മലയാളത്തിന്റെ വല്ല്യേട്ടന് ഇന്ന് 71-ാം പിറന്നാൾ

Share this News

റിപ്പോർട്ട് : നിസാം പുതുക്കോട്

മലയാളത്തിന്റെ വല്ല്യേട്ടന് ഇന്ന് 71-ാം പിറന്നാൾ
കഴിഞ്ഞ 51 വർഷമായി സിനിമയോടും അഭിനയത്തോടുമുള്ള തീരാമോഹത്തോടെ ജൈത്രയാത്ര തുടരുന്ന മലയാളത്തിന്റെ അഭിനയ സുകൃതത്തിന് ഇന്ന് 71-ാം പിറന്നാൾ.ലോക സിനിമയ്ക്ക് മുന്നിൽ എന്നും അഭിമാനത്തോടെ മലയാളിക്ക് പറയാൻ കിട്ടിയ മഹാഭാഗ്യമാണ് മമ്മൂട്ടി. പ്രായത്തിന്റെ പാടുകൾ മനസ്സിലും ശരീരത്തിലും ഏൽക്കാതെ പ്രായം വെറും അക്കങ്ങൾ മാത്രമാണെന്ന് ഓരോ നിമിഷവും ഈ അതുല്യ പ്രതിഭ തെളിയിച്ചു കൊണ്ടിരിക്കുന്നു.മമ്മൂട്ടിക്ക് പ്രായമാണോ ഗ്ലാമറാണോ കൂടുന്നതെന്ന സംശയമാണ് ഓരോ പിറന്നാൾ ആകുമ്പോഴും കേരളം ചോദിക്കുന്നത്.’അനുഭവങ്ങൾ പാളിച്ചകൾ’ എന്ന സിനിമയുടെ സെറ്റിൽ ചാക്കുവിരിച്ച് ഉറങ്ങുകയായിരുന്ന സത്യൻ മാഷിന്റെ കാലിൽ അദ്ദേഹമറിയാതെ തൊട്ടുവണങ്ങിത്തുടങ്ങിയ യാത്രയാണ് മമ്മൂട്ടിയുടേത്. പിന്നീട് ആ ചെറുപ്പക്കാരൻ പകർന്നാടിയത് എത്ര കഥാപാത്രങ്ങൾ, എന്തെന്തു വേഷപ്പകർച്ചകൾ, എത്ര അംഗീകാരങ്ങൾ.എഴുപത്തൊന്നാം വർഷത്തിൽ അൻപത്തി ഒന്ന് വർഷവും അഭിനയിച്ച മഹാജീവിതം.നിത്യഹരിതമായൊരു അഭിനയകാലമായി മമ്മൂട്ടി തുടരുന്നു.ഓരോ മലയാളിയുടേയും മനസ്സിനെ തൊട്ട ഒരു നിമിഷമെങ്കിലും ഇക്കാലം കൊണ്ട് മമ്മൂട്ടി പകർന്നാടി.



1971 ഓഗസ്റ്റിലാണ് സത്യൻ നായകനായി എത്തിയ ‘അനുഭവങ്ങൾ പാളിച്ചകൾ’ റിലീസ് ചെയ്തത്. ജൂനിയർ ആർട്ടിസ്റ്റാണെങ്കിലും മമ്മൂട്ടി മുഖം കാട്ടിയത് ‘അനുഭവങ്ങൾ പാളിച്ചകളിലാ’ണ്. ഈ സിനിമയിലൂടെ സത്യൻ സംസ്ഥാന സർക്കാരിന്റെ മികച്ച നടനുള്ള അവാർഡ് സ്വന്തമാക്കി. അന്ന് ജൂനിയർ ആർട്ടിസ്റ്റായി വന്ന മമ്മൂട്ടി, ഈ അവാർഡ് പലതവണ വാങ്ങി.ആദ്യമായി മുഖം കാട്ടിയത് 1971ൽ ആണെങ്കിലും 1980ലെ ‘വിൽക്കാനുണ്ട് സ്വപ്നങ്ങൾ’ എന്ന സിനിമയുടെ ടൈറ്റിലിലാണ് മമ്മൂട്ടിയുടെ പേര് ആദ്യമായി തെളിയുന്നത്.ഈ മഹാനടൻ ഇനിയും ആഘോഷിക്കട്ടെ ഒരുപാട് ജന്മദിനങ്ങൾ എന്നാണ് മലയാളിയുടെ ആഗ്രഹവും പ്രാർത്ഥനയും.കാത്തിരിക്കാം, ഇനിയുമേറെ അത്ഭുതപ്പെടുത്താനിരിക്കുന്ന മമ്മൂട്ടിയിലെ നടന് വേണ്ടി.


Share this News
error: Content is protected !!