വൈദ്യുതി ഉപകരണങ്ങള്‍ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടതെന്ന് ജനങ്ങള്‍ക്ക് അറിയിച്ചുകൊടുക്കേണ്ടത് ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്വമാണെന്ന് ജില്ലാ കലക്ടര്‍ എസ്. ചിത്ര. പൊതുജനങ്ങള്‍ക്കിടയില്‍ വൈദ്യുതി അവബോധം സൃഷ്ടിക്കുന്നതിനായി ജൂലൈ രണ്ട് വരെ സംഘടിപ്പിക്കുന്ന ദേശീയ വൈദ്യുതി സുരക്ഷാ വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു ജില്ലാ കലക്ടര്‍. വൈദ്യുതിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ അപകടങ്ങളുണ്ടാകുന്നത് പാലക്കാട് ജില്ലയിലാണ്. അത് ബോധവത്ക്കരണത്തിന്റെ പ്രസക്തിയാണ് കാണിക്കുന്നത്. സുരക്ഷാ ബോധവത്ക്കരണം ഒരാഴ്ച കൊണ്ട് തീരേണ്ടതല്ലെന്നും ഇതൊരു തുടക്കമാവണമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.
അപകടം സംഭവിച്ചതിന് ശേഷം നല്‍കുന്ന പ്രാഥമിക ശുശ്രൂഷയെക്കുറിച്ച് മാത്രമല്ല ഒപ്പം സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ച് കൂടി ജനങ്ങളിലേക്ക് എത്തിക്കണം. അതിനായി ജനങ്ങളുമായി അടുത്ത് ഇടപഴകുന്ന വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്ക് ക്ലാസുകള്‍ നല്‍കിയതിന് ശേഷം പൊതുജനങ്ങള്‍ക്ക് ബോധവത്ക്കരണ ക്ലാസുകള്‍ നല്‍കണം. ജനങ്ങള്‍ കൂടുതല്‍ എത്തുന്ന ഓഫീസുകളിലും മറ്റും വൈദ്യുതി സുരക്ഷയെ കുറിച്ച് ലഘുപോസ്റ്ററുകള്‍ സ്ഥാപിക്കണമെന്നും വൈദ്യുതി സുരക്ഷ പ്രധാന സംസാരവിഷയമായി മാറേണ്ടതുണ്ടെന്നും ജില്ലാ കലക്ടര്‍ കൂട്ടിച്ചേര്‍ത്തു.
ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റിന്റെ ആഭിമുഖ്യത്തില്‍ കെ.എസ്.ഇ.ബി.എല്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്സ്, എനര്‍ജി മാനേജ്മെന്റ് സെന്റര്‍, അനെര്‍ട്ട്, ഇ.എം.സി, സേഫ്റ്റി കൗണ്‍സില്‍ എന്നീ വകുപ്പുകളുടെ സഹകരണത്തോടെയാണ് സുരക്ഷാ വാരാചരണം നടക്കുന്നത്. ‘ഇലക്ട്രിക്കല്‍ സേഫ്റ്റി-ഡോണ്‍ഡ് കോംപ്രമൈസ്, ബീ വൈസ്’ എന്നതാണ് ഈ വര്‍ഷത്തെ സുരക്ഷാ മുദ്രാവാക്യം. പരിപാടിയില്‍ ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് അസിസ്റ്റന്റ് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ പി. നൗഫല്‍ വൈദ്യുതി സുരക്ഷയെ കുറിച്ച് ബോധവത്ക്കരണ ക്ലാസെടുത്തു.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ കെ.ടി സന്തോഷ് അധ്യക്ഷനായി. ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ് ഇന്‍സ്പെക്ടര്‍ എ. കണ്ണയ്യന്‍, കെ.എസ്.ഇ.ബി.എല്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ കെ.കെ ബൈജു, ജില്ലാ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്റ്റേഷന്‍ ഓഫീസര്‍ അര്‍ജുന്‍ കൃഷ്ണന്‍, ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ എം. ഗിരീഷ്, ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് ഡെപ്യൂട്ടി ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ പി. ഷീന എന്നിവര്‍ പങ്കെടുത്തു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/I1gnE4VxnUOLe0LZzSxBM2q