
സാഹിത്യകാരൻ മുണ്ടൂർ സേതുമാധവൻ ഉദ്ഘാടനം ചെയ്യുന്നു

ചിറ്റൂർ . മലയാള ചെറുകഥയുടെ നവോത്ഥാന കാലത്തെ ഏറ്റവും പ്രതിഭാധനന്മാരായ തകഴി, കേശവദേവ് , പൊൻകുന്നം വർക്കി എന്നിവർക്കൊപ്പം തലയുയർത്തി നിൽക്കുന്ന കഥാകാരനാണ് ടി കെ സി വടുതലയെന്ന്
സാഹിത്യകാരൻ മുണ്ടൂർ സേതുമാധവൻ. ചിറ്റൂർ ഗവ. കോളജിൽ കേന്ദ്ര സാഹിത്യ അക്കാദമിയും കോളജ് മലയാള വിഭാഗവും ചേർന്നു സംഘടിപ്പിച്ച ഏകദിന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കാലഘട്ടത്തിൻ്റെ ഘോഷയാത്രയിൽ നമ്മെ പിടിച്ചിരുത്തുന്ന ബസ് സ്റ്റോപ്പാണ് ടി കെ സി വടുതല. തൻ്റെ കാലഘട്ടത്തിലെ സ്വന്തം സമുദായ പരിസ്ഥിതിയെ ആധാരമാക്കി ടി കെ സി രൂപം നൽകിയ കഥകൾ ഏതു കാലത്തെ മനുഷ്യനെയും മാനസിക സംസ്കരണത്തിന് ഉതകുംവിധം മേലേത്തട്ടിലുള്ളതാണ്. മനുഷ്യ ജീവിതത്തെ ആഖ്യാനം ചെയ്യാനുള്ള ഒരുത്തമ മാധ്യമമാണ് ടി കെ സി ക്കു കഥ എന്ന കലാരൂപം അദ്ദേഹം പറഞ്ഞു.

ടി കെ സി കഥകളുടെ മുഖമുദ്രയെന്നത് മാനവികതയാണെന്ന് ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തിയ ചെറുകഥാകൃത്ത് എം രാജീവ്കുമാർ അഭിപ്രായപ്പെട്ടു. പൗരോഹിത്യത്തിലെ പൊള്ളത്തരവും നീറുന്ന ജാതിചിന്തയും ആക്ഷേപഹാസ്യത്തിലൂടെ പൊതുസമൂഹത്തിൽ അദ്ദേഹം പൊളിച്ചടുക്കി. യഥാർഥത്തിൽ കേരളത്തിൽ നടന്നത് നവോത്ഥാനമല്ല മറിച്ച്
പൊള്ളത്തരമായിരുന്നുവെന്ന് രാജീവ് കുമാർ ചൂണ്ടിക്കാട്ടി.കോളജ് പ്രിൻസിപ്പാൾ വി കെ അനുരാധ അധ്യക്ഷതയായി മലയാള വിഭാഗം അധ്യക്ഷൻ ടി ശ്രീവത്സൻ, ചന്ദ്രഹാസൻ വടുതല, ശരത്ബാബു തച്ചമ്പാറ , സാഹിത്യ അക്കാദമി മലയാളം ഉപദേശക സമതിയംഗം എൽ വി ഹരികുമാർ വി ആർ അഞ്ജന എന്നിവർ സംസാരിച്ചു.

തുടർന്നു നടന്ന സെമിനാറിൽ വിമോചനാശയങ്ങളും ടി കെ സി വടുതലയുടെ സാഹിത്യവും എന്നതിൽ ഡോ. സി ഗണേഷ് വടുതലയുടെ ജീവിത നിരീക്ഷണം കഥകളിൽ എന്നതിൽ സുധീർ പരമേശ്വരൻ എന്നിവർ പ്രബന്ധം അവതരിപ്പിച്ചു. മലയാള വിഭാഗം അധ്യാപിക കെ മഞ്ജു അദ്ധ്യക്ഷയായി. സി എസ് സജീഷ് സംസാരിച്ചു.പിന്നീട് നടന്ന സെമിനാറിൽ മലയാള ചെറുകഥയിലെ തദ്ദേശ ജനശബ്ദം വടുതല കഥകളിൽ എന്ന വിഷയം എം ബി മനോജ്, സമൂഹബന്ധവും വടുതലയുടെ രചനകളും എന്ന വിഷയം പ്രസാദ് കാക്കശേരി എന്നിവർ അവതരിപ്പിച്ചു. മലയാള വിഭാഗം അധ്യാപിക കെ. ശ്രീപ്രിയ അധ്യക്ഷയായി. കെ ആർ സരിത യു കൃഷ്ണാഞ്ജലി എന്നിവർ പങ്കെടുത്തു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/GHBywu9UGa01oFJoKsDFxo