മാരകരോഗം ബാധിച്ച യുവതിയുടെ ചികിത്സയ്ക്കായി ചേരുംകുഴി വാർഡ് കോൺഗ്രസ് കമ്മിറ്റി ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച തുക കൈമാറി

Share this News

അവസ്‌കുലർ നെക്രോസിസ് എന്ന മാരകരോഗം ബാധിച്ച പയ്യനം ചേരുംകുഴി സ്വദേശിനിയായ യുവതിയുടെ ചികിത്സയ്ക്കായി കോൺഗ്രസ് സമാഹരിച്ച തുക കൈമാറി. കുളത്തിങ്കൽ അഖിൽ ഭാര്യ അനാമിക (24) യുടെ ചികിത്സയ്ക്കാണ് ചേരുംകുഴി വാർഡ് കോൺഗ്രസ് കമ്മിറ്റി ബിരിയാണി ചലഞ്ചിലൂടെ 2,40,082 രൂപ സമാഹരിച്ചത്. കെപിസിസി സെക്രട്ടറി അഡ്വ. ഷാജി കോടങ്കണ്ടത്ത് ചേരുംകുഴി വികാരി ഫാ. സെബി കവലക്കാട്ടിന്റെ സാന്നിധ്യത്തിലാണ് കുടുംബത്തിന് സഹായം കൈമാറിയത്. വാർഡ് പ്രസിഡന്റ് ജെസ്‌ജോ ആനിക്കാട്ട് അധ്യക്ഷത വഹിച്ചു.

ആശുപത്രി അധികൃതരുടെ അനാസ്ഥയിൽ അമിത അളവിൽ മരുന്ന് കുത്തിവെച്ചതാണ് രോഗകാരണമെന്ന് കുടുംബം പറഞ്ഞു. രണ്ട് ഹിപ്പും, ഷോൾഡറും മാറ്റിവയ്ക്കുന്നതിനുള്ള ശസ്ത്രക്രിയ ആണ് അനാമികയ്ക്ക് നടത്തേണ്ടത്. അസ്ഥികളിലേയ്ക്കുള്ള രക്തയോട്ടം തടസ്സപ്പെടുന്നത് മൂലം അസ്ഥി കോശങ്ങൾ നശിക്കുന്ന ഗരുതര അവസ്ഥയാണ് അവസ്‌കുലർ നെക്രോസിസ്. അസ്ഥികൾ പൊട്ടുന്നതിനും സന്ധികൾ തകരുന്നതിനും ഇത് കാരണമാകും. ഇതുമൂലം അമിതമായ വേദനയും അനുഭവിക്കേണ്ടി വരുന്നുണ്ട്.

തന്റെ കുഞ്ഞു മകനെ കൈകൾ കൊണ്ട് ഒന്ന് എടുക്കുവാൻ കഴിയാത്തതാണ് രോഗത്തേക്കാൾ അനാമികക്ക് വേദന നൽകുന്നത്. അനാമികയുടെ ചികിത്സാ സഹായത്തിന് മുന്നിട്ടിറങ്ങുകയും രണ്ടര ലക്ഷം രൂപയോളം സഹായ ധനമായി സംഘടിപ്പിച്ചു നൽകുകയും ചെയ്ത വാർഡ് കോൺഗ്രസ് കമ്മിറ്റിയെ ഷാജി കോടങ്കണ്ടത്ത് അനുമോദിച്ചു.

ബ്ലോക്ക് പഞ്ചായത്ത് മെമ്പറും ഡിസിസി ജനറൽ സെക്രട്ടറിയുമായ കെ സി അഭിലാഷ്, പഞ്ചായത്ത് മെമ്പർ സാബു വലിയപറമ്പിൽ, ഡിസിസി ജനറൽ സെക്രട്ടറി എം.എൽ ബേബി, മണ്ഡലം പ്രസിഡന്റ് ഇ.എസ് അനിരുദ്ധൻ, ഫാർമേഴ്‌സ് ബാങ്ക് പ്രസിഡന്റ് ജെയ്‌സൺ പി.സി, വാർഡ് മെമ്പർമാരായ പി.കെ വിജേഷ്, സൗമ്യ ബിജു, വാർഡ് കോൺഗ്രസ് കമ്മിറ്റി നേതാക്കളായ ജോയ് കുളങ്ങര, വി.വി ദേവസി, ഷാജി മേൽകുന്നേൽ, ബേബി താഴത്തെകുടയിൽ, പീച്ചി സർവീസ് സഹകരണ ബാങ്ക് ബോർഡ് മെമ്പർ രാജു കാവിയത് എന്നിവർ സംസാരിച്ചു


പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/CWun4SHjrMO8d8GFpTte3V

Share this News
error: Content is protected !!