തരൂർ മണ്ഡലത്തിൽ മെറിറ്റ് വിജയോത്സവവും കരിയർ ഗൈഡൻസ് ക്ലാസും
പി.പി സുമോദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു
തരൂർ നിയോജകമണ്ഡലത്തിൽ മെറിറ്റ് എന്ന പേരിൽ പി.പി സുമോദ് എം.എൽ.എ നടപ്പാക്കുന്ന വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ സമ്പൂർണ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി വിജയോത്സവവും കരിയർ ഗൈഡൻസ് ക്ലാസും സംഘടിപ്പിച്ചു. വടക്കഞ്ചേരി ഇ.എം.എസ് സ്മാരക കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം പി.പി സുമോദ് എം.എൽ.എ നിർവഹിച്ചു. വിദ്യാർത്ഥികൾക്ക് മികച്ച തൊഴിലിന് ആവശ്യമായ പ്രോത്സാഹനവും സഹായവും നൽകുമെന്ന് എം.എൽ.എ. പറഞ്ഞു. വിദ്യാർത്ഥികൾ കൃത്യമായ ചിട്ടയുള്ള പഠനക്രമവും ജീവിതക്രമവും ഉണ്ടാക്കിയെടുക്കണം. തൊഴിൽ മേഖലയിൽ ഉണ്ടായേക്കാവുന്ന മാറ്റം മുന്നിൽക്കണ്ട് ഉന്നത വിദ്യാഭ്യാസ മേഖലയിൽ ശ്രദ്ധേയമായ മാറ്റങ്ങൾ സർക്കാർ കൊണ്ടുവന്നുകൊണ്ടിരിക്കുന്നതായും എം.എൽ.എ പറഞ്ഞു.
ഇഷ്ടമുള്ള ജോലി ചെയ്യുന്നതിൽ ലഹരി കണ്ടെത്താൻ കഴിയണമെന്ന് പരിപാടിയിൽ പങ്കെടുത്തുകൊണ്ട് ജില്ലാ കലക്ടർ ഡോ. എസ്. ചിത്ര പറഞ്ഞു. ഇഷ്ടപ്പെട്ട ജോലി തെരഞ്ഞെടുക്കുക ജീവിതത്തിൽ പ്രധാനമാണ്. അതിന്റെ ആദ്യ ചുവടുവയ്പ്പാണ് തുടർപഠനം. സ്വന്തം അഭിരുചിക്കനുസരിച്ച് താത്പര്യമുള്ള വിഷയം കണ്ടെത്തി കൃത്യമായ പരിശ്രമത്തിലൂടെ ഇഷ്ടപ്പെട്ട തൊഴിൽ തെരഞ്ഞെടുക്കാൻ കുട്ടികൾക്കാകണം. ലഹരി ഉപയോഗം ഉണ്ടാവരുതെന്നും ജില്ലാ കലക്ടർ പറഞ്ഞു.
എസ്.എസ്.എൽ.സി പരീക്ഷയിൽ മണ്ഡലത്തിൽ സമ്പൂർണ വിജയം നേടിയ 14 വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രധാനധ്യാപകർ അനുമോദനം ഏറ്റുവാങ്ങി. തുടർന്ന് എസ്.എസ്.എൽ.സിയിൽ സമ്പൂർണ എ പ്ലസ് നേടിയ 342 വിദ്യാർത്ഥികളെയും പ്ലസ് ടുവിൽ സമ്പൂർണ എ പ്ലസ് നേടിയ 137 വിദ്യാർത്ഥികളെയും അനുമോദിച്ചു. തരൂർ മണ്ഡലത്തിലെ 14 വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എസ്.എസ്.എൽ.സിയിൽ 99.7, പ്ലസ് ടു വിൽ 12 വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 78.42 എന്നിങ്ങനെയാണ് വിജയശതമാനം.
പരിപാടിയിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ ചാമുണ്ണി അധ്യക്ഷനായി. ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ബാബു, വൈസ് പ്രസിഡന്റ് കെ.സി ബിനു, വടക്കഞ്ചേരി, കോട്ടായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ലിസി സുരേഷ്, എ. സതീഷ്, മെറിറ്റ് വിദ്യാഭ്യാസ പദ്ധതി കൺവീനർ ജയപ്രകാശ്, വാസുദേവൻ പിള്ള, സുകുമാരൻ എന്നിവർ സംസാരിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/I1gnE4VxnUOLe0LZzSxBM2