
15 വർഷത്തിലധികം പഴക്കമുള്ള മോട്ടർ വാഹനങ്ങൾ; ഫിറ്റ്നസ് പരിശോധന ഫീസ് കുത്തനെ കുറച്ചു
സംസ്ഥാനത്ത് 15 വർഷത്തിലധികം പഴക്കമുള്ള മോട്ടർ വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന ഫീസ് കുത്തനെ കുറച്ചു. കേന്ദ്രസർക്കാർ വർധിപ്പിച്ച നിരക്കിൽ ഏകദേശം 50 ശതമാനത്തോളം കുറവ് വരുത്തിയുള്ള വിജ്ഞാപനം ഗതാഗതവകുപ്പ് പുറത്തിറക്കി. പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നതായി സർക്കാർ അറിയിച്ചു. 2025 ലെ കേന്ദ്ര മോട്ടർവാഹന നിയമഭേദഗതിയുടെ അടിസ്ഥാനത്തിൽ 10,15, 20 വർഷം പഴക്കമുള്ള വാഹനങ്ങളുടെ ഫിറ്റ്നസ് ഫീസ് കേന്ദ്രസർക്കാർ വൻതോതിൽ വർധിപ്പിച്ചിരുന്നു. 1989 ലെ കേന്ദ്ര മോട്ടർവാഹന ചട്ടം 81ലെ ഒന്നാം വ്യവസ്ഥ പ്രകാരം ഫീസിൽ മാറ്റം വരുത്താൻ സംസ്ഥാന സർക്കാരിന് അധികാരമുണ്ട്. ഇതുപയോഗിച്ചാണ് 15 വർഷത്തിന് മുകളിൽ പഴക്കമുള്ള വാഹനങ്ങൾക്ക് ആശ്വാസകരമായ ഇളവ് പ്രഖ്യാപിച്ചത്.ഫീസ് വർധന പൊതുജനങ്ങൾക്ക് അമിത സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്ന നിവേദനങ്ങൾ പരിഗണിച്ചാണ് ഗതാഗതവകുപ്പിന്റെ നടപടി. പുതിയ നിരക്കുകൾ നടപ്പാക്കുന്നതിനായി മോട്ടർവാഹന വകുപ്പിന്റെ സോഫ്റ്റ്‌വെയറിൽ മാറ്റങ്ങൾ വരുത്താൻ ട്രാൻസ്പോർട്ട് കമ്മിഷണറെ ചുമതലപ്പെടുത്തി. വാഹനത്തിന്റെ വിഭാഗവും പഴക്കവുമനുസരിച്ചാണ് ഫീസ് ഘടന ക്രമീകരിച്ചിരിക്കുന്നത്.
പുതുക്കിയ നിരക്ക് (വാഹനം- വർഷം- നിരക്ക്)
മോട്ടർ സൈക്കിൾ: 15-20: 500
മുച്ചക്രവാഹനം: 15-20: 600
ലൈറ്റ് മോട്ടർ വെഹി : 15-20: 1000
ഹെവി വാഹനങ്ങൾ: 15-20: 1000
20 വർഷത്തിനു മുകളിലുള്ള വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന നിരക്ക്:
മോട്ടർ സൈക്കിൾ- 500,
മുച്ചക്രവാഹനം-1000,
ലൈറ്റ് മോട്ടർ വെഹിക്കിൾ-1300,
‘ഹെവി വാഹനം-1500
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/BlpDCPJEq1v26BWxJY9H8X?mode=hqrt2

