വടക്കഞ്ചേരി മേൽപ്പാലത്തിൽ വീണ്ടും കുത്തിപ്പൊളിക്കൽ തുടങ്ങി.

Share this News

42 തവണ കുത്തിപ്പൊളിച്ച് റിപ്പയർ പ്രവർത്തനങ്ങൾ നടത്തിയ വടക്കഞ്ചേരി–മണ്ണുത്തി ആറുവരി ദേശീയപാതയ്ക്ക് തുടക്കം കുറിക്കുന്ന വടക്കഞ്ചേരി മേൽപ്പാലത്തിൽ രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും കുത്തിപ്പൊളിക്കൽ തുടങ്ങി. ഇത് എൺപത്തിആറാമത്തെ തവണയാണെന്നാണ് കണക്ക്.
തൃശൂർ ഭാഗത്തേക്കുള്ള പാതകളിലാണ് ഇപ്പോൾ ജോലി നടക്കുന്നത്. പതിവുപോലെ വാഹനങ്ങൾ ഒറ്റവരിയിലൂടെ തിരിച്ചുവിട്ടാണ് പ്രവർത്തനങ്ങൾ നടത്തുന്നത്. വാഹന ഗതാഗതത്തിനായി പാലം തുറന്ന് കൊടുത്തിട്ട് അഞ്ചു വർഷത്തിനുള്ളിലാണ് ഇത്രയും തവണ റിപ്പയർ പ്രവർത്തനങ്ങൾ നടന്നത്. 2021 ഫെബ്രുവരി 6-നാണ് മേൽപ്പാലം തുറന്നത്.
മറ്റ് പാലങ്ങൾക്ക് അവകാശപ്പെടാൻ കഴിയാത്തത്ര റിപ്പയർ പ്രവർത്തനങ്ങൾ കുറഞ്ഞ വർഷങ്ങൾക്കുള്ളിൽ തന്നെ ഈ മേൽപ്പാലത്തിൽ നടത്തേണ്ടിവന്നു. മുമ്പ് റിപ്പയർ ജോലികൾക്ക് ചില മാസങ്ങളുടെ ഇടവേള ഉണ്ടായിരുന്നു. ഇപ്പോൾ ഇടവേളയുടെ ദൈർഘ്യം കുറഞ്ഞു; അതിനുമുമ്പേ തന്നെ ഭാഗങ്ങൾ തകരുന്നു. കഴിഞ്ഞ ഒക്ടോബറിലാണ് അവസാനമായി റിപ്പയർ ജോലി പൂർത്തിയാക്കി വാഹനഗതാഗതം അനുവദിച്ചത്. വീണ്ടും അറ്റകുറ്റപ്പണി നടത്തേണ്ട സാഹചര്യമാണിപ്പോൾ. രണ്ട് ബീമുകൾ തമ്മിൽ ജോയിൻ ചെയ്യുന്ന ഭാഗങ്ങൾ തകരുന്നതാണ് നിരന്തരമായ റിപ്പയർ ജോലികൾക്ക് പ്രധാന കാരണം.
വേനൽക്കാലത്ത് ബീമുകൾ തമ്മിൽ കൂടുതൽ അകലം ഉണ്ടായി വിടവ് കൂടും. പത്ത് സെന്റീമീറ്റർ വരെ വിടവ് ഉണ്ടാകുന്ന സാഹചര്യമുണ്ട്. മഴക്കാലത്ത് ബീമുകൾ അടുക്കുമ്പോൾ കമ്പികൾ തള്ളി പുറത്തേക്ക് വരും. ഇത് വാഹനാപകടങ്ങൾക്ക് കാരണമാകുന്നു.
വേഗത്തിൽ വരുന്ന വാഹനങ്ങൾ വിടവിലും പുറത്തേക്ക് ഉയരുന്ന കമ്പികളിലും തട്ടി നിയന്ത്രണം തെറ്റാൻ സാധ്യതയുണ്ട്. വാഹനങ്ങൾക്ക് ഉണ്ടാകുന്ന കേടുപാടുകൾ വേറെയാണ്. ചുരുക്കത്തിൽ, അനുവദനീയമായ വേഗതയിൽ പോലും വടക്കഞ്ചേരി–മണ്ണുത്തി ആറുവരി ദേശീയപാതയിലൂടെ സുരക്ഷിതമായി സഞ്ചരിക്കാൻ ബുദ്ധിമുട്ടാണ്.
വടക്കഞ്ചേരി മുതൽ മണ്ണുത്തി വരെ ഉള്ള 28 കിലോമീറ്റർ ദൂരത്തിനിടെ പല ഇടങ്ങളിലും തടസ്സങ്ങളുണ്ട്. “Go Slow”, “Stop”, “ശ്രദ്ധിച്ച് പോവുക”, “ഇടുങ്ങിയ പാത”, “ടാറിംഗ് പ്രവർത്തനം നടക്കുന്നു” തുടങ്ങിയ മുന്നറിയിപ്പ് ബോർഡുകൾ റോഡിൽ നിറഞ്ഞിരിക്കുകയാണ്. ഇതിനിടെ വാണിയമ്പാറ, കല്ലിടുക്ക്, മുടിക്കോട് തുടങ്ങിയ ഭാഗങ്ങളിൽ നടക്കുന്ന അടിപ്പാത നിർമാണവും വാഹനയാത്രികരെ ബുദ്ധിമുട്ടിലാക്കുന്നു. വഴിതിരിച്ചുവിടുന്ന ഇടങ്ങളിലെല്ലാം ഗതാഗതക്കുരുക്കാണ്.
ആറുവരി പാതയെന്ന പേരിൽ പന്നിയങ്കരയിൽ ഉയർന്ന ടോൾ നൽകി യാത്ര ചെയ്യുന്നവരാണ് ഇതുമൂലം നിശ്ചിത സമയത്ത് ലക്ഷ്യസ്ഥാനത്ത് എത്താൻ കഴിയാതെ ദുരിതമനുഭവിക്കുന്നത്.
.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

Share this News
error: Content is protected !!