
ഓണത്തോടനുബന്ധിച്ച് ഗുണനിലവാരം കുറഞ്ഞതും മായം കലർന്നതുമായ
പാൽ അതിർത്തി കടന്ന് എത്തുന്നത് തടയുന്നതിനായി ചെക്ക്പോസ്റ്റുകളിൽ ആരംഭിച്ച ക്ഷീരവികസന വകുപ്പ്
താൽക്കാലിക പാൽ പരിശോധന കേന്ദ്രത്തിൻ്റെ
പ്രവർത്തനങ്ങൾ ജോയിൻ്റ് ഡയറക്ടർ
(പ്ലാൻ) പി.എ. ബീന വിലയിരുത്തി.

അന്യ സംസ്ഥാനങ്ങളിൽ നിന്നും ഓണക്കാലത്ത് കൂടുതൽ പാൽ കേരളത്തിലേക്ക് എത്താൻ സാധ്യതയുള്ളതിനാൽ ക്ഷീരവികസന വകുപ്പ് പരിശോധന കൂടുതൽ ശക്തമാക്കിയിട്ടുണ്ട്.
മീനാക്ഷിപുരത്തുള്ള ക്ഷീര വികസന വകുപ്പിന്റെ സ്ഥിരം ചെക്ക് പോസ്റ്റിലൂടെ 12.08 ലക്ഷം ലിറ്റർ പാലും വാളയാറിൽ സ്ഥാപിച്ച താൽക്കാലിക ചെക്പോസ്റ്റിലൂടെ 6.36 ലക്ഷം ലിറ്റർ പാലും ഉൾപ്പെടെ സെപ്തംബർ 05 വരെ
18.44 ലക്ഷം ലിറ്റർ പാൽ ആണ് കേരളത്തിലെ വിപണികളിൽ എത്തിയത്.

രണ്ടു ചെക്ക് പോസ്റ്റുകളിലുമായി ആകെ 454 സാമ്പിളുകളുടെ പരിശോധന നടത്തി. നിശ്ചിത ഗുണനിലവാരമില്ലാത്ത 15,990 ലിറ്റർ പാൽ പരിശോധനകളെ തുടർന്ന് ഭക്ഷ്യ
സുരക്ഷ വിഭാഗത്തിന് കൈമാറിയതായും ക്ഷീര വികസന വകുപ്പ് അധികൃതർ അറിയിച്ചു. സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ ഇൻഫർമേഷൻ സെൻ്ററിൽ 79 സാമ്പിളുകളുടെ പരിശോധന നടത്തി
ഗുണനിലവാരം ഉറപ്പുവരുത്തിതായും അധികൃതർ അറിയിച്ചു.
