
പാത നിർമാണം കഴിഞ്ഞ് പന്നിയങ്കരയിൽ ടോൾ പിരിവ് തുടങ്ങിയിട്ടും മണ്ണ് കടത്ത് വ്യാപകം
വടക്കഞ്ചേരി NH 544 മണ്ണൂത്തി വടക്കഞ്ചേരി റോഡ് നിർമാണം കഴിഞ്ഞ് ടോൾ പിരിവ് തുടങ്ങി ഒരു വർഷമായിട്ടും റോഡ് നിർമാണത്തിനുള്ള മണ്ണും കല്ലും കുഴിച്ചെടുക്കൽ തുടരുന്നതായി വ്യാപക പരാതി. ചുവട്ടുപാടം ശങ്കരൻകണ്ണംതോട്ടിൽ കരാർ കമ്പനിയുടെ ഓഫീസിനടുത്തെ പ്രദേശങ്ങളിൽ നിന്നാണ് മണ്ണ് കടത്തും കല്ലുകടത്തും നിർബാധം തുടരുന്നത്. സർവീസ് റോഡ് ഉൾപ്പെടെ എല്ലാ പണികളും കഴിഞ്ഞെന്ന് കരാർ കമ്പനി തന്നെ അവകാശപ്പെടുന്ന മണ്ണുത്തി ഭാഗത്തേക്കാണ് മണ്ണ് കയറ്റി പോകുന്നത്. റോഡിൻ്റെ പണികൾ പൂർത്തിയാക്കാനുള്ള പാലക്കാട് ജില്ലയിലെ ഭാഗങ്ങളിൽ പക്ഷെ, പണികളെല്ലാം ഇപ്പോഴും മെല്ലെ പോക്കിലുമാണ്. വടക്കഞ്ചേരി – മണ്ണുത്തി ആറുവരി ദേശീയപാത നിർമാണം പൂർത്തിയായെന്ന് സ്വയം അവകാശപ്പെട്ട് കഴിഞ്ഞ മാർച്ച് ഒമ്പതിന് അർധരാത്രി മുതലാണ് ടോൾ പിരിവ് തുടങ്ങിയത്. ഇതിനിടെ കുതിരാൻ ഭാഗത്ത് റോഡ് പണി പൂർണമായി, റോഡിൽ ലൈൻ വരച്ചു എന്നൊക്കെ ചൂണ്ടിക്കാട്ടി പിന്നേയും രണ്ട് തവണ നിരക്ക് കൂട്ടി. കീപ്പ് ലെഫ്റ്റ്, ലൈൻ ട്രാഫിക് എന്നിങ്ങനെയെല്ലാം നടപ്പിലാക്കാൻ മോട്ടോർ വാഹന വകുപ്പും റീച്ച് തിരിച്ച് പോലീസുമൊക്കെ പാതകളിൽ ഉള്ളപ്പോഴാണ് ഈ കടത്ത്. രാത്രി കാലങ്ങളിൽ മറ്റിടങ്ങളിലും മണ്ണ് കടത്ത് വ്യാപകമാണ്. പ്രദേശവാസികളിൽ നിന്നും ടോൾ പിരിക്കാനുള്ള തന്ത്രങ്ങൾ മെനയുകയാണ് ഇപ്പോൾ കരാർ കമ്പനി.ശബരിമല തീർഥാടകരുടെ തിരക്ക് കഴിയുന്നതോടെ പിരിവ് തുടങ്ങാനാണ് അണിയറയിൽ നീക്കം നടക്കുന്നത്. ടോൾ പിരിക്കാൻ തങ്ങൾക്ക് താല്പര്യമില്ല എന്നാൽ കോടതി നിർബന്ധിക്കുന്നു എന്നാണ് ഇതിന് കരാർ കമ്പനി പറയുന്ന ന്യായീകരണം. തൽക്കാലം എം എൽ എ ഇടപ്പെട്ട് നീട്ടിവച്ചിരിക്കുകയാണ് പ്രദേശവാസികളിൽ നിന്നുള്ള ടോൾ പിരിവ്.
എന്തിനാണ് ഇപ്പോഴും കല്ലും മണ്ണും എടുക്കുന്നത് എന്നതിന് ഒരു ഉത്തരവും ആരും നൽകുന്നില്ല തൃശൂർ ഭാഗത്തേക്കാണ് കല്ല് കൊണ്ടുപോകുന്നത് . നിലവിൽ ഒരു പാട് കോറികൾ പ്രവർത്തനം നിലച്ചിരിക്കുന്ന സമയത്ത് ടൺ കണക്കിന് കല്ലാണ് ഇവിടെ നിന്നും കൊണ്ടുപോകുന്നതെന്ന് നാട്ടുകാർ പറയുന്നു.
പ്രാദേശിക വാർത്ത whatsapp ൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക
https://chat.whatsapp.com/JEGJcAVHnaFKIXmqq0JiAb
