
പൊങ്കൽ കളറാകും; ‘തല’യും ‘ദളപതി’യും നാളെ നേർക്കുനേർ
റിപ്പോർട്ട് : നിസാം കൊട്ടാരശ്ശേരി
വിജയ് ചിത്രം വാരിസും അജിത്ത് ചിത്രം തുനിവും നാളെ തിയേറ്ററുകളിൽ, വൻ വരവേൽപ്പിനൊരുങ്ങി ആരാധകർ
തിയേറ്ററുകളെ പൂരപ്പറമ്പാക്കുന്ന,താരമൂല്യത്തിൽ എതിരാളികളില്ലാത്ത തമിഴ് സിനിമാ ലോകത്തെ രണ്ടു സൂപ്പർതാരങ്ങളാണ് ‘ദളപതി’ വിജയും ‘തല’ അജിത്തും. ഈ പൊങ്കലിന് തിയേറ്ററുകളിൽ ഇരുവരും നേർക്കുനേർ പോരാട്ടത്തിനിറങ്ങുകയാണ്. വിജയ് ചിത്രം വാരിസും അജിത്ത് ചിത്രം തുനിവും പൊങ്കലിന് തിയേറ്ററുകളിലെത്തുമ്പോൾ തെന്നിന്ത്യ കണ്ട ഏറ്റവും വലിയ ബോക്സോഫീസ് യുദ്ധത്തിനാണ് കളമൊരുങ്ങുന്നത്.

ഇന്ന് താരമൂല്യത്തിലും ആരാധകരുടെ എണ്ണത്തിലും കോളിവുഡിൽ ഇവർക്ക് വെല്ലുവിളി ഉയർത്താൻ വേറെ ആരും ഇല്ല.അതുകൊണ്ടുതന്നെഇരുവരുടെയും ചിത്രങ്ങൾ ഒരുമിച്ച് റിലീസിനെത്തുമ്പോൾ ബോക്സ് ഓഫീസിന് ഒരു പുത്തനുണർവ് സമ്മാനിക്കും എന്ന് തന്നെയാണ് എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുന്നത്. തമിഴ്നാട്ടിൽ 400 വീതം തീയറ്ററുകളിലാണ് ചിത്രം പ്രദർശനത്തിനെത്തുക. കേരളത്തിൽ 200ൽ അധികം തിയേറ്ററുകളിൽ ചിത്രം പ്രദർശനത്തിനു എത്തുമെന്നാണ് സൂചന.

ദളപതി വിജയിനെ നായകനാക്കി വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന ബഹുഭാഷാചിത്രമാണ് വാരിസ്.ഒരേസമയം തമിഴിലും തെലുഗുവിലുമായി ഒരുങ്ങുന്ന ചിത്രം ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജുവും ശിരീഷും ചേർന്നാണ് നിർമിക്കുന്നത്.തെന്നിന്ത്യൻ സെൻസേഷൻ രശ്മിക മന്ദാനയാണ് ചിത്രത്തിൽ നായികയാകുന്നത്.വാരിസിലെ ഗാനങ്ങൾ ഇതിനകം തന്നെ ട്രെൻഡിങ് ലിസ്റ്റുകളിൽ ഇടംനേടിക്കഴിഞ്ഞു.

നേർക്കൊണ്ട പാർവൈ, വാലിമൈ എന്നീ ചിത്രങ്ങൾക്കുശേഷം എച്ച്. വിനോദും അജിത്തും ഒരുമിക്കുന്ന ചിത്രമാണ് തുനിവ്.മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജുവാരിയരാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.മാസ് ഗെറ്റപ്പിൽ അജിത്ത് എത്തുന്ന ചിത്രം നിർമിക്കുന്നത് സീ സ്റ്റുഡിയോസും ബോണി കപൂറും ചേർന്നാണ്.കേരളത്തിലെ വിതരണം ഏറ്റെടുത്തിരിക്കുന്നത് ഗോകുലം മൂവീസാണ്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/JEGJcAVHnaFKIXmqq0JiAb