ്മേളനം ജനുവരി 15ന് രാവിലെ 10 മണിക്ക് സ: കെ.ആർ. മാധവൻ നഗർ (മൂർത്തിക്കുന്ന് സമരഭൂമി)യിൽ നടക്കും.
റസാഖ് പാലേരി (സംസ്ഥാന അദ്ധ്യക്ഷൻ വെൽഫെയർ പാർട്ടി) ഉദ്ഘാടനം ചെയ്യും.

സജീവൻ കള്ളിച്ചിത്ര (ആദിവാസി സമിതി കോർഡിനേറ്റർ കടപ്പാറ ഭൂസമര സംഘാടക സമിതി അംഗം)അധ്യക്ഷത വഹിക്കും.

2016 ജനുവരി 15ന് ഭൂരഹിതരായ ആദിവാസികൾ കിടപ്പാടത്തിനും കൃഷിഭൂമിക്കും വേണ്ടി മൂർത്തിക്കുന്ന് വനഭൂമിയിലേക്ക് മാർച്ച് ചെയ്ത് ആരംഭിച്ച സമരം പത്ത് വർഷം പിന്നിടുകയാണ്. വനഭൂമി കൃഷിഭൂമിയാക്കി തുടർച്ചയായി കാർഷിക വിളവെടുത്തുകൊണ്ട് ആദിവാസികൾ രാജ്യത്തിന്റെ കാർഷിക രംഗത്ത് പങ്കാളികളായെന്നും സമരസമിതി പറയുന്നു.

സമരത്തിന്റെ ഭാഗമായി വിവിധ ഘട്ടങ്ങളിൽ സർക്കാരിന് നൽകിയ നിവേദനങ്ങളുടെയും പ്രഖ്യാപിച്ച പുനരധിവാസ പദ്ധതികളുടെയും നിലവിലെ അവസ്ഥ വ്യക്തമാക്കണമെന്ന് സമരസമിതി ആവശ്യപ്പെട്ടു. ഇടമലകുന്നിൽ പുനരധിവാസത്തിനായി പട്ടയം നൽകിയ കുടുംബങ്ങൾ ഇതുവരെയും താമസമാരംഭിക്കാത്തതിന്റെ ഉത്തരവാദിത്വം വ്യക്തമാക്കണമെന്നും, ഭവനനിർമ്മാണവും മറ്റ് വികസന പ്രവർത്തനങ്ങളും എത്രത്തോളം പുരോഗമിച്ചുവെന്നും അറിയിക്കണമെന്നുമാണ് ആവശ്യം.

വീട്, ഭൂമി, തൊഴിൽ, വിദ്യാഭ്യാസം, ആരോഗ്യം എന്നിവ ഉറപ്പാക്കാനുള്ള ആദിവാസി പോരാട്ടം തൊഴിലാളി–കർഷക സമരങ്ങളുമായി ബന്ധിപ്പിക്കണമെന്നും സമ്മേളനം ആഹ്വാനം ചെയ്തു. സമരത്തിന്റെ ചാലകശക്തികളായിരുന്ന സഖാവ് കെ.ആർ. മാധവൻ ഉൾപ്പെടെയുള്ള പ്രവർത്തകരെ സമ്മേളനത്തിൽ അനുസ്മരിക്കും.
വരാനിരിക്കുന്ന കാലം ശക്തമായ ജനകീയ സമരങ്ങളുടേതായിരിക്കുമെന്നും മർദിത–ചൂഷിത ജനവിഭാഗങ്ങളുടെ ഐക്യമാണ് മുന്നോട്ടുള്ള വഴിയെന്നും ആദിവാസി സമിതി കടപ്പാറ യൂണിറ്റ് അറിയിച്ചു.

യമുന സുരേഷ്,
എസ്.സെക്കീർ ഹുസൈൻ,
വിളയോടി ശിവൻകുട്ടി (മനുഷ്യാവകാശപ്രവർത്തകൻ), കെ.ജി. എൽദോ
(ജില്ലാപഞ്ചായത്ത് മെമ്പർ പാലക്കാട്, നെന്മാറ ഡിവിഷൻ),ശിവരാജൻ ഗോവിന്ദാപുരം,
അച്ചാമ്മ ജോസഫ് (മെമ്പർ വണ്ടാഴി ഗ്രാമപഞ്ചായത്ത്),
അനൂപ് മാത്യൂ,
ബെന്നി ജോസഫ്,
ബീനഷാജി, ടി.കെ.മുകുന്ദൻ,
വാസുഭാസ്‌കരൻ (ഊരുമൂപ്പൻ, കടപ്പാറ ആദിവാസി യൂണിറ്റ് പ്രസിഡൻറ്) എന്നിവർ സംസാരിക്കും.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/EDw1S5eTwPYCIRpkFAtPjw?mode=hqrt1


Share this News
error: Content is protected !!