അത്ഭുതമായി വീണ്ടും ‘താമരച്ചക്ക’; ഒരു പ്ലാവിൽ ആയിരത്തിലധികം കുഞ്ഞൻ ചക്കകൾ

Share this News

കാർഷിക മേഖലയിലെ പുതുമകളിലൂടെ ശ്രദ്ധേയനായ കിഴക്കഞ്ചേരി കണിയമംഗലം തട്ടാംപടവ് പുത്തൻപുരയിൽ സാജു തോമസിന്റെ തോട്ടത്തിൽ ഈ വർഷവും കൗതുകമായി വീണ്ടും വിരിഞ്ഞു നിൽക്കുകയാണ് ‘താമരച്ചക്ക’. ഒരൊറ്റ പ്ലാവിൽ തന്നെ ആയിരത്തിലധികം കുഞ്ഞൻ ചക്കകൾ കായ്ച്ചുനിൽക്കുന്ന ഈ അപൂർവ കാഴ്ച നാട്ടുകാരെയും കർഷകരെയും ഒരുപോലെ ആകർഷിക്കുകയാണ്.

സാധാരണ പ്ലാവുകളിൽ നിന്ന് വ്യത്യസ്തമായി, ഈ പ്ലാവിൽ ചക്കകൾ കുലകളായാണ് വിരിയുന്നത്. അടക്കക്കുല പോലെ തിങ്ങിനിറഞ്ഞ കുലകളിൽ 20ഓളം ചക്കകൾ വരെ കാണാം. ഓരോ കുലയിലും പല വലിപ്പത്തിലുള്ള ചക്കകളുണ്ട്. അടക്കയുടെ വലിപ്പമുള്ള കുഞ്ഞൻ ചക്ക മുതൽ ചെറിയ തേങ്ങയുടെ വലിപ്പം വരെ ഉള്ളവയാണ് ഇവ.
കണ്ടാൽ കടച്ചക്കയെ ഓർമ്മിപ്പിക്കുന്ന ഈ തനി നാടൻ ചക്കയ്ക്ക് പ്രത്യേകതകളും ഏറെയാണ്. ചെറിയ ചക്കകളിൽ ഒരു ചുള മാത്രമേ ഉണ്ടാകൂ. വലിയവയിൽ 20 മുതൽ 30 വരെ ചുളകൾ ലഭിക്കും.

സാധാരണയായി ഒരു ചക്കയ്ക്ക് ഏകദേശം ഒരു കിലോ വരെ തൂക്കം വരും. സാധാരണ ചക്കയെക്കാൾ രുചിയും മണവും കൂടുതലാണെന്നും പഴുത്താൽ നല്ല മധുരമാണെന്നും സാജു തോമസ് പറയുന്നു.

പെരുമ്പാവൂരിൽ നിന്ന് കൊണ്ടുവന്ന ഉണ്ടച്ചക്കയുടെ കൊമ്പ്, നാട്ടിൽ വളർന്ന നാടൻ ചക്കക്കുരുവിൽ മുളപ്പിച്ച തൈയിൽ ബഡ് ചെയ്താണ് സാജു ഈ ‘താമര പ്ലാവ്’ വളർത്തിയെടുത്തത്. മുളപ്പിച്ച് അഞ്ചാം വർഷം മുതലാണ് പ്ലാവിൽ ചക്ക കായ്ച്ചുതുടങ്ങിയത്.

ഇപ്പോൾ വിളഞ്ഞുനിൽക്കുന്ന ഈ പ്ലാവിൽ ആയിരത്തിലധികം ചക്കകൾ ഉണ്ടെന്നാണ് കണക്കുകൂട്ടൽ. ‘നാനോ’ വലിപ്പത്തിലുള്ള ഈ ചക്കകൾ വിഷു കണിയൊരുക്കാനും ഏറെ സൗകര്യപ്രദമാണെന്ന് സാജു പറയുന്നു.

പുതുമയുള്ള കാർഷിക പരീക്ഷണങ്ങൾക്കൊപ്പം പ്രകൃതിയോട് ചേർന്ന് നിൽക്കുന്ന കൃഷിരീതികൾ പരീക്ഷിച്ചുകൊണ്ടിരിക്കുന്ന സാജുവിന്റെ തോട്ടത്തിലെ ‘താമരച്ചക്ക’ ഇപ്പോൾ പ്രദേശത്തെ കൗതുകകാഴ്ചയായി മാറിയിരിക്കുകയാണ്. കർഷകരും പ്രകൃതി സ്നേഹികളും ഈ അപൂർവ പ്ലാവ് കാണാൻ എത്തുന്നുമുണ്ട്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

Share this News
error: Content is protected !!