ഇന്ന് അന്താരാഷ്ട്ര വനിതാദിനം (International women’s day) എല്ലാ വർഷവും മാർച്ച് 8 ആം തീയതി വനിതാ ദിനമായി ആചരിക്കുന്നു

Share this News

ദേശത്തിന്റെ അതിരുകൾക്കപ്പുറത്ത്, ലോകമെമ്പാടുമുള്ള വനിതകൾക്കായി ഒരു ദിനം എന്ന ചിന്തയിൽ നിന്നാണ് വനിതാ ദിനാചരണം ഉരുത്തിരിഞ്ഞത്. അന്താരാഷ്ട്ര വനിതാദിനം (International women’s day) എല്ലാ വർഷവും മാർച്ച് 8 ആം തീയതി ആചരിക്കുന്നു .

ഈ ദിനത്തിന് ഒരുപാട് ചരിത്രനിമിഷങ്ങളുടെ ഓർമകൾ കൂട്ടുണ്ട്. സ്വന്തം ജോലിസ്ഥലത്തെ സൗകര്യങ്ങളും ജീവിതസാഹചര്യങ്ങളും മെച്ചപ്പെടുത്താനായി സ്ത്രീകൾ നടത്തിയ മുന്നേറ്റത്തിന്റെ പിൻബലവും, വ്യവസായ കുത്തകകളുടെ ആധിപത്യത്തിനുമേൽ വിയർപ്പും ശക്തിയും കൊണ്ട് സ്ത്രീകൾ വരിച്ച വിജയത്തിന്റെ കഥയും അവയിൽ പ്രധാനപ്പെട്ടവ. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ വ്യാവസായിക വളർച്ചയിലേക്ക് കാലൂന്നിയിരുന്ന പല രാജ്യങ്ങളിലും കുറഞ്ഞ വേതനത്തിലും മോശപ്പെട്ട തൊഴിൽ ചുറ്റുപാടിലും ജീവിക്കേണ്ടിവന്ന സ്ത്രീകളുടെ കരളുറപ്പിന്റെ അനുസ്മരണമാണ് അന്താരാഷ്ട്ര വനിതാദിനമെന്ന ആശയത്തിന് പാതയൊരുക്കിയത്. യാഥാസ്ഥിക പുരുഷാധിപത്യ സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട സ്ത്രീകളുടെ ശാരീരികവും, മാനസികവും, സാമൂഹികവുമായ ശാക്തീകരണം (Empowerment) ഇതിന്റെ ഭാഗമാണ്. ലിംഗസമത്വം (Gender Equality), ലിംഗനീതി തുടങ്ങിയ ആശയങ്ങൾ ഇതുമായി ബന്ധപെട്ടു ഉയർത്തിപ്പിടിക്കാറുണ്ട്. സ്ത്രീകളോടുള്ള വിവേചനവും (Discrimination) അതിക്രമങ്ങളും അവസാനിപ്പിക്കുക എന്നതും അന്താരാഷ്ട്ര വനിതാദിനാചരണത്തിന്റെ മുഖ്യ ലക്ഷ്യങ്ങളിൽ ഒന്നാണ്.

1857 മാർച്ച്, 8 ന്, ന്യൂയോർക്കിലെ വനിതകൾ നടത്തിയ സമരവും പ്രക്ഷോഭവുമാണ് വനിതാദിനത്തിന് തുടക്കമായത് . തുണിമില്ലുകളിൽ ജോലിചെയ്തിരുന്ന ആയിരക്കണക്കിന് സ്ത്രീകൾ സംഘടിച്ച്, കുറഞ്ഞ ശമ്പളത്തിനെതിരായും ദീർഘസമയത്തെ ജോലി ഒഴിവാക്കുവാനും മുതലാളിത്തത്തിനുമെതിരെ വോട്ടുചെയ്യാനുമുളള അവകാശത്തിനുവേണ്ടിയും ആദ്യമായി സ്വരമുയർത്തിയപ്പോൾ അത് ചരിത്രത്തിന്റെ ഭാഗമാവുകയായിരുന്നു. പിന്നീട് ലോകവനിതാദിനമെന്ന ആശയം കടന്നുവന്നപ്പോൾ മാർച്ച് എട്ട് ഏകകണ്ഠമായി തിരഞ്ഞെടുക്കപ്പെടാനും കാരണം മറ്റൊന്നല്ല.

ഈ സമരാഗ്‌നി ലോകമാകെ പടരാൻ പിന്നീട് താമസമുണ്ടായില്ല. വരും വർഷങ്ങളിൽ ലോകത്തിന്റെ പല ഭാഗങ്ങളിലും സ്ത്രീകൾ അവരുടെ അവകാശങ്ങൾക്കായി ശബ്ദമുയർത്തുവാൻ ഇത് നിമിത്തമായി. അമേരിക്കയിൽ അമേരിക്കൻ സോഷ്യലിസ്റ്റ് പാർട്ടിയുടെ ആഹ്വാനപ്രകാരം 1909 ഫെബ്രുവരി 28 നാണ് ആദ്യവനിതാദിനാചരണം നടന്നത്. പത്തൊൻപതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിലും ന്യൂയോർക്കിൽ തങ്ങളുടെ അവകാശങ്ങൾക്കായി പോരാടിയ വനിതകളുടെ ഓർമക്കായിട്ടായിരുന്നു വനിതാദിനാചരണം.

അതിനെ തുടർന്ന് 1910 ൽ , കോപ്പൻഹേഗനിൽ നടന്ന രണ്ടാം സോഷ്യലിസ്റ്റ് ഇന്റർനാഷണലിന്റെ സമ്മേളനത്തിൽ വനിതാദിനം സാർവ്വദേശീയമായി ആചരിക്കണമെന്ന ആവശ്യമുയർന്നു. ജർമ്മനിയിലെ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയുടെ വനിതാ വിഭാഗം അദ്ധ്യക്ഷയും പിൽക്കാലത്ത് കമ്മ്യൂണിസ്റ്റ് നേതാവുമായ ക്ലാര-സെട്കിൻ ആണ് ഇതിനു മുൻകൈ എടുത്തത്‌. അന്ന് 17 രാജ്യങ്ങളിൽനിന്നുള്ള വനിതാ പ്രതിനിധികൾ പങ്കെടുത്ത സമ്മേളനത്തിൽ പങ്കുവെക്കപ്പെട്ട ഈ ആശയത്തിന് അപ്പോൾത്തന്നെ അംഗീകാരം നൽകി. തുടർന്ന് തൊട്ടടുത്ത വർഷം, 1911 മാർച്ച്‌ എട്ടിന്, അന്താരാഷ്ട്രതലത്തിൽ ഈ ദിനം പലരാജ്യങ്ങളിലും ആചരിച്ചു. ഇതനുസരിച്ച്,1911 മാർച്ച്‌ 19നു ജർമ്മനിയും സ്വിറ്റ്സർലാന്റുംഉൾപ്പെടെ ഉള്ള രാജ്യങ്ങൾ വനിതാദിനം ആചരിച്ചു.

1917 മാർച്ച്‌ എട്ടിന് റഷ്യയിൽ നടത്തിയ വനിതാദിനപ്രകടനം , റഷ്യൻ വിപ്ലവത്തിന്റെ ഒന്നാം ഘട്ടമായി കണക്കാക്കപ്പെടുന്നു. റഷ്യയിൽ മാർച്ച് 8 ഇന്നും വിപുലമായി ആചരിക്കുന്നു, അവിടെ അത് പൊതു അവധി ദിവസവുമാണ് 1975-ലാണ് ഐക്യരാഷ്ട്ര സഭ മാർച്ച് എട്ട് അന്താരാഷ്ട്ര വനിതാദിനമായി പ്രഖ്യാപിച്ചത്.

പ്രാദേശിക വാർത്തകളും പരസ്യങ്ങളും പ്രസിദ്ധീകരിക്കുന്നതിന് വിളിക്കുക 9895792787

Share this News
error: Content is protected !!