സെപ്റ്റംബര്‍ 15 വരെ ആധാറുകള്‍ പുതുക്കാം

Share this News

10 വര്‍ഷം കഴിഞ്ഞ ആധാറുകള്‍ പുതുക്കി ആധാര്‍ ഉപയോഗിച്ചുള്ള തട്ടിപ്പുകള്‍ക്ക് തടയിടാം

സെപ്റ്റംബര്‍ 15 വരെ ആധാറുകള്‍ പുതുക്കാം

ഓരോ 10 വര്‍ഷം കൂടുമ്പോഴും ആധാര്‍ നമ്പര്‍ ഉടമകള്‍ക്ക് തിരിച്ചറിയല്‍ രേഖ (പി.ഒ.ഐ-പ്രൂഫ് ഓഫ് ഐഡന്റിറ്റി), മേല്‍വിലാസ രേഖകള്‍ (പി.ഒ.എ-പ്രൂഫ് ഓഫ് അഡ്രസ്) ഉപയോഗിച്ച് ആധാര്‍ പുതുക്കി ആധാര്‍ രേഖ ഉപയോഗിച്ചുള്ള തട്ടിപ്പുകള്‍ക്ക് തടയിടാവുന്നതാണ്. സെപ്റ്റംബര്‍ 15 വരെ ആധാറുകള്‍ പുതുക്കാന്‍ അവസരമുണ്ട്.

ചുവടെ കൊടുക്കുന്ന പ്രകാരം ആധാര്‍ ഓണ്‍ലൈനായി സ്വയം പുതുക്കാം

* ആദ്യം myaadhaar.uidai.gov.in ല്‍ നിങ്ങളുടെ ആധാര്‍ നമ്പറും ഒ.ടി.പിയും നല്‍കി ലോഗിന്‍ ചെയ്യുക

* രേഖകള്‍ അപ്‌ഡേറ്റ് ചെയ്യുന്നതിന് നിങ്ങളുടെ തിരിച്ചറിയല്‍ രേഖയും വിലാസം തെളിയിക്കുന്ന രേഖയും വേണം. ആധാര്‍ കാര്‍ഡിലുള്ള അതേ പേര് വരുന്ന തിരിച്ചറിയല്‍ കാര്‍ഡുകളാണ് ഉപയോഗിക്കേണ്ടത്. തിരിച്ചറിയല്‍ രേഖകളായി ഉപയോഗിക്കാവുന്നവ-വോട്ടര്‍ ഐഡി, പാന്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, റേഷന്‍ കാര്‍ഡ് (ഗൃഹനാഥക്ക് മാത്രം), ഡ്രൈവിങ് ലൈസന്‍സ്, പെന്‍ഷന്‍ കാര്‍ഡ്, ഡിസബിലിറ്റി കാര്‍ഡ് എന്നിവ.
വിലാസം തെളിയിക്കുന്ന രേഖകളായി ഉപയോഗിക്കാവുന്നവ-വോട്ടര്‍ ഐഡി കാര്‍ഡ്, പാസ്‌പോര്‍ട്ട്, ബാങ്ക് പാസ്ബുക്ക് (ദേശസാത്കൃത ബാങ്കിലെ അപേക്ഷകന്‍/അപേക്ഷകയുടെ ഫോട്ടോ വരുന്ന മുന്‍പേജ്), കിസാന്‍ പാസ്ബുക്ക്, വിവാഹ സര്‍ട്ടിഫിക്കറ്റ്, മൂന്ന് മാസത്തിനുള്ളിലുള്ള വൈദ്യുത ബില്‍, വാട്ടര്‍ ബില്‍, പാചകവാതക കണക്ഷന്‍ ബില്‍, ടെലിഫോണ്‍ ബില്‍ തുടങ്ങിയവ.

* ശേഷം പേര്, ജനനതീയതി, ലിംഗഭേദം, വിലാസം തുടങ്ങിയ പ്രദര്‍ശിപ്പിച്ചിരിക്കുന്ന വിശദാംശങ്ങള്‍ നിങ്ങള്‍ അപ്ലോഡ് ചെയ്യാന്‍ ആഗ്രഹിക്കുന്ന പി.ഒ.ഐ/പി.ഒ.എ രേഖകളുമായി പൊരുത്തപ്പെടുന്നുണ്ടെന്ന് സ്ഥിരീകരിക്കുക.

* യു.ആര്‍.എന്‍ നമ്പര്‍ രശീതി ഡൗണ്‍ലോഡ് ചെയ്ത് ഭാവി ആവശ്യങ്ങള്‍ക്കായി സേവ് ചെയ്യുക

* സബ്മിറ്റ് ചെയ്യുന്നതിന് മുന്‍പ് നിങ്ങളുടെ വിശദാംശങ്ങള്‍ വീണ്ടും പരിശോധിക്കുക

അക്ഷയകേന്ദ്രങ്ങളിലും ആധാര്‍ പുതുക്കാവുന്നതാണ്

* അടുത്തുള്ള അക്ഷയകേന്ദ്രം കണ്ടെത്തുക

* ആധാര്‍ പുതുക്കുന്നതിന് അസല്‍ തിരിച്ചറിയല്‍ രേഖയും മേല്‍വിലാസം തെളിയിക്കുന്ന യഥാര്‍ത്ഥ രേഖയും (പി.ഒ.ഐ-പ്രൂഫ് ഓഫ് ഐഡന്റിറ്റി) വിലാസത്തിന്റെ തെളിവും (പി.ഒ.എ-പ്രൂഫ് ഓഫ് അഡ്രസ്) രേഖകളും കൊണ്ടുപോകുക

* തിരിച്ചറിയല്‍, മേല്‍വിലാസ രേഖകള്‍ അനുസരിച്ചുള്ള വിവരങ്ങള്‍ കൃത്യമായി എന്റോള്‍മെന്റ് ഫോമില്‍ പൂരിപ്പിക്കുക

* ഇ.ഐ.ഡി നമ്പര്‍ അടങ്ങിയ രശീതി സ്വീകരിച്ച് 50 രൂപ ഫീസ് അടക്കുക.

* സമര്‍പ്പിക്കുന്നതിന് മുന്‍പ് സ്‌ക്രീനില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന നിങ്ങളുടെ ഡെമോഗ്രാഫിക് വിവരങ്ങള്‍ പരിശോധിക്കുക.

കൂടുതല്‍ വിവരങ്ങള്‍ ചുവടെ:

*എന്‍.ആര്‍.ഐ വിഭാഗക്കാര്‍ ആധാര്‍ പുതുക്കേണ്ടതുണ്ടോ ?

എന്‍.ആര്‍.ഐ വിഭാഗക്കാര്‍ ഇന്ത്യയിലെത്തുന്ന മുറയ്ക്ക് ആധാര്‍ പുതുക്കേണ്ടതാണ്.

*10 വര്‍ഷം കഴിഞ്ഞ ആധാറുകള്‍ പുതുക്കിയ ശേഷം പുതിയവ ലഭിക്കുമോ ?

പുതിയ ആധാര്‍ കാര്‍ഡ് ലഭിക്കില്ല. പുതുക്കിയ ശേഷവും നിങ്ങളുടെ ആധാര്‍ നമ്പര്‍, ആധാര്‍ കാര്‍ഡ് എന്നിവ എപ്പോഴും അതേപടി നിലനില്‍ക്കും.

*10 വര്‍ഷം കഴിഞ്ഞ ആധാര്‍ പുതുക്കലിനായി പൊതുജനങ്ങള്‍ എന്താണ് ചെയ്യേണ്ടത് ?

ആധാര്‍ സേവനം നല്‍കുന്ന നിങ്ങളുടെ തൊട്ടടുത്ത അക്ഷയകേന്ദ്രങ്ങളെ സമീപിക്കാം. അല്ലെങ്കില്‍ മേല്‍പറഞ്ഞ വിധം സ്വയം പുതുക്കാവുന്നതാണ്.

*ആധാറില്‍ മൊബൈല്‍ നമ്പര്‍ ചേര്‍ക്കേണ്ടതുണ്ടോ?

ആധാര്‍ ഒരു ഡിജിറ്റല്‍ ഐഡന്റിറ്റിയായി ഉപയോഗിക്കുന്നതിനും ആധാറുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്ക് ഒ.ടി.പി ലഭിക്കുന്നതിനും ആധാര്‍ രജിസ്‌ട്രേഷന് വേണ്ടി ഉപയോഗിച്ച മൊബൈല്‍ നമ്പര്‍ നിര്‍ബന്ധമാണ്.

ആധാര്‍ പുതുക്കിയാലുള്ള ഗുണങ്ങള്‍ ഇപ്രകാരം

* ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതി പ്രകാരം ഗുണഭോക്താക്കള്‍ക്ക് രാജ്യത്ത് എവിടെ നിന്നും റേഷന്‍ ലഭിക്കും

* ഏകദേശം 1100 സര്‍ക്കാര്‍ പദ്ധതികള്‍/പ്രോഗ്രാമുകള്‍ എന്നിവയുടെ പ്രയോജനം ലഭിക്കും

* ബാങ്ക് അക്കൗണ്ടുകള്‍ തുറക്കാന്‍ എളുപ്പമാകും

* വിവിധ സ്‌കോളര്‍ഷിപ്പ് പ്രോഗ്രാമുകള്‍ക്കായുള്ള പ്രവേശനം ലളിതമാകും

* വായ്പാ അപേക്ഷകള്‍ ബാങ്കുകള്‍ കൂടുതല്‍ വേഗത്തില്‍ പ്രോസസ് ചെയ്തേക്കാം

* നിങ്ങളൊരു നികുതിദായകനാണെങ്കില്‍ നിങ്ങളുടെ ഐ.ടി റിട്ടേണുകള്‍ എളുപ്പത്തില്‍ ഇ-വെരിഫൈ ചെയ്യാം.

നവജാത ശിശുക്കള്‍ക്കും ആധാര്‍ എടുക്കാം

നവജാത ശിശുക്കള്‍ക്കും ആധാര്‍ എടുക്കാവുന്നതാണ്. ആധാറിന് കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റ്, കുട്ടിയുടെ മാതാപിതാക്കളുടെ ബയോമെട്രിക് വിവരങ്ങള്‍- ആധാര്‍ എന്നിവ ആവശ്യമാണ്. നിലവില്‍ അക്ഷയകേന്ദ്രങ്ങള്‍ മുഖേനയാണ് നവജാത ശിശുക്കള്‍ക്ക് ആധാര്‍ എടുക്കുന്നത്.പൂജ്യം മുതല്‍ അഞ്ച് വയസുവരെയുള്ള കുട്ടികളുടെ ആധാര്‍ എന്റോള്‍മെന്റ് സമയത്ത് അവരുടെ ബയോമെട്രിക്സ് വിവരങ്ങള്‍ ശേഖരിക്കുന്നില്ല. അങ്കണവാടികള്‍ കേന്ദ്രീകരിച്ച് കുട്ടികള്‍ക്കായി ആധാര്‍ ക്യാമ്പുകള്‍ സജ്ജീകരിക്കുന്ന പ്രവര്‍ത്തനം പ്രാരംഭഘട്ടത്തിലാണ്. വനിത ശിശു വികസന വകുപ്പ് മുഖേനെ ആധാര്‍ എടുക്കാത്ത കുട്ടികളുടെ വിവരങ്ങള്‍ ശേഖരിക്കാനുള്ള പ്രാരംഭഘട്ടത്തിലാണെന്ന് ഐ.ടി മിഷന്‍ ജില്ലാ പ്രോജക്ട് മാനേജര്‍ ടി. തനൂജ് അറിയിച്ചു.

കുട്ടികളുടെ ആധാറും നിര്‍ബന്ധമായി പുതുക്കണം

അഞ്ച്, 15 വയസിലാണ് പുതുക്കേണ്ടത്

കുട്ടികളുടെ ആധാര്‍ പുതുക്കല്‍ അഞ്ചാം വയസിലും പതിനഞ്ചാം വയസിലുമായിട്ടാണ് നടത്തേണ്ടത്. കൈ വിരലടയാളം, ഐറിസ് ബയോമെട്രിക് വിവരങ്ങള്‍, ഫോട്ടോ എന്നിവ അപ്‌ലോഡ് ചെയ്തുകൊണ്ടാണ് പുതുക്കുക. ഇതിനായി കുട്ടികളുടെ അസല്‍ ആധാര്‍ മാത്രമാണ് രേഖയായി വേണ്ടത്. അഞ്ച് മുതല്‍ ഏഴ് വയസുവരെയും 15-17 വയസുവരെയും ആധാര്‍ പുതുക്കല്‍ സൗജന്യമായി നടത്താം. ഏഴ് മുതല്‍ 14 വയസുവരെയും 17 വയസിന് ശേഷവും ആധാര്‍ പുതുക്കല്‍ 100 രൂപയാണ് സേവന ചാര്‍ജ്ജ്. പാലക്കാട് ജില്ലയില്‍ അക്ഷയകേന്ദ്രങ്ങളുടെ സഹകരണത്തോടെ വിദ്യാലയങ്ങളിലൂടെയും ആധാര്‍ പുതുക്കല്‍ നടക്കുന്നുണ്ട്. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ ജില്ലയില്‍ 850-ഓളം കുട്ടികള്‍ ആധാര്‍ പുതുക്കിയതായി ഐ.ടി മിഷന്‍ ജില്ലാ പ്രോജക്ട് മാനേജര്‍ ടി. തനൂജ് അറിയിച്ചു.

ആധാര്‍ പുതുക്കല്‍: സംശയനിവാരണത്തിന് 0491-2547820 ല്‍ ബന്ധപ്പെടാം

ഡി.ഐ.ഒ പാലക്കാട് എഫ്.ബി പേജ് ഇന്‍ബോക്‌സിലും കമന്റ് ബോക്‌സിലും സംശയം ചോദിക്കാം

ആധാര്‍ പുതുക്കലുമായി ബന്ധപ്പെട്ട സംശയ നിവാരണത്തിന് പൊതുജനങ്ങള്‍ക്ക് അക്ഷയ ജില്ലാ ഓഫീസിന്റെ 0491 2547820 എന്ന നമ്പറില്‍ വിളിക്കാം. കൂടാതെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജായ ഡിഐഒ പാലക്കാടിന്റെ ഇന്‍ബോക്‌സ്, കമന്റ് ബോക്‌സിലും സംശയങ്ങള്‍ ചോദിക്കാവുന്നതാണ്. മുഖേനയും സംശയങ്ങള്‍, ചോദ്യങ്ങള്‍ തുടങ്ങിയവ കമന്റ് ആയി അറിയിക്കാം. കൃത്യമായ മറുപടിയും പ്രാധാന്യമുള്ളവ വാര്‍ത്തയായും നല്‍കുന്നതാണ്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/I1gnE4VxnUOLe0LZzSxBM2


Share this News
error: Content is protected !!