സവാളയ്ക്ക് വിലയിടിഞ്ഞു; വടക്കഞ്ചേരിയിൽ അഞ്ചു കിലോയ്ക്ക് 100 രൂപ

Share this News

സവാളയ്ക്ക് വിലയിടിഞ്ഞു; വടക്കഞ്ചേരിയിൽ അഞ്ചു കിലോയ്ക്ക് 100 രൂപ


രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ വിളവെടുപ്പ് സജീവമായതോടെ സവാള വിലയിൽ കനത്ത ഇടിവ്. വടക്കഞ്ചേരി മേഖലയിൽ അഞ്ചു കിലോ സവാളയ്ക്ക് 100 രൂപവരെ വില കുറഞ്ഞിട്ടുണ്ട്. ചില ഇടങ്ങളിൽ ഇതിലും കുറവ് വിലയ്ക്ക് സവാള വിൽപ്പന നടക്കുന്നതായാണ് വിവരം.

വ്യാഴാഴ്ച കോയമ്പത്തൂർ എം.ജി.ആർ. മാർക്കറ്റിൽ സവാള കിലോയ്ക്ക് പത്ത് മുതൽ 17 രൂപ വരെയാണ് ലേലത്തിൽ പോയത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ കിലോയ്ക്ക് ശരാശരി 25 രൂപയായിരുന്നു വില. മഹാരാഷ്ട്ര, കർണാടക സംസ്ഥാനങ്ങളിൽ ഇത്തവണ മികച്ച വിളവുണ്ടായതോടെയാണ് വിപണിയിൽ സവാളയുടെ ഒഴുക്ക് വർധിച്ചതെന്ന് വ്യാപാരികൾ പറയുന്നു.

ഷോലാപൂർ, നാസിക് തുടങ്ങിയ പ്രധാന ഉത്പാദന കേന്ദ്രങ്ങളിൽ നിന്ന് വൻതോതിൽ സവാള എത്തുന്നുണ്ടെന്ന് എം.ജി.ആർ. മാർക്കറ്റിലെ വ്യാപാരികൾ പറയുന്നു.

ഗുണമേന്മ കുറഞ്ഞയിനത്തിന് കിലോയ്ക്ക് പത്ത് രൂപയാണ് വില. മികച്ച ഗുണമേന്മയുള്ള സവാളയ്ക്ക് പോലും 17 രൂപയിൽ കൂടുതൽ ലഭിക്കുന്നില്ല. നിലവിലെ സാഹചര്യത്തിൽ സീസൺ അവസാനിക്കുന്ന ഏപ്രിൽ വരെ വിലയിടിവ് തുടരുമെന്നാണ് വ്യാപാരികളുടെ വിലയിരുത്തൽ.
കേരളവും തമിഴ്‌നാടും ഒഴികെയുള്ള ഭൂരിഭാഗം സംസ്ഥാനങ്ങളിലും സവാള കൃഷി വ്യാപകമായതിനാൽ ഈ രണ്ട് സംസ്ഥാനങ്ങളിലേക്കാണ് കൂടുതൽ സവാള എത്തുന്നത്.

എം.ജി.ആർ. മാർക്കറ്റിൽ നിന്ന് കേരളത്തിലേക്കാണ് പ്രധാനമായും ചരക്ക് പോകുന്നത്. അവിടെ നിന്ന് ലോഡുകളായി കൊണ്ടുവന്ന് വടക്കഞ്ചേരി ഉൾപ്പെടെയുള്ള മേഖലകളിൽ വിൽപ്പന നടത്തുന്നവർ അഞ്ചു കിലോയ്ക്ക് 100 രൂപയാണ് ഈടാക്കുന്നത്. എന്നാൽ ചില്ലറ വിൽപ്പന കേന്ദ്രങ്ങളിൽ ചിലയിടങ്ങളിൽ ഇതിലും കൂടുതൽ വില ഈടാക്കുന്നതായും ഉപഭോക്താക്കൾ പരാതിപ്പെടുന്നു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/EDw1S5eTwPYCIRpkFAtPjw?mode=hqrt1


Share this News
error: Content is protected !!