
നടൻ മാമുക്കോയ അന്തരിച്ചു
മലയാള സിനിമയില്‍ ഹാസ്യത്തിന്റെ വേറിട്ട ശൈലിയുമായി നാല് പതിറ്റാണ്ടോളം നിറഞ്ഞു നിന്ന നടന്‍ മാമുക്കോയ (76) അന്തരിച്ചു. ഹൃദയാഘാതത്തോടൊപ്പം തലച്ചോറിലുണ്ടായ രക്തസ്രാവമാണ് മരണകാരണം.
ജീവിതത്തിലും സിനിമയിലും നടന്റെ നാട്യങ്ങളൊന്നുമില്ലാത്ത തനി കോഴിക്കോട്ടുകാരനായിരുന്നു മാമുക്കോയ. സ്നേഹത്തിന്റെ കോഴിക്കോടൻ ഭാഷ സംസാരിച്ച, നന്മനിറഞ്ഞ കലാകാരൻ. നാടകത്തിലൂടെ സിനിമയിലെത്തിയ അദ്ദേഹം ഹാസ്യവേഷങ്ങളിലും കാരക്ടർ റോളുകളിലും മികച്ച പ്രകടനം കാഴ്ചവച്ചു. കോഴിക്കോട്ടെ സാംസ്കാരിക കൂട്ടായ്മകളിൽ അദ്ദേഹം എന്നും സജീവമായിരുന്നു.
ഒരുകാലഘട്ടത്തിലെ കോഴിക്കോടിന്റെ സാഹിത്യ, സാംസ്കാരിക ജീവിതം കണ്ടും കേട്ടും അനുഭവിച്ചും അറിഞ്ഞതിന്റെ ഉള്ളാഴമുണ്ടായിരുന്നു മാമുക്കോയയുടെ ജീവിതക്കാഴ്ചകൾക്ക്. വൈക്കം മുഹമ്മദ് ബഷീർ, എസ്.കെ പൊറ്റക്കാട്, എംഎസ് ബാബുരാജ് തുടങ്ങിയവരുമായി ഏറെ അടുത്ത സൗഹൃദവും അദ്ദേഹത്തിനുണ്ടായിരുന്നു. സിനിമയിലെ ഹാസ്യ കഥാപാത്രത്തിന്റെയല്ല സമകാലിക സംഭവവികാസങ്ങളെ സൂക്ഷ്മമായി വിലയിരുത്തുന്ന, അവയിൽ കൃത്യവും വ്യക്തവുമായ നിലപാടുകളുള്ള ഗൗരവക്കാരനായ സാമൂഹ്യനിരീക്ഷകന്റെ റോളായിരുന്നു യഥാർഥ ജീവിതത്തിൽ മാമുക്കോയയുടേത്. സാമൂഹികപരവും മതപരവും രാഷ്ട്രീയപരവുമായ അഭിപ്രായങ്ങളും അഭിപ്രായവ്യത്യാസങ്ങളും ഉറക്കെ പ്രകടിപ്പിക്കാൻ അദ്ദേഹം ഒരിക്കലും മടിച്ചില്ല.
കോഴിക്കോട് പള്ളിക്കണ്ടിയിൽ മമ്മദിൻറെയും ഇമ്പിച്ചി ആയിഷയുടെയും മകനായി 1946 ജൂലൈ അഞ്ചിനായിരുന്നു ജനനം. സുഹ്റയാണ് ഭാര്യ. മക്കൾ: മുഹമ്മദ് നിസാർ, ഷാഹിദ, നാദിയ, അബ്ദുൾ റഷീദ്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/KsatOTHwzW15GiOqEhrUnV

