റബ്ബർ മരങ്ങളിൽ ഇലകൊഴിഞ്ഞു

Share this News

. സ്വാഭാവിക ഇലപൊഴിച്ചിലിന്റെ ഭാഗമായി റബ്ബർ തോട്ടങ്ങളിലെ ഇലകൊഴിഞ്ഞു തുടങ്ങിയതോടെ ഉൽപാദനം പാതിയായികുറഞ്ഞു. കൂലി ചെലവിന് പോലും റബ്ബർ പാൽ ഉൽപാദനം തികയാതെ വന്നതോടെ ബഹുഭൂരിപക്ഷം കർഷകരം റബ്ബർ ടാപ്പിംഗ് നിർത്തിവച്ചു തുടങ്ങി. ഇല പൊഴിഞ്ഞതോടെ റബ്ബർ മരങ്ങളിൽ രണ്ടാഴ്ചകൾക്ക് ശേഷം പുതിയ തളിരുകൾ വന്നു തുടങ്ങിയെങ്കിലും ഒപ്പം പൂവിട്ടതും ഉൽപാദനക്കുറവിന് കാരണമായി ചൂണ്ടിക്കാണിക്കുന്നു. സാധാരണ ഇലകൊഴിയുമ്പോൾ അൽപ്പ ദിവസം പാൽ ഉൽപാദനം കുറയുമെങ്കിലും തളിര് മൂക്കുന്നതോടെ ഉൽപാദനം കൂടുകയാണ് പതിവ്. ഇടമഴ ലഭിക്കാത്തതും അന്തരീക്ഷ ചൂട് വർദ്ധിച്ചതുമാണ് റബ്ബർ പാൽ ഉൽപാദനം കുറയാൻ കാരണമെന്ന് കർഷകർ പറയുന്നു. ഈ വർഷം മെയ് ജൂൺ മാസങ്ങളിലെ അമിത മഴയിൽ വർഷകാലത്ത് ആകാലിക ഇലപൊഴിച്ചിൽ ഉണ്ടായിരുന്നു തുടർന്ന് ബഹുഭൂരിപക്ഷം തോട്ടങ്ങളിലും ഉൽപാദനം 40 ശതമാനത്തോളം കുറഞ്ഞിരുന്നു. 10 മരങ്ങൾക്ക് 600ഗ്രാം ഷീറ്റ് എന്നതാണ് സാധാരണ ഉത്പാദന രീതി. ഈ വർഷം ഇത് 15 മരങ്ങൾക്ക് ഒരു ഷീറ്റ് എന്ന നിലയിലേക്ക് ചുരുങ്ങി. കൂലി, വളം, വില വർദ്ധനയ്ക്ക് പുറമെ ഉൽപാദനവും കുറഞ്ഞതോടെ ബഹുഭൂരിപക്ഷം കർഷകരും കൂലിക്ക് ടാപ്പിംഗ് നടത്തുന്നതിന് പകരം പകുതി- പകുതി എന്ന നിലയിൽ പങ്കിനാണ് ഈ വർഷം ടാപ്പിംഗ് നടത്തിയത്. വർഷകാലത്തിന് മുമ്പ് ഫംഗസ് മൂലം ഉണ്ടാകുന്ന ആകാലിക ഇലകൊഴിച്ചലിന് തുരിശു കലർന്ന ഓയിൽ സ്പ്രേ നടത്താൻ കഴിയാത്ത തോട്ടങ്ങളിലാണ് ഉൽപാദനം നേർ പകുതിയായി കുറഞ്ഞത്. സർക്കാർ താങ്ങുവില 200 രൂപയായി ഡിസംബറിൽ പ്രഖ്യാപിച്ചെങ്കിലും പൊതു വിപണിയിൽ ഇപ്പോഴും 188 രൂപയ്ക്ക് താഴെയാണ് നാലാം ഗ്രേഡ് റബ്ബർ ഷീറ്റ് വില. ബഹുഭൂരിപക്ഷം കർഷകർക്കും നല്ല രീതിയിൽ പുകച്ച് നാലാം ഗ്രേഡ് ഉത്പാദിപ്പിക്കാൻ കഴിയാത്തതിനാൽ ലോട്ട് ഇനത്തിൽപ്പെട്ട തരം തിരിക്കാത്തതും പുകയിടാത്തതുമായ ഷീറ്റാണ് വ്യാപാര സ്ഥാപനങ്ങളിൽ നൽകുന്നത്. പുകപ്പുര ഇല്ലാത്ത ചെറുകുട കർഷകർക്ക് ഇത്തരം ഷീറ്റിന് മാർക്കറ്റ് വിലയേക്കാൾ പത്തുരൂപയോളം കുറഞ്ഞ വിലയാണ് ലഭിക്കുക. ഉന്നത നിലവാരമുള്ള ആർ. എസ്. എസ്. നാലാം ഗ്രേഡ് ഷീറ്റിനും വ്യാപാരികൾ റബ്ബർ ബോർഡ് പ്രഖ്യാപിക്കുന്ന പത്രവിലയിൽ നിന്നും 5 രൂപയോളം കുറിച്ചാണ് കർഷകർക്ക് നൽകാറുള്ളത്. വിലകുറവും ഉൽപാദനക്കുറവും ഉണ്ടായതോടെ ഈ വർഷം രണ്ടുമാസം മുമ്പ് റബ്ബർ ടാപ്പിംഗ് നിർത്തിവെക്കുകയാണ്. ഇത് റബ്ബർ വിപണിയിലും ഉത്പാദന ക്ഷാമം ഉണ്ടാക്കാൻ ഇടയാകും എന്ന് വ്യാപാരികൾ പറയുന്നു. റബ്ബർ അധിഷ്ഠിത വ്യവസായ മേഖലയ്ക്ക് ആവശ്യത്തിന് റബ്ബർ ഷീറ്റ് ലഭ്യമായില്ലെങ്കിൽ ഇറക്കുമതി കൂടാനും അതുമൂലം റബ്ബർ വില ഉയരാതിരിക്കാനുള്ള സാധ്യതയും ഉണ്ടാവുമെന്നും റബ്ബർ മേഖലയിൽ ആശങ്ക പടരുന്നു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

Share this News
error: Content is protected !!