യുവ കൃഷിക്കാരുടെ തണ്ണിമത്തൻ കൃഷിയിൽ മോഷണം; കിഴക്കഞ്ചേരിയിൽ ഒരു മാസം വളർന്ന പത്തോളം തൈകൾ കവർന്നു

Share this News

കിഴക്കഞ്ചേരിയിൽ
യുവ കൃഷിക്കാർ ഒരുമിച്ച് നടത്തുന്ന തണ്ണിമത്തൻ കൃഷിയിൽ സാമൂഹ്യവിരുദ്ധരുടെ മോഷണം. കിഴക്കഞ്ചേരി കോരൻചിറ പൊക്കലത്തുള്ള നെൽവയലിൽ കൃഷി ചെയ്തിരുന്ന കിരൺ മെലഡി ഫ്ലേവർ തണ്ണിമത്തൻ ചെടികളിൽ പത്തോളം തൈകളാണ് മോഷണം പോയത്. ഏകദേശം ഒരു മാസം വളർച്ചയെത്തിയ ചെടികളുള്ള വരമ്പും നശിപ്പിക്കപ്പെട്ടിട്ടുണ്ട്.

പാലക്കാട് ജില്ലയിൽ കഴിഞ്ഞ വർഷം തണ്ണിമത്തൻ കൃഷിയിൽ മികച്ച വിജയം നേടിയ ഷിബു, അജോഷ് എന്നീ യുവ കർഷകർ പട്ടത്തിനെടുത്ത സ്ഥലത്താണ് മോഷണം നടന്നത്. നെൽകൃഷി നടന്നിരുന്ന വയൽ നിലം പാകപ്പെടുത്തി, കൂനകൾ കൂട്ടി കിരൺ ഇനത്തിൽപ്പെട്ട തണ്ണിമത്തൻ വിത്താണ് ഇവർ നട്ടത്.

വിത്ത് നിക്ഷേപിച്ച ഓരോ ചെടിക്കും തുള്ളി നന സംവിധാനം ഏർപ്പെടുത്തിയിരുന്നു. ഇതിലൂടെ കൂലി ചെലവ് കുറയുന്നതിന് പുറമേ എല്ലാ ചെടികൾക്കും കൃത്യമായി ആവശ്യമായ വെള്ളവും വളവും ഒരുമിച്ച് ലഭിക്കുകയായിരുന്നു. തുള്ളി നന സംവിധാനത്തിന്റെ സഹായത്തോടെ ചെടികളുടെ വളർച്ച പ്രതീക്ഷിച്ചതിലും മികച്ചതായിരുന്നുവെന്ന് യുവ കർഷകർ പറഞ്ഞു.

ഒരു ഏക്കർ സ്ഥലത്ത് തണ്ണിമത്തൻ കൃഷി നടത്തുന്നതിന് ഏകദേശം ഒന്നര ലക്ഷം രൂപ ചെലവ് വരുമെന്നാണ് ഇവരുടെ കണക്കുകൂട്ടൽ. ഇത്തരത്തിൽ ശാസ്ത്രീയമായി പരിപാലിക്കുന്ന ചെടികൾ സാധാരണ രീതിയിൽ നാട്ടാൽ പിടിക്കാൻ പ്രയാസമാണെന്നും കർഷകർ വ്യക്തമാക്കി.
ഷിബു മുടപ്പുല്ലൂർ സ്വദേശിയും അജോഷ് ആലപ്പുഴ ജില്ലക്കാരനുമാണ്.

രണ്ട് യുവാക്കൾ ചേർന്ന് നടത്തുന്ന കൃഷി തകർക്കാനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്നാണ് സംശയം.
സംഭവത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയ കർഷക കൂട്ടായ്മ, ഇത്തരം സാമൂഹ്യവിരുദ്ധ പ്രവണതകൾക്കെതിരെ ഒന്നിക്കണമെന്ന് ആഹ്വാനം ചെയ്തു. എവിടെയെങ്കിലും സംശയകരമായി തണ്ണിമത്തൻ കൃഷി ചെയ്യുന്നതായി ശ്രദ്ധയിൽ പെട്ടാൽ ബന്ധപ്പെട്ടവരെ അറിയിക്കണമെന്നും കർഷക കൂട്ടായ്മ കൺവീനർ ബേബി മുല്ലമംഗലം ആവശ്യപ്പെട്ടു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

Share this News
error: Content is protected !!