പാലക്കാട് ജില്ലാ കലക്ടറായി ഡോ. എസ്. ചിത്ര ചുമതലയേറ്റു
ഡോ. എസ്. ചിത്ര പാലക്കാട് ജില്ലാ കലക്ടറായി ചുമതലയേറ്റു. ജില്ലാ കലക്ടറുടെ ചേംബറില്‍ എത്തിയ ഡോ. എസ്. ചിത്രയ്ക്ക് ദേശീയ ആരോഗ്യ ദൗത്യം ഡയറക്ടറായി ചുമതലയേല്‍ക്കുന്ന മുന്‍ ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി ഔദ്യോഗിക ചുമതല കൈമാറി. ജില്ലാ സ്ഥാനം ഏല്‍ക്കുന്നതിനായി കലക്ടറേറ്റിലെത്തിയ ജില്ലാ കലക്ടറെ എ.ഡി.എം. കെ. മണികണ്ഠന്‍ സ്വീകരിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മുന്‍ ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷിയ്ക്കുള്ള യാത്രയയപ്പ് പരിപാടിയില്‍ നടന്ന ഉദ്യോഗസ്ഥര്‍ ഔദ്യോഗിക അനുഭവങ്ങള്‍ പങ്കുവെച്ചു. എ.ഡി.എം കെ. മണികണ്ഠന്‍, ഒറ്റപ്പാലം സബ് കലക്ടര്‍ ഡി. ധര്‍മലശ്രീ, അസിസ്റ്റന്റ് കലക്ടര്‍ ഡി. രഞ്ജിത്, ഹുസൂര്‍ ശിരസ്തദാര്‍ രാജേന്ദ്രന്‍ പിള്ള, ഡെപ്യൂട്ടി കലക്ടര്‍മാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
ഉദ്യോഗസ്ഥ എന്ന നിലയില്‍ വ്യവസായം, കൃഷി തുടങ്ങി വ്യത്യസ്തവും പ്രാധാന്യവുമുള്ള മേഖലകളില്‍ ജോലി ചെയ്യാന്‍ കഴിയുന്ന സ്ഥലമാണ് പാലക്കാട് എന്ന് ചുമതലയേറ്റ ശേഷം ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര പറഞ്ഞു. ഭംഗിയുള്ള ഒരുപാട് സ്ഥലങ്ങളുള്ള ഗ്രാമീണ തനിമയുള്ള പാലക്കാട് ജില്ലയുടെ കലക്ടറായി എത്തിയതില്‍ വ്യക്തിപരമായി സന്തോഷമുണ്ട്. എല്ലാ മേഖലയിലും ശ്രദ്ധിക്കേണ്ട ഉത്തരവാദിത്തമുള്ളതു കൊണ്ടുതന്നെ ജില്ലയെ കൂടുതല്‍ മനസ്സിലാക്കി ഇടപെടലുകള്‍ ആവശ്യമുള്ള മേഖലകള്‍ ഉണ്ടെങ്കില്‍ പ്രാധാന്യം നല്‍കി പ്രവര്‍ത്തിക്കുമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. സര്‍ക്കാരിന്റെ പദ്ധതികള്‍ കൃത്യമായി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും മുന്‍ ജില്ലാ കലക്ടര്‍ തുടങ്ങിവച്ച പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതിന് പ്രാധാന്യം നല്‍കുമെന്നും അവര്‍ പറഞ്ഞു. ഓഫീസുകളിലെത്തുന്ന പൊതുജനങ്ങള്‍ സന്തോഷത്തോടെ പുഞ്ചിരിയോടെ മടങ്ങി പോകുന്ന സാഹചര്യം ഉണ്ടാക്കാനാകണം. മുന്നോട്ടു പോകുന്നതിന് എല്ലാവരുടേയും സ്നേഹവും സഹകരണമുണ്ടാകണമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.2014 ല്‍ ഐ.എ.എസ് ലഭിച്ച ഡോ. എസ്. ചിത്ര ആലപ്പുഴ സ്വദേശിനിയാണ്. മുന്‍പ് കേരള ഹെല്‍ത്ത് സര്‍വീസ് അസിസ്റ്റന്റ് സര്‍ജന്‍(2014), കൊല്ലം അസിസ്റ്റന്റ് കലക്ടര്‍, സബ് കലക്ടര്‍(2016-18), സംസ്ഥാന ഐ.ടി മിഷന്‍ ഡയറക്ടര്‍(2018-20), ലേബര്‍ കമ്മീഷണര്‍ (2020-22) എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിരുന്നു. ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറി, കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷനില്‍ എം.ഡി എന്നിവ ആയിരിക്കെയാണ് പാലക്കാട് ജില്ലാ കലക്ടറായി നിയമിതയാകുന്നത്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക
https://chat.whatsapp.com/BVJFVOpn2JA8X1duo1ZJVF