എസ്.എസ്.എല്‍.സി പരീക്ഷ 9 ന് പാലക്കാട് ജില്ലയിൽ 39239 പേര്‍ പരീക്ഷ എഴുതും

Share this News

എസ്.എസ്.എല്‍.സി പരീക്ഷ 9ന്
പാലക്കാട് ജില്ലയിൽ 39239 പേര്‍ പരീക്ഷ എഴുതും

മാര്‍ച്ച് ഒന്‍പതിന് ആരംഭിക്കുന്ന എസ്.എസ്.എല്‍.സി പരീക്ഷയില്‍ ജില്ലയില്‍ നിന്നുള്ള 39,239 വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതുമെന്ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ പി.വി മനോജ്കുമാര്‍ അറിയിച്ചു. ജില്ലയില്‍ എസ്.എസ്.എല്‍.സി പരീക്ഷ സുഗമമായി നടത്തുന്നതുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ ഡോ. എസ് ചിത്രയുടെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം യോഗം ചേര്‍ന്നിരുന്നു. 19314 പെണ്‍കുട്ടികളും 19925 ആണ്‍കുട്ടികളുമാണ് ജില്ലയില്‍ ഈ വര്‍ഷം പരീക്ഷ എഴുതുന്നത്. ജില്ലയിലെ മൂന്ന് വിദ്യാഭ്യാസ ജില്ലകളായ മണ്ണാര്‍ക്കാട് – 9078, ഒറ്റപ്പാലം – 12298, പാലക്കാട് – 17863 വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതുന്നത്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴുതുന്നത് കൊടുവായൂര്‍ ഗവ.ഹൈസ്‌കൂളിലാണ്. 776 കുട്ടികളാണ് പരീക്ഷാ കേന്ദ്രത്തില്‍ എത്തുക. ഏറ്റവും കുറവ് കുട്ടികള്‍ പരീക്ഷ എഴുതുന്നത് യാക്കര ഗവ ഹൈസ്‌കൂള്‍ – ഒറ്റപ്പാലം ഗവ. ഡഫ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലാണ്. ആറ് കുട്ടികള്‍ വീതമാണ് ഇവിടെ പരീക്ഷ എഴുതുക. സ്വകാര്യ സ്‌കൂളുകളില്‍ കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴുതുന്നത് പള്ളിപ്പുറം പരുതൂര്‍ ഹൈസ്‌കൂളിലും 876, ഏറ്റവും കുറവ് കുട്ടികള്‍ ഒറ്റപ്പാലം എം.എം.എന്‍.എസ്.എസ്.ഇ ഹൈസ്‌കൂളിലുമാണ്. ഒരു വിദ്യാര്‍ത്ഥിയാണ് ഇവിടെ പരീക്ഷ എഴുതുക. പരീക്ഷക്ക് മുന്നോടിയായി എല്ലാവിധ മുന്നൊരുക്കങ്ങളും പൂര്‍ത്തീകരിച്ചതായി വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ യോഗത്തില്‍ അറിയിച്ചു. മൂന്ന് വിദ്യാഭ്യാസ ജില്ലയ്ക്കുള്ള ചോദ്യപേപ്പറുകള്‍ സ്റ്റോറേജ് കേന്ദ്രങ്ങളില്‍ സൂക്ഷിച്ചതായും പരീക്ഷാ ദിവസം പോലീസിന്റെ സുരക്ഷയോടെ വിദ്യാലയങ്ങളില്‍ ചോദ്യപേപ്പറുകള്‍ എത്തിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

സ്‌കൂളുകളില്‍ കുടിവെള്ളം ഏര്‍പ്പെടുത്തും. വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളുകളില്‍ കൃത്യസമയത്ത് എത്തുന്നതിന് വാഹന സൗകര്യം ഉറപ്പാക്കാന്‍ ആര്‍.ടി.ഒക്ക് ജില്ലാ കലക്ടര്‍ യോഗത്തില്‍ നിര്‍ദേശം നല്‍കി. പട്ടികവര്‍ഗ്ഗ-പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള എം.ആര്‍.എസ് ഹോസ്റ്റലുകളിലെ വിദ്യാര്‍ത്ഥികള്‍ എല്ലാവരും പരീക്ഷ എഴുതുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് ജില്ലാ കലക്ടര്‍ യോഗത്തില്‍ വകുപ്പ് അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി. എം.ആര്‍.എസ് ഹോസ്റ്റല്‍ വാര്‍ഡന്മാര്‍ക്കും മേഖലയിലെ പ്രമോട്ടര്‍മാര്‍ക്കും ഇത് സംബന്ധിച്ച് പ്രത്യേക നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും പരീക്ഷാ തയ്യാറെടുപ്പിനുള്ള മുന്‍കരുതലുകള്‍ സ്വീകരിച്ചതായും പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന വകുപ്പ് അധികൃതര്‍ യോഗത്തില്‍ അറിയിച്ചു.

സൂര്യാഘാതം: വിദ്യാര്‍ത്ഥികള്‍ ജാഗ്രത പാലിക്കണം: ജില്ലാ കലക്ടര്‍

സൂര്യാഘാതത്തില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ ഡോ.എസ് ചിത്ര അറിയിച്ചു. ജില്ലയില്‍ ചൂട് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ വെയിലത്ത് നില്‍ക്കരുത്. സൂര്യാഘാതം ഏല്‍ക്കാതെ ശ്രദ്ധിക്കണം. പരീക്ഷക്കെത്തുന്ന വിദ്യാര്‍ത്ഥികള്‍ ആവശ്യത്തിന് വെള്ളം കരുതണം. കുട കൈയ്യില്‍ കരുതണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

വിദ്യാര്‍ത്ഥികള്‍ക്ക് ആശംസ നേര്‍ന്ന് ജില്ലാ കലക്ടര്‍

എസ്.എസ്.എല്‍.സി പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ജില്ലാ കലക്ടര്‍ ഡോ എസ്. ചിത്ര ആശംസകള്‍ നേര്‍ന്നു. പരീക്ഷ പേടി വേണ്ടെന്നും ആത്മവിശ്വാസത്തോടെ പരീക്ഷ നേരിടണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക👇https://chat.whatsapp.com/BlRwYO61r6xDGz46JgoPzo


Share this News
error: Content is protected !!