
ദേശീയപാത കുതിരാനിലെ വിള്ളൽ ; മന്ത്രി തല യോഗം ഇന്ന്
മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത കുതിരാൻ പാതയിൽ വിള്ളൽ കണ്ടെത്തിയ കൽക്കെട്ട് നിർമാണത്തിലെ അപാകത സംബന്ധിച്ച് ഇന്ന് മന്ത്രി കെ.രാജൻറെ സാന്നിധ്യത്തിൽ യോഗം ചേരും. ഉച്ചകഴിഞ്ഞ് കളക്ടറേറ്റിലാണ് യോഗം. നിർമാണ പ്രവൃത്തികളിൽ അപാകതകളുണ്ടെന്നും കൽക്കെട്ടിന് മതിയായ ചരിവില്ലെന്നും പദ്ധതി രേഖയനുസരിച്ചല്ല നിർമാണ പ്രവർത്തനം നടന്നിട്ടുള്ളതെന്നുമടക്കം ദേശീയപാത അതോറിറ്റി പ്രൊജക്ട് മാനേജർ ബിപിൻ മധുവിൻറെ പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് യോഗം ചേരുന്നത്. കരാർ കമ്പനിയിൽ നിന്നും ഗുരുതര വീഴ്ചയുണ്ടായെന്നാണ് ദേശീയപാത അതോറിറ്റി തന്നെ കലക്ടർക്ക് നൽകിയ റിപ്പോർട്ടിലുള്ളത്. കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ഉദ്ഘാടനം ചെയ്ത റോഡുകളിൽ ഉൾപ്പെട്ടതാണ് ഇപ്പോൾ തകർന്ന റോഡ്. കനത്ത മഴയിൽ കൽക്കെട്ട് പുറത്തേക്ക് തള്ളുകയും റോഡിൽ വിള്ളൽ വീഴുകയുമായിരുന്നു. ഈ സാഹചര്യത്തിലായിരുന്നു മന്ത്രിയുടെ സന്ദർശനം.

അടിയന്തര റിപ്പോർട്ടും തേടിയിരുന്നത്. കരാർ കമ്പനിക്ക് നോട്ടീസ് നൽകിയിട്ടുണ്ടെന്നും കൽക്കെട്ട് ഇളകിയത് സംബന്ധിച്ച് അടിയന്തരമായി പരിശോധിക്കാനും ദേശീയപാത അതോറിറ്റി നിർദേശിച്ചിരുന്നതായി പറയുന്നു. കല്‍ക്കെട്ട് മതിയായ ചരിവോടു കൂടിയല്ല നിര്‍മ്മിച്ചതെന്നും അടുത്ത മണ്‍സൂണിന് മുമ്പ് പാര്‍ശ്വഭിത്തി ബലപ്പെടുത്തണമെന്നും പാര്‍ശ്വഭിത്തിയുടെ ചെരിവിന്‍റെ അനുപാതം വര്‍ധിപ്പിക്കണമെന്നും വിള്ളലുണ്ടായ റോഡ് തുടർന്ന് പരിശോധന നടത്തുന്നതിനും ഈ ഭാഗങ്ങളില്‍ കോണ്‍ക്രീറ്റ് ഉപയോഗിച്ച് ബലപ്പെടുത്തല്‍ നടത്തണമെന്നും പ്രൊജക്ട് മാനേജർ നൽകിയ റിപ്പോർട്ടിലുണ്ട്. നാട്ടുകാരുടെ ആവശ്യപ്രകാരം ഒഴിച്ചിട്ട സർവീസ് റോഡ് നികത്തി കല്‍ക്കെട്ട് ബലപ്പെടുത്താനാണ് ദേശീയപാത അതോറിറ്റി ആലോചിക്കുന്നത്. എന്നാൽ കരാർ കമ്പനിയുടെ ഭാഗത്ത് നിന്നും ഗുരുതര വീഴ്ച കണ്ടെത്തിയ സാഹചര്യത്തിൽ ഗൗരവകരമായ പരിശോധനയും കമ്പനിക്കെതിരെ നടപടിയും വേണമെന്ന ആവശ്യമുയർന്നിട്ടുണ്ട്. ദേശീയപാത അതോറിറ്റി അധികൃതർ, കരാർ കമ്പനി പ്രതിനിധികൾ, സംസ്ഥാന പൊതുമരാമത്ത് വിഭാഗം, ജനപ്രതിനിധികളും, പ്രദേശവാസികളുടെ പ്രതിനിധികൾ എന്നിവരും യോഗത്തിൽ പങ്കെടുക്കും.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/GHBywu9UGa01oFJoKsDFxo