

കശുവണ്ടിസീസൺ തുടക്കമായതിനാൽ ഉയർന്ന വില ലഭ്യമാകുന്നത് കർഷകർക്ക് ആശ്വാസം. ഒരു കിലോ 140 രൂപ നിരക്കിലാണ് മലഞ്ചരക്ക് വ്യാപാരികൾ കശുവണ്ടി വാങ്ങുന്നത്. വിളവെടുപ്പ് സജീവമായാൽ സാധാരണ വില കുറയുകയാണ് പതിവ്. ഈ വർഷം വേനൽ മഴയ്ക്ക് മുമ്പ് തന്നെ മിക്ക ഇടങ്ങളിലും കശുവണ്ടി വിളവെടുപ്പിന് പാകമായിട്ടുണ്ട്. മലയോര മേഖലകളായ മംഗല ഡാം കരിമ്പാറ, പാല കുഴി ഒലിപ്പാറ, , പോത്തുണ്ടി, പോക്കാമട, അയ്യർ പാടി, കൈതച്ചിറ, കാന്തളം കിഴക്കഞ്ചേരി, പ്രദേശങ്ങളിലാണ് കശുമാവ് കൂടുതൽ കൃഷിയുള്ളത്. റബ്ബർ തോട്ടങ്ങളുടെയും തെങ്ങിൻ തോപ്പുകളുടെയും വശങ്ങളോടെ ചേർന്ന് മറ്റ് നാണ്യവിളകൾ കൃഷി ചെയ്യാൻ പറ്റാത്ത സ്ഥലങ്ങളിലാണ് കശുമാവുകൾ കർഷകർ കൃഷി ചെയ്യുന്നത്.
കശുവണ്ടി സീസൺ ആരംഭിച്ചതോടെ കശുമാമ്പഴത്തിന് യാതൊരു വിപണിയും ഇല്ലാത്തതിനാൽ പാഴായി പോകുകയാണ് ചെയ്യുന്നത്. കശുമാമ്പഴം ഉപയോഗിച്ചാൽ മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളായ ജെല്ലി വൈൻ എന്നിവ ഉണ്ടാക്കാമെങ്കിലും അതിന് വിപണിയിൽ ആവശ്യക്കാരും ഇല്ലാത്തതിനാൽ പാഴായി പോകുകയാണ് ചെയ്യുന്നത്. ബഹുഭൂരിപക്ഷം കർഷകരം കശുമാമ്പഴം കന്നുകാലികൾക്ക് തീറ്റയായി നൽകുകയാണ് ചെയ്യുന്നത്. മരങ്ങളിൽ നിന്ന് താഴെ വീണ പഴങ്ങളിൽ നിന്ന് കശുവണ്ടി ശേഖരിക്കുകയാണ് കർഷകർ ചെയ്യുന്നത്. താഴെ മരങ്ങളിൽ നിന്ന് താഴെ വീഴുന്ന കശുവണ്ടി കരിയിലകൾക്കടിയിൽ വീണ് നഷ്ടപ്പെടാൻ സാധ്യതയുള്ളതിനാൽ മരങ്ങളുടെ ചുവട്ടിലെ കരിയിലകൾ അടിച്ചുമാറ്റി വൃത്തിയാക്കിയാണ് വിളവെടുക്കുന്നത്. നിശ സഞ്ചാരികളായ വവ്വാലുകൾ തുടങ്ങി ചിലതരം പക്ഷികളും കശുവണ്ടി പഴത്തോടെ പറിച്ച് വലിയ ആൽമരം തണൽ വൃക്ഷങ്ങൾ എന്നിവയ്ക്ക് അടിയിൽ കൊണ്ടുപോയി ഇട്ട് കർഷകർക്ക് നഷ്ടം വരുത്തുന്നുണ്ട്. ഈ വർഷം അനുകൂല കാലാവസ്ഥയായതിനാൽ നല്ല രീതിയിൽ പൂക്കൾ പിടിക്കുകയും വിളവ് ലഭിക്കുന്ന സ്ഥിതിയും ഉണ്ടായിട്ടുണ്ട്. മഴപെയ്താൽ കശുവണ്ടിയുടെ നിറം കുറയുകയും കറുപ്പ് നിറം പടരാൻ ഇടയാക്കുകയും ചെയ്താൽ കശുവണ്ടിയുടെ വില കുത്തനെ ഇടിയുന്നതാണ് സാധാരണ വർഷങ്ങളിൽ കാണാറുള്ളത്. കഴിഞ്ഞവർഷം വേനൽമഴ അധികം ഉണ്ടായിരുന്നതിനെ തുടർന്ന് കശുവണ്ടിയുടെ വില 75 രൂപയായി മാർച്ച് മാസത്തോടെ താഴ്ന്നു. സീസണിലെ ആദ്യം പൂവിട്ട മരങ്ങളിൽ ഇടമഴ ലഭിച്ചാൽ വീണ്ടും പൂവിടാനുള്ള സാധ്യതയും അധിക ഉൽപാദന പ്രതീക്ഷയും കർഷകർ പുലർത്തുന്നു. വില കുറയൽ പതിവായതിനാൽ വിളവെടുക്കുന്ന കശുവണ്ടി കൂടുതൽ ദിവസം വൈകാതെ തന്നെ വിപണിയിൽ എത്തിച്ചില്ലെങ്കിൽ വില കുറയാനുള്ള സാധ്യതയും കർഷകരും വ്യാപാരികളും പറയുന്നു. ജില്ലയിലെ പ്രധാന മലങ്കര വിപണന മേഖലയായ വടക്കഞ്ചേരിയിലാണ് കൂടുതൽ കശുവണ്ടി വാങ്ങുന്ന വ്യാപാരികൾ ഉള്ളത്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
